- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മോദി ജെന്റില്‍മാനാണ്, വലിയ മനുഷ്യന്‍; പക്ഷേ, ഇക്കാലമത്രയും സാമര്‍ഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നു; വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചു; ഇപ്പോഴാണ് ന്യായം നടപ്പായത്'; ട്രംപിന്റെ പരാമര്‍ശം അതിര് വിട്ടതോടെ മോദി കട്ടക്കലിപ്പില്‍; ഇന്ത്യ - യു എസ് ചര്‍ച്ചകള്‍ നിലച്ചു; വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമോ? ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യ - അമേരിക്ക വ്യാപര കരാര്‍ സംബന്ധിച്ച് രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ മോദി സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് മോദി അമേരിക്കയുടെ മുമ്പില്‍ കീഴടങ്ങി എന്ന തരത്തിലാണ് പ്രതിപക്ഷം പ്രചരണവും നടത്തിയത്. അതിനിടെ നാടകീയമായി ട്രംപിന്റെ ചുങ്കയുദ്ധം റദ്ദ് ചെയ്തുകൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി വന്നു. ബേസ് റേറ്റായ 10 ശതമാനം മുതല്‍ ശത്രുക്കള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന 200 ശതമാനം വരെയുള്ള സകല പിഴച്ചുങ്കവും നിയമവിരുദ്ധമാണെന്നും അതിനുള്ള അവകാശം അമേരിക്കന്‍ പ്രസിഡന്റിന് ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന രീതിയില്‍ ട്രംപ് നടത്തിയ പരാര്‍ശം വിവാദമായതോടെ വ്യാപാര കരാര്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തല്‍ക്കാലം ഇന്ത്യ യുഎസ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനും കാര്യങ്ങള്‍ കലങ്ങി തെളിയുന്നത് വരെ കാത്തിരിക്കാനുമാണ് ഇന്ത്യയുടെ തീരുമാനം. 24-ാം തീയതി അമേരിക്കയിലേക്ക് പോകാനിരുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദ് ചെയ്‌തേക്കും. ട്രംപിന്റെ നിലപാട് കാരണം ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ നീണ്ടുപോകാന്‍ സാധ്യതയേറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാലമത്രയും സാമര്‍ഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നെന്നും വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചെന്നുമാണ് ട്രംപ് ഒടുവില്‍ അവകാശപ്പെട്ടത്. യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ ഇന്ത്യയുമായുണ്ടാക്കിയ വ്യാപാരക്കരാറിന് എന്തു സംഭവിക്കുമെന്നു ചോദിച്ചപ്പോഴായിരുന്നു, അതേപടി തുടരുമെന്ന് പറഞ്ഞ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. യുഎസിനു തീരുവ ചുമത്തുകയും ഇന്ത്യയ്ക്കു തീരുവയില്ലാതിരിക്കുകയും ചെയ്ത സാഹചര്യം കീഴ്‌മേല്‍ മറിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ മാറ്റമൊന്നുമില്ല. ഇന്ത്യയ്ക്കു തീരുവയുണ്ടാകും. യുഎസിനു തീരുവയുണ്ടാകില്ല. നേരത്തേ ഇതു തിരിച്ചായിരുന്നു. പ്രധാനമന്ത്രി മോദി ജെന്റില്‍മാനാണ്. വലിയ മനുഷ്യന്‍. പക്ഷേ, യുഎസിന്റെയടുത്ത് വലിയ സാമര്‍ഥ്യം കാട്ടി നമ്മളെ കബളിപ്പിക്കുകയായിരുന്നു. അതു കൊണ്ട് ഇന്ത്യയുമായി കരാറുണ്ടാക്കി. ഇപ്പോഴാണ് ന്യായം നടപ്പായത്' എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യ റഷ്യയെ വിട്ടു. എണ്ണ വാങ്ങുകയായിരുന്നു ഇത്രയും കാലം. ഞാന്‍ പറഞ്ഞപ്പോള്‍ അവരത് നിര്‍ത്തി. മാസം 25,000 ആളുകള്‍ വീതം മരിച്ചു കൊണ്ടിരിക്കുന്ന യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണം എന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതു താനാണെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. 'യുദ്ധം അവസാനിപ്പിച്ചതിലൂടെ മൂന്നരക്കോടി ജനങ്ങളുടെ ജീവനാണ് ഞാനന്നു രക്ഷിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇന്നലെയും പറഞ്ഞു. തീരുവ 200% ആക്കുമെന്നു മുന്നറിയിപ്പു നല്‍കിയാണ് അതു സാധിച്ചത്' എന്നും ട്രംപ് അവകാശപ്പെട്ടു. സുപ്രീം കോടതി വിധിക്ക് ശേഷം ട്രംപ് നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്. വിവാദ പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് കേന്ദ്രസര്‍ക്കാര്‍.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ വീണ്ടും വിവാദമായതോടെ വ്യാപാര കരാര്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകാണ്.
കാത്തിരിക്കാന്‍ ഇന്ത്യ
അധികാരമേറ്റ് ഒരു വര്‍ഷക്കാലത്തോളം തന്റെ അധിക നികുതി ഭീഷണിയിലൂടെ രാജ്യാന്തര വിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കഴിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീം കോടതി വിധി കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപാര യുദ്ധത്തിന്റെ അടുത്ത സീസണ്‍ തുടങ്ങാനാണ് ട്രംപിന്റെ തീരുമാനം. ഇതോടെ പല രാജ്യങ്ങളുമായും യുഎസ് ധാരണയിലെത്തിയ വ്യാപാര കരാറുകളും അനിശ്ചിതത്വത്തിലായി. ഇന്ത്യയ്ക്ക് 18 ശതമാനം തീരുവയാണ് വ്യാപാര കരാറില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് വെറും മൂന്ന് ശതമാനമായി. ഇന്നലെ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ഇത് 15 ശതമാനവും. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള വ്യാപാര കരാര്‍ വ്യവസ്ഥകളില്‍ ഇന്ത്യ നീക്കുപോക്കിന് ശ്രമിക്കണമെന്ന വാദവും ശക്തമായി.
യുഎസുമായുള്ള വ്യാപാര കരാറിലെ തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ ദര്‍പണ്‍ ജെയിനും സംഘവും അമേരിക്കയിലേക്ക് പോകില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാളെ മുതല്‍ തുടങ്ങാനിരുന്ന ചര്‍ച്ചകള്‍ ഇരുവിഭാഗവും റദ്ദാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് രാജ്യങ്ങള്‍ക്കും സൗകര്യ പ്രദമായ മറ്റൊരു തീയതിയിലേക്ക് ചര്‍ച്ചകള്‍ മാറ്റുമെന്നും റിപ്പോര്‍ട്ട് തുടരുന്നു.
അതേസമയം, യുഎസ് കരാറിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നും ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജെഫ്രി സാക്‌സ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി പുറത്തു വന്ന സമയം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യ കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ തയാറാകണം. ഇപ്പോഴത്തെ ധാരണകള്‍ ഉപേക്ഷിക്കണം. അതിലൊരു കാര്യവുമില്ല. ഇന്ത്യയെ ഭീഷണിപ്പെടുത്താനോ തീരുവ ചുമത്താനോ ട്രംപിന് ഒരു അധികാരവുമില്ല. അതെല്ലാം നിയമ വിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാര കരാറിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ത്യ തല്‍ക്കാലം നിര്‍ത്തി വെക്കുന്നതാണ് നല്ലത്. കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച ശേഷം മുന്നോട്ടു പോകുന്നതാണ് നല്ലത്. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാജ്യങ്ങള്‍ക്കും പല രീതിയിലുള്ള തീരുവയാണ് അമേരിക്ക ചുമത്തിയിരുന്നത്. ഇതനുസരിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് തീരുവ ഉണ്ടായിരുന്നത് ഇന്ത്യക്കാണ്. അങ്ങനെ വന്നാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും 15 ശതമാനമാണ് തീരുവ ഇതോടെ ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടമാകും. തീരുവ 50 ശതമാനത്തില്‍ നിന്ന് 18ലേക്ക് കുറയ്ക്കാന്‍ ഇന്ത്യ യുഎസിന് പല ഇളവുകളും നല്‍കിയിരുന്നു. കാര്‍ഷിക, ക്ഷീര മേഖലകളിലേക്കുള്ള യുഎസ് ഉല്‍പന്നങ്ങളുടെ പ്രവേശനം അടക്കം രാജ്യത്ത് വലിയ വിവാദമായിരുന്നു. പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കോടതി വിധി നിര്‍ണായകമാകും
അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രംപിന് ഇഷ്ടപ്പെടാത്ത രാജ്യത്തിന് ഇത് ഉയര്‍ത്തിക്കൊണ്ടേയിരിക്കും. ഇഷ്ടപ്പെട്ട രാജ്യത്തിന് ചര്‍ച്ച ചെയ്ത് ട്രംപിന് അനുകൂലമായ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നു, ചുങ്കം താഴ്ത്തുന്നു. അങ്ങനെ ഇന്ത്യയുടെ മേല്‍ ചുമത്തപ്പെട്ടിരുന്നത് 50 ശതമാനമായിരുന്നു. ഈ 50 ശതമാനം ഇന്ത്യന്‍ വിപണിയെ ഉലച്ചു. ഇന്ത്യയില്‍ നിന്നും ഒരു ഉല്‍പന്നം പോലും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായി. അതിന്റെ പേരില്‍ മോദിയും ട്രംപും അകന്നു. ഇന്ത്യ മറ്റു വഴികള്‍ തേടുന്ന ഒരു സാഹചര്യം ഉണ്ടായി. ഒടുവില്‍ ഇന്ത്യയെ പിണക്കണ്ട എന്ന് തീരുമാനിച്ച ട്രംപ് ഇറങ്ങി വന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്തി. അങ്ങനെ ബ്രിട്ടനെ പോലെ ചില രാജ്യങ്ങള്‍ ഒഴിച്ചാല്‍ ഏറ്റവും മികച്ച ഓഫര്‍ ഇന്ത്യക്ക് വയ്ക്കുന്നു - 18%. എന്ന് വെച്ചാല്‍ ഇന്ത്യയില്‍ നിന്ന് അയക്കുന്ന സാധനങ്ങള്‍ക്കെല്ലാം 18% ആയിരിക്കും ടാക്‌സ്. അമേരിക്കയുടെ ഉറ്റ ചങ്ങാതിമാരായ ബംഗ്ലാദേശിനും പാക്കിസ്ഥാനും പോലും 19 ശതമാനമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗാര്‍മെന്റ്‌സ് അടക്കം, സമുദ്രോല്‍പന്നം അടക്കം അവയൊക്കെ നിര്‍ണായകമായിരിക്കുന്ന രാജ്യമാണ്. ബംഗ്ലാദേശും വിയറ്റ്‌നാമും ഒക്കെ അവര്‍ക്കൊക്കെ ഉള്ളതിനേക്കാള്‍ താഴ്ന്ന നികുതി ഇന്ത്യക്ക് ഏര്‍പ്പെടുത്തിയത് ചരിത്രപരമായ നേട്ടമായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യന്‍ വിപണി ഉണര്‍ന്നു. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ശക്തിപ്പെടും എന്ന് ഉറപ്പായി. എന്നാല്‍ അങ്ങനെ ഒരു ധാരണയില്‍ എത്താന്‍ ഇന്ത്യക്ക് ഒരുപാട് വില കൊടുക്കേണ്ടിവന്നു. വളരെ വിലകുറഞ്ഞ ശുദ്ധമായ പ്രകൃതിവാതകവും ക്രൂഡ് ഓയിലും നല്‍കിയിരുന്ന റഷ്യയില്‍ നിന്നും അത് വാങ്ങുന്നത് നിര്‍ത്തിവെക്കേണ്ടി വന്നു. പകരം അമേരിക്കയില്‍ നിന്ന് വിലകൂടിയ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇന്ത്യ അതിന് വഴങ്ങേണ്ടി വന്നു. എന്നാല്‍ സുപ്രീം കോടതി വിധി ട്രംപിന് തിരിച്ചടിയായതോടെ സാഹചര്യം മാറിമറിയുകയാണ്. 1974-ലെ മറ്റൊരു നിയമം അനുസരിച്ച് 15 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താന്‍ തനിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ് എല്ലാ രാജ്യങ്ങള്‍ക്കും ട്രംപ് 15 ശതമാനം ബേസ് റേറ്റ് പ്രഖ്യാപിച്ചു.ഇവിടെയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയില്‍ വഴിത്തിരിവുണ്ടാകുന്നത്. നമ്മള്‍ 18 ശതമാനം ടാക്‌സ് നല്‍കാമെന്ന് അഗ്രി ചെയ്തതാണ്. ആ അഗ്രിമെന്റിന്റെ പുറത്താണ് നമ്മള്‍ ഇളവുകള്‍ കൊടുത്തത്. ഇനി അതിന് പ്രസക്തിയില്ല. കാരണം 18% എന്ന അഗ്രിമെന്റ് നിലനില്‍ക്കില്ല എന്ന് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമായി. ഇതോടെ കരാറില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.


