- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മണിക്കൂറോളം പ്രധാനമന്ത്രിയെ കണ്ടിട്ടും പിണറായി തിരുവാ തുറന്നില്ല; ഹെൽപ്പ് ഡെസ്ക്കുകൾ പേരിന് മാത്രം; സ്ഥലപരിശോധന ഒന്നുമായില്ല; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകാൻ ഇനി പത്ത് ദിവസം പോലുമില്ല; ബഫർസോണിലെ സർക്കാറിന്റെ ഉരുണ്ടുകളി കർഷകനെ കൊലയ്ക്ക് കൊടുക്കുമ്പോൾ
ന്യൂഡൽഹി: കേരളത്തിലെ സാധാരണക്കാരായ കർഷകരെ ബാധിക്കുന്ന സുപ്രധാന വിഷയമായി ബഫർസോൺ വിവാദമായി മാറുന്ന ഘട്ടത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ രണ്ട് നേതാക്കൾ തമ്മിലുള്ള തമ്മിലടിയെ കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയത്. സർക്കാറിന്റെ കുറ്റകരമായ അനാസ്ഥയായിരുന്നു ബഫർസോണിൽ കണ്ടത്. ഇതിൽ മലയോര ജനത ഒന്നാകെ സർക്കാറിനെതിരെ തിരിയുന്ന അവസ്ഥയുമുണ്ടായി. ഇപ്പോഴും ഈ അവസ്ഥയ്ക്ക് യാതൊരു പരിഹാരവും നിർദേശിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. സിപിഎമ്മിലെ വിഭാഗീയ വാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങൾ പോയതോടെ ബഫർസോൺ വാർത്തകൾ ഒതുങ്ങിപ്പോയി. ഇപ്പോൾ ഇക്കാര്യത്തിൽ മനപ്പൂർവ്വം മറവി നടിക്കുകയാണ് സംസ്ഥാന സർക്കാർ.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയിൽ കേരളത്തിലെ ജനങ്ങളുടെ സുപ്രധാന വിഷയമായിട്ടും ബഫർ സോണിനെ കുറിച്ച് അദ്ദേഹം ഒന്നും മിണ്ടിയില്ല. ബഫർസോൺ കൂടാതെ സിൽവർലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായില്ലെന്നു കേരള സർക്കാർ വൃത്തങ്ങൾ തന്നെയാണ് അറിയിച്ചത്. ദേശീയപാത വികസനത്തിനുള്ള സർക്കാർ ഇടപെടലുകളും കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ഇരുവരും പരസ്പരം പുതുവർഷാശംസകൾ നേർന്നു.
പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി കഥകളി ശിൽപവും സമ്മാനിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയിയും സന്നിഹിതനായിരുന്നു. ഒരു മണിക്കൂറോളമാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. എന്നിട്ടും ഈ വിഷയം പ്രധാനമന്ത്രിയുടെ മുന്നിൽ ഉന്നയിക്കാത്തതിൽ കർഷകർ കടുത്ത അമർഷത്തിലാണ്. കേന്ദ്രസർക്കാറിനാണ് ബഫർസോൺ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ സാധിക്കുന്നത് എന്നറിഞ്ഞിട്ടും മുഖ്യമന്ത്രി ഇക്കാര്യം ഉന്നി പറയാത്തത് എന്തുകൊണ്ടാണ് എന്നാണ ഉയരുന്ന വിമർശനം.
പരിഹാര നിർദേശങ്ങൾ എങ്ങുമെത്തിയില്ല
ബഫർസോൺ വിഷയത്തിൽ സർക്കാർ നടപടികൾ കുഴഞ്ഞുമറിയുന്നു അവസ്ഥയാണ് മിക്കയിടത്തും. പരാതികൾ സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയപരിധി അടുത്തമാസം 7 ആണ്. ഇനി 11 ദിവസം മാത്രം. എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്ക് സജ്ജമാക്കി, നേരിട്ടുള്ള സ്ഥല പരിശോധന ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കാൻ ഈ സമയത്തിനകം കഴിയുമോയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
പല ജില്ലകളിലും ഹെൽപ് ഡെസ്ക് രൂപീകരണത്തിനുള്ള പ്രാഥമിക യോഗങ്ങളാണ് ഇതുവരെ നടന്നത്. ഈ സ്ഥലങ്ങളിൽ സെക്രട്ടേറിയറ്റിലെ വനം വകുപ്പ് വിഭാഗത്തിൽനിന്നു പരാതികൾ കൈമാറേണ്ടതുണ്ട്. എത്ര പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചെന്ന കണക്കും പുറത്തുവിട്ടിട്ടില്ല. റവന്യു വനം തദ്ദേശ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രകടമാണ്.
ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ നേരിട്ടുള്ള സ്ഥലപരിശോധന ഭൂരിഭാഗം പഞ്ചായത്തുകളിലും തുടങ്ങിയിട്ടില്ല. കരടുഭൂപടത്തിൽ ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ സർവേ നമ്പറുകൾ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. സർവേ നമ്പറുകൾ പരിശോധിക്കാതെ ജനവാസമേഖലകളെക്കുറിച്ചു ജനങ്ങൾക്ക് കൃത്യമായി അറിയാൻ കഴിയില്ല.
ജനവാസമേഖലകൾ നിർണയിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ പ്രവർത്തനം യോഗങ്ങളിൽ മാത്രമൊതുങ്ങുകയാണെന്നും ആക്ഷേപമുണ്ട്. ഈ മാസം 20നു നടത്തിയ ഓൺലൈൻ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടിട്ടില്ല
ഹെൽപ് ഡെസ്കുകൾ പേരിനു മാത്രം
അതേസമയം ബഫർസോൺ വിഷയത്തിൽ ഇന്നത്തോടെ പഞ്ചായത്ത് ഹെൽപ് ഡെസ്കുകൾ സജ്ജമാകുമെന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ തിരുവനന്തപുരം ്അടക്കമുള്ള ജില്ലകളിൽ ബഫർസോൺ മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ എവിടെയൊക്കെ ഹെൽപ് ഡെസ്ക് സംവിധാനം സജ്ജമായി എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
തിരുവനന്തപുരം ജില്ലയിൽ അമ്പൂരി, വിതുര പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും രണ്ടിടത്തും സ്ഥലപരിശോധന തുടങ്ങിയിട്ടില്ല. ആര്യനാട് ഹെൽപ് ഡെസ്ക് തുടങ്ങിയില്ല. കൊല്ലത്ത് കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. സ്ഥല പരിശോധന തുടങ്ങിയില്ല.
പത്തനംതിട്ടയിൽ സീതത്തോട്, പെരുനാട് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങി. സീതത്തോട് പഞ്ചായത്തിലെ ഗവി മേഖലയിൽ നേരിട്ടു സ്ഥലപരിശോധന തുടങ്ങി. പെരുനാട് പഞ്ചായത്തിൽ സ്ഥലപരിശോധന തുടങ്ങിയില്ല. ഇടുക്കി ജില്ലയിൽ ഹെൽപ് ഡെസ്ക് സംവിധാനം അപൂർണമായി തുടരുന്നു.
എറണാകുളം ജില്ലയിൽ കുട്ടമ്പുഴയിലും കീരംപാറയിലും ഹെൽപ് ഡെസ്ക് തുടങ്ങി. പിണ്ടിമനയിൽ തുടങ്ങിയില്ല. കല്ലൂർക്കാട്, മാറാടി, പായിപ്ര, മലയാറ്റൂർനീലീശ്വരം പഞ്ചായത്തുകളിൽ ഇതുവരെ ബഫർസോൺ സംബന്ധിച്ചോ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതു സംബന്ധിച്ചോ നിർദ്ദേശം എത്തിയിട്ടില്ല. അടുത്ത ദിവസം കലക്ടർ യോഗം വിളിക്കുമെന്ന അറിയിപ്പു മാത്രമേ എത്തിയിട്ടുള്ളൂ. ബഫർസോൺ വിഷയം ചർച്ച ചെയ്യാനായി 30നു കൊച്ചി കോർപറേഷനിൽ യോഗം ചേരും.
തൃശൂരിലെ 13 പഞ്ചായത്തുകളിൽ തിരുവില്വാമലയിൽ മാത്രമാണ് ഹെൽപ് ഡെസ്ക് തുടങ്ങിയത്. 3 വാർഡുകളിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇതിൽ 2 വാർഡുകളിൽ സ്ഥലപരിശോധന ആരംഭിച്ചു. പാലക്കാട് 12 പഞ്ചായത്തുകളിൽ 7 എണ്ണത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. സ്ഥലപരിശോധന തുടങ്ങിയില്ല.
മലപ്പുറത്ത് കാളികാവിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും കരുവാരകുണ്ട്, ചോക്കാട്, അമരമ്പലം, കരുളായി, വഴിക്കടവ് എന്നിവിടങ്ങളിൽ തുടങ്ങിയില്ല. കോഴിക്കോട്ട് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പുതുപ്പാടി, കട്ടിപ്പാറ, ചങ്ങരോത്ത് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങി. കൂത്താളിയിൽ തുടങ്ങിയില്ല. മരുതോങ്കര പഞ്ചായത്തിൽ ഉദ്യോഗസ്ഥ സംഘം വീടുകളിലെത്തി പരാതികൾ സ്വീകരിച്ചു.
വയനാട് 12 തദ്ദേശസ്ഥാപനങ്ങളിൽ 11 ഇടത്തും ഹെൽപ് ഡെസ്ക് തുടങ്ങി. 2 ഇടത്തു മാത്രം സ്ഥലപരിശോധന ആരംഭിച്ചു. കണ്ണൂരിൽ കൊട്ടിയൂർ, കേളകം എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും സ്ഥലപരിശോധന ആരംഭിച്ചില്ല.
മറുനാടന് ഡെസ്ക്