പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ ഔദ്യേഗികമായി തുടക്കമായി. സംഗമം തിരി തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

'ശബരിമലയ്ക്ക് തനതായ ചരിത്രവും ഐതിഹ്യവും ഉണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി അതിന് ബന്ധമുണ്ട്. വേര്‍തിരിവുകള്‍ക്കും ഭേതചിന്തകള്‍ക്കും അതീതമാണ് ശബരിമല. എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം. മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോകം മുഴുവന്‍ അയ്യപ്പ ഭക്തന്‍മാരുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ശബരിമലയിലേക്ക് ഭക്തര്‍ എത്തുന്നു. ഭക്തജന സാഗരം എന്ന് വിശേഷിപ്പിക്കാവുന്ന സാന്നിധ്യമാണ് പലപ്പോഴും ഇവിടെ എത്തുന്നത്. തീര്‍ഥാടന പ്രവാഹം ഉണ്ടാകുമ്പോള്‍ ദര്‍ശനം ആയാസരഹിതമാക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണം. ഇതിന്റെ ഭാഗമായാണ് ദേവസം ബോര്‍ഡ് സംഗമം നടത്തുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

സംഗമം വിലക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം ഭഗവത്ഗീത വ്യക്തമാക്കിയുണ്ട്. 12ാം അധ്യയത്തില്‍ 13 മുതല്‍ 20 വരെ ശ്ലോകങ്ങളില്‍ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിയിച്ചതോടൊണ് സംഗമത്തിന് തുടക്കമായത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇരുവരും വേദിയിലേക്ക് എത്തിയത്. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.

ആഗോള അയ്യപ്പ സംഗമത്തില്‍ 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1,300 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ ശബരിമല വികസനത്തിനായി അവതരിപ്പിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങില്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സ്വാഗതം പറഞ്ഞു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷ പ്രസംഗം നടത്തി. തമിഴ്‌നാട്ടിലെ മന്ത്രിമാരായ പി.കെ.ശേഖര്‍ബാബു, പളനിവേല്‍ ത്യാഗരാജന്‍, കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍, മതസാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.