ന്യൂഡല്‍ഹി: ഡൊണള്‍ഡ് ട്രംപ് മറ്റൊരു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ ആരൊക്കെയാകും ആഘോഷിക്കുക? ഇന്ത്യക്ക് എന്താണ് ആഘോഷിക്കാനുള്ള വക? ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപുമായി സവിശേഷമായ സൗഹൃദബന്ധമാണുള്ളത്. ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി റാലി ഓര്‍ക്കാം. ട്രംപിന്റെ കാലത്ത് ഇന്ത്യക്ക് പ്രതിരോധ മേഖലയില്‍ ശക്തമായ യുഎസ് പിന്തുണ കിട്ടിയിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും യുഎസിന് ഇന്ത്യയുടെ കൂട്ടുവേണം. ചൈനയ്ക്ക് എതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കാനും തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ പങ്കിടാനും, മെച്ചപ്പെട്ട പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാനും ട്രംപിന്റെ തിരിച്ചുവരവ് ഇന്ത്യയെ സഹായിച്ചേക്കും.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേര്‍ന്ന് മോദി

'ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് എന്റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' എന്നാണ് മോദി എക്‌സില്‍ കുറിച്ചത്. ഇന്ത്യയുടെയും അമേരിക്കയുടെയും സമഗ്രമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ താന്‍ ഉറ്റുനോക്കുയാണ്. നമുക്ക് ഒരുമിച്ച്, നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും സ്ഥിരതക്കുമായി ശ്രമിക്കാം'. മോദി കുറിച്ചു.

ഇന്ത്യ-യുഎസ് ബന്ധത്തിന് ഗുണകരമോ?

പ്രചാരണത്തിനിടെ, അമേരിക്കയുടെ വിദേശ നയം അഴിച്ചുപണിയാന്‍ താന്‍ ലക്ഷ്യമിടുന്നതായി ട്രംപ് സൂചിപ്പിച്ചിരുന്നു. അമേരിക്ക ഫസ്റ്റ്് നയത്തിനായിരിക്കും ട്രംപ് ഊന്നല്‍ കൊടുക്കുക. ട്രംപ് ജയിച്ചാലും, കമല ഹാരിസ് ജയിച്ചാലും അമേരിക്ക കൂടുതല്‍ 'ഒറ്റപ്പെടല്‍' നയത്തിലേക്കായിരിക്കും നീങ്ങുക എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞത്.

ഹൗഡി മോദി, നമസ്‌തേ ട്രംപ് പരിപാടികളില്‍ ട്രംപും മോദിയും തമ്മിലുള്ള ഊഷ്്മള സൗഹൃദം ലോകം മുഴുവന്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ രണ്ടാം വരവില്‍ തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ കഴിയും എന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

അവസരങ്ങളും വെല്ലുവിളികളും

ട്രംപിന്റെ രണ്ടാം വരവില്‍, വാണിജ്യം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം എന്നീ നിരവധി സുപ്രധാന മേഖലകളില്‍ ഒരേസമയം അവസരങ്ങളും വെല്ലുവിളികളും ഇന്ത്യയെ കാത്തിരിക്കുന്നു.

അന്താരാഷ്ട്ര കരാറുകളിലെ കുരുക്കുകള്‍ കുറയ്ക്കാനും അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ആയിരിക്കും ട്രംപ് വിദേശ നയസമീപനത്തില്‍ ശ്രദ്ധിക്കുക. ആദ്യവട്ടം പ്രസിഡന്റായപ്പോള്‍, പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ കരാര്‍ പോലുള്ള സുപ്രധാന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വാങ്ങുകയാണ് ട്രംപ് ചെയ്തത്. ട്രംപ് വീണ്ടും അധകാരത്തിലെത്തുമ്പോള്‍, ഇത്തരം നയങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്ത്യയടക്കമുള്ള യു.എസിന്റെ പരമ്പരാഗത സഖ്യകക്ഷികളുമായുള്ള ബന്ധത്തെയും കരാറുകളെയും ബാധിച്ചേക്കും.

ഇന്ത്യയുമായുള്ള ബന്ധത്തെ സ്വാധീനിക്കുന്ന മറ്റൊന്ന് വാണിജ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ നികുതി നയം പരിഷ്‌കരിക്കുമെന്നും വിദേശഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

' അമേരിക്കയെ അനന്യസാധാരണമായ രീതിയില്‍ സമ്പന്നമാക്കാന്‍ പരസ്പരസഹകരണം എന്ന നയമാണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. സാധാരണയായി നമ്മള്‍ വലിയ ഇറക്കുമതി ചുങ്കമൊന്നും വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നില്ല. ഞാനാണ് അത് തുടങ്ങി വച്ചത്. പ്രത്യേകിച്ച് വാനുകളും ട്രക്കുകളും പോലുള്ളവക്ക്. ചൈന അതിനൊക്കെ 200 ശതമാനം ചുങ്കമാണ് ചുമത്തുന്നത്. ബ്രസീലും അങ്ങനെ തന്നെയാണ്. ഇവരെ എല്ലാവരെക്കാളും ചുങ്കമുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയുമായി യു.എസിന് വളരെ മികച്ച ബന്ധമാണ്. മോദിയുടെ കാലത്താണ് അതു മെച്ചപ്പെട്ടത്. അദ്ദേഹം മികച്ച നേതാവാണ്. എന്നാലും വളരെ ഉയര്‍ന്ന ചുങ്കമാണ് ഇന്ത്യ ഈടാക്കുന്നത്.?''-ട്രംപ് പറഞ്ഞു.

അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയിലെ ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്‌റ്റൈല്‍ വിഭാഗങ്ങള്‍ക്കായിരിക്കും ട്രംപിന്റെ ഇറക്കുമതി തീരുവ നയം വലിയ തിരിച്ചടി ഉണ്ടാക്കുക. യു.എസിന്റെ എച്ച് -വണ്‍ ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ ഐ.ടി യുവാക്കളാണ്. ട്രംപിന്റെ കുടിയേറ്റനയം ഏറ്റവും ബാധിക്കുക എച്ച്-വണ്‍ ബി വിസയെ തന്നെയായിരിക്കും. ട്രംപ് ആദ്യം അധികാരത്തിലേറിയപ്പോള്‍, വിദേശ തൊഴിലാളികളുടെ ശമ്പളവര്‍ധനയില്‍ അടക്കം ഇടപെട്ടിരുന്നത് ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും വലിയ തിരിച്ചടിയായിരുന്നു. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. അത്തരം നടപടികള്‍ പുനഃസ്ഥാപിക്കുകയാണ് ട്രംപിന്റെ പദ്ധതിയെങ്കില്‍ ഇന്ത്യയിലെ ഐ.ടി മേഖലയിലെ യുവാക്കള്‍ക്ക് ദോഷകരമാകും.

'ട്രംപാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വാണിജ്യം, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച വലിയ പ്രതിസന്ധിയായിരിക്കും. മറ്റുപല വിഷയങ്ങളിലും അദ്ദേഹം ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടെങ്കിലും', വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

സൈനിക ബന്ധവും സഹകരണവും

സമീപകാലത്ത് ഇന്ത്യ-യുഎസ് ബന്ധത്തിലെ ആധാരശിലകളാണ് പ്രതിരോധ-സൈനിക രംഗത്തെ പരസ്പര സഹകരണം. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കലത്ത് ക്രിറ്റിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജി( icet) ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാനുള്ള GE-HAL പ്രതിരോധ കരാറുകള്‍ എന്നിവ നേട്ടമായിരുന്നു. നാറ്റോയോടുള്ള ട്രംപിന്റെ സമീപനം കണക്കിലെടുക്കുമ്പോള്‍, സൈനിക കരാറുകളോട് ട്രംപ് കൂടുതല്‍ ജാഗ്രതയോടെ ഉള്ള സമീപനം പുലര്‍ത്തുമോ എന്നും കാത്തിരുന്നു കാണാം. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കാനുളള സൈനിക സഹകരണത്തിന് ഏതായാലും മാറ്റമൊന്നും ഉണ്ടാകാന്‍ ഇടയില്ല.

ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവ ചേര്‍ന്ന ക്വാഡ് സഖ്യം രൂപീകരിച്ചത് ട്രംപിന്റെ ആദ്യ ടേമിലാണ്. ആയുധ വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം, സംയുക്ത സൈനിക പരിശീലനം തുടങ്ങിയവ രണ്ടാം ട്രംപ് സര്‍ക്കാരിന്റെ കാലത്തും തുടരും.