തിരുവല്ല: കേരള പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍, വിവിഐപി ഡ്യൂട്ടിക്കിടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO) ശ്രീലാല്‍ ചന്ദ്രശേഖരനെയാണ് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ കൃഷ്ണ മോഹനും സംഘവും ചേര്‍ന്ന് ആക്രമിച്ചത്.

സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുള്ള 'പുറത്തുപോക്ക്'

ഏപ്രില്‍ 4-ന് വൈകുന്നേരം 4:30-ഓടെ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സമയത്ത് അതീവ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആരെയും പുറത്തേക്ക് (EXIT) വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് പുറത്തേക്ക് പോകാന്‍ ശ്രമിച്ച കറുത്ത ടി-ഷര്‍ട്ട് ധരിച്ച ഉദ്യോഗസ്ഥനെ സിഐ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഔദ്യാഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന സിഐ ശ്രീലാല്‍ ചന്ദ്രശേഖരനെ പ്രതികള്‍ ആക്രമിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്.

സിഐയുടെ കൈകളില്‍ പിടിച്ചു വലിക്കുകയും അന്യായമായി തടസ്സപ്പെടുത്തുകയും ചെയ്തു. സിഐയുടെ നെയിം പ്ലേറ്റും സ്‌പെഷ്യല്‍ ഡ്യൂട്ടി പാസും (ഡ്യൂട്ടി കാര്‍ഡ്) പ്രതികള്‍ ബലമായി പറിച്ചെറിഞ്ഞു. തടയാന്‍ ശ്രമിക്കുന്നതിനിടെ സിഐയുടെ മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ട പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആക്രമണം നടക്കുമ്പോള്‍ എസ്ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്ന ഗൗരവകരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ഡിസിബി എസ്ഐ ഷിബു ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ഈ സംഭവത്തിന് സാക്ഷികളാണ്.

രജിസ്റ്റര്‍ ചെയ്ത കേസും ചുമത്തിയ വകുപ്പുകളും

സംഭവത്തില്‍ തിരുവല്ല പോലീസ് കേസ് (FIR No: 0532/2026) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), 2023 പ്രകാരവും കേരള പോലീസ് ആക്ട് പ്രകാരവും താഴെ പറയുന്ന ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്:

126(2) BNS: അന്യായമായി തടഞ്ഞുവെക്കല്‍.

96(b) BNS: അസഭ്യം പറയുക.

3(5) BNS: സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം.

117(e) Kerala Police Act: ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക.

സേനയിലെ അച്ചടക്കമില്ലായ്മ ചര്‍ച്ചയാകുന്നു

പോലീസ് ആസ്ഥാനത്ത് സീനിയര്‍ ഉദ്യോഗസ്ഥനെ ജൂനിയര്‍ തല്ലിയ സംഭവത്തിന് പിന്നാലെയാണ് തിരുവല്ലയിലെ ഈ അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായ ഈ സുരക്ഷാവീഴ്ചയും അച്ചടക്കലംഘനവും ആഭ്യന്തര വകുപ്പിന് വലിയ തലവേദനയായിരിക്കുകയാണ്. മ്യൂസിയം എസ്ഐ കൃഷ്ണ മോഹനെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തിരുവല്ല ഇന്‍സ്‌പെക്ടര്‍ സുജിത്ത് കെ.എസ് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

പരാതിക്കാരന്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 4-ന് രാത്രി 9:51-ന് കേസ് രജിസ്റ്റര്‍ ചെയ്തത്