ഓസ്ലോ: മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എങ്ങോട്ട് മുങ്ങി? 39 കാരനായ സംരംഭകന്റെ വീട്ടുകാര്‍ക്ക് പോലും വിവരമില്ല. ലെബനനില്‍ ഹിസ്ബുളളയെ ലാക്കാക്കി പൊട്ടിത്തറിച്ച പേജറുകളുടെ ഭാഗങ്ങള്‍ തായ് വാനില്‍ നിന്ന് എത്തിക്കാനും നിര്‍മ്മിക്കാനും സഹായിച്ച നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സണ്‍ ജോസ്. റിന്‍സണ്‍ ജോസിനെ സംരക്ഷിക്കുന്നത് ഇസ്രയേലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 17നാണ് ഹിസ്ബുള്ളയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പജര്‍ സ്ഫോടനമുണ്ടായത്.

Behind the dismantling of Hezbollah:Decades of Israeli intelligence: എന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തിലാണ് റിന്‍സണെ കുറിച്ചും പരാമര്‍ശമുള്ളത്. 'പേജര്‍ സ്‌ഫോടനം ഉണ്ടായ സമയത്ത് മൊസാദിന്റെ കമ്പനികളില്‍ ഒന്നിന്റെ തലവനായിരുന്ന റിന്‍സണ്‍ ജോസ് ബോസ്റ്റണില്‍ ഒരു ടെക്‌നോളജി കോണ്‍ഫന്‍സില്‍ പങ്കെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കകം ജോസിനെ മൊസാദ് ഓപ്പറേഷനിലെ പങ്കാളിയായി ചിത്രീകരിച്ച് വാര്‍ത്തകള്‍ വന്നു. റിന്‍സണ്‍ ജോസിനെ ചോദ്യം ചെയ്യാനായി നോര്‍വേക്ക് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് നോര്‍വീജിയന്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കി. ഇസ്രയേല്‍ അധികൃതര്‍ യുഎസിലെ ബൈഡന്‍ സര്‍ക്കാരില്‍ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തി റിന്‍സണ്‍ ജോസ് നോര്‍വേയിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് ഉറപ്പാക്കി. ഇപ്പോള്‍ ജോസ് എവിടെയെന്ന് ഇസ്രയേലി അധികൃതര്‍ വെളിപ്പെടുത്തുന്നില്ല,. സുരക്ഷിത സ്ഥലത്താണ് അദ്ദേഹം എന്നുമാത്രമാണ് ഒരുമുതിര്‍ന്ന ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞത്- ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പത്ത് വര്‍ഷം മുന്‍പാണ് റിന്‍സണ്‍ വയനാട്ടില്‍നിന്ന് നോര്‍വേയിലേക്ക് കുടിയേറി പൗരത്വം നേടിയത്. ഒരു വര്‍ഷം മുന്‍പ് റിന്‍സണ്‍ നാട്ടില്‍ വന്നുപോയിരുന്നു എന്നാണ് വിവരം.


ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കിയ ഹിസ്ബുള്ള ആശയവിനിമയത്തിനു പ്രധാനമായും ഉപയോഗിച്ചിരുന്നത് മെസേജിങ് ഉപകരണമായ പേജറുകളെയായിരുന്നു. ഇതു മനസിലാക്കിയാണ് പേജര്‍ ശൃംഖലയില്‍ സ്ഫോടന പരമ്പരകള്‍ തന്നെ നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിട്ടതെന്നും ഇതില്‍ റിന്‍സണ്‍ സഹായം നല്‍കിയിട്ടുണ്ടെന്നുമാണ് സംശയം.

ഷെല്‍ കമ്പനികളുടെ മറവിലാണ് ഹിസ്ബുള്ളയ്ക്ക് സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ച പേജറുകള്‍ നല്‍കിയത്. മുന്‍നിര പേജര്‍ കമ്പനിയായ തായ്വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന ബ്രാന്‍ഡ് ഇതിനായി ഉപയോഗിച്ചു. എന്നാല്‍, ആയുധം എന്ന നിലയില്‍ ഉപയോഗിക്കാനുള്ള പേജറുകള്‍ നിര്‍മിച്ചതാകട്ടെ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്, ബള്‍ഗേറിയയിലെ സോഫിയയില്‍ പ്രവര്‍ത്തിച്ചിരുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയാണ്. ഇതില്‍ നോര്‍ട്ട ഗ്ലോബല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിന്‍സണ്‍ ജോസിന്റെ പേരിലായിരുന്നു.




ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് പേജര്‍ നിര്‍മാണ ലൈസന്‍സ് സ്വന്തമാക്കുകയാണ് ബി എ സി കണ്‍സല്‍ട്ടിങ് ചെയ്തത്. മൊസാദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇസ്രയേലിലാണ് ഇവ നിര്‍മിച്ചതെന്നും കരുതപ്പെടുന്നു. മൊസാദ് ഏര്‍പ്പാടാക്കിയ ഇടനിലക്കാരും ഏജന്റുമാരുമാണ് പുതിയ മോഡല്‍ പേജറുകളുടെ പ്രത്യേകതകള്‍ പറഞ്ഞ് ഹിസ്ബുള്ളയുമായി കരാര്‍ ഉറപ്പിച്ചതെന്നും കരുതുന്നു. ഈ ഇടപാടിലാണ് റിന്‍സന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയുടെ ഇടപെടല്‍ സംശയിക്കുന്നത്.

2012 സെപ്റ്റംബറിലാണ് ഈ വയനാട്ടുകാരന്‍ നോര്‍വേയില്‍ എത്തിയത്. ഓസ്ലോയില്‍ ഭാര്യക്കൊപ്പമായിരുന്നു മുമ്പ് താമസം. നോര്‍വീജിയന്‍ പൗരത്വമുണ്ട്. നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് ഷെല്‍ കമ്പനിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പേജര്‍ നിര്‍മ്മാണത്തിന് ഹംഗേറിയന്‍ കമ്പനിയായ ബി എ സി ഉടമ ക്രിസ്ത്യാന ആര്‍കിഡിയകോണോ ബര്‍സോണിക്ക് 13 ലക്ഷം ഡോളര്‍ കൈമാറിയത് റിന്‍സന്റെ കമ്പനിയാണെന്ന് പറയുന്നു.

ലണ്ടനിലെ ഇമിഗ്രേഷന്‍ അഡൈ്വസറി സ്ഥാപനത്തിലാണ് ഓസ്ലോയില്‍ എത്തും മുമ്പ് രണ്ടുവര്‍ഷം റിന്‍സണ്‍ ജോലി ചെയ്തിരുന്നത്. സംഭവം നടക്കുന്നതിന് മുമ്പ് ഏതാനും മാസങ്ങളായി അയല്‍ക്കാര്‍ റിന്‍സണെ കണ്ടിരുന്നില്ല. ലെബനനിലെ പേജര്‍ ബോംബുമായി ബന്ധപ്പെട്ട് റിന്‍സന്റെ പേരുകേട്ടത് ഞെട്ടലുണ്ടാക്കിയെന്ന് ഒരു സുഹൃത്ത് പ്രതികരിച്ചിരുന്നു. വളരെ ഹൃദയാലുവായ മനുഷ്യന്‍ എന്നാണ് ഈ പെണ്‍സുഹൃത്ത് റിന്‍സണെ വിശേഷിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യാനായി തന്റെ മുടി നീട്ടി വളര്‍ത്തിയ റിന്‍സണെ അവര്‍ ഓര്‍ക്കുന്നു.

ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമായ നോര്‍ട്ടല്‍ ലിങ്ക് എന്നിവയടക്കം നിരവധി കമ്പനികളുടെ നടത്തിപ്പിനൊപ്പം നോര്‍വീജിയന്‍ മാധ്യമ സ്ഥാപനമായ ഓസ്ലോയിലെ ഡിഎന്‍ മീഡിയ ഗ്രൂപ്പ് എന്നിവയിലും റിന്‍സണ്‍ ജോസ് ജോലി ചെയ്യുന്നുണ്ട്. നോര്‍വേയിലെ ഇന്ത്യന്‍ സ്പോര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തിപ്പ് ചുമതലയും ജോസിനാണ്.