ആലപ്പുഴ: കേരളത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായ തീവ്രവാദി പരാമര്‍ശത്തില്‍ വീണ്ടും പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്നാണ് വിളിച്ചത്, അല്ലാതെ മതതീവ്രവാദി എന്നല്ല. പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണ്. കോലത്തില്‍ കരി ഓയില്‍ ഒഴിച്ചാലല്ല എന്നെ കത്തിച്ചാല്‍ പോലും അഭിപ്രായം മാറ്റില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും, പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. നാട്ടുച്ചക്ക് ഈ 89കാരനെ വിചാരണ ചെയ്തത് മര്യാദയാണോയെന്നും, സഹികേട്ടപ്പോള്‍ തള്ളി, ചവിട്ടിയില്ലല്ലോ എന്നും വെള്ളാപ്പളി ചോദിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്നെ പച്ചയായി പിച്ചിക്കീറി തിന്നാല്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. താന്‍ എന്ത് തെറ്റാണ് ചെയ്തത്. ചങ്ങനാശേരിയില്‍ ചെന്ന് ഇങ്ങനെ കാണിക്കുമോ?. ചങ്ങനാശേരിയില്‍ കയറ്റുമോ, അവിടെ ചെന്ന് പറയാന്‍ തന്റേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത?. നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തന്നെ നടുറോഡില്‍ നിര്‍ത്തി, 89കാരനായ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. ഇതാണോ മര്യാദ?. പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെയാണ് മൈക്ക് തട്ടിയത്. ചവിട്ടിയില്ലല്ലോ. അതിനുടനെ കലിതുള്ളി. മതതീവ്രവാദിയെന്ന് താന്‍ പറഞ്ഞില്ല. അത് പറയാതെ പോയതാണ് അബദ്ധമെന്ന് തോന്നി. തീവ്രവാദിയെന്ന് ഇനിയും പറയും. അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്നില്‍ ഇത്തരത്തില്‍ മൈക്കുമായി ചെല്ലുമോ?. മതമാണ് വലുതെന്നു പറഞ്ഞ ഷാജിയെ വിചാരണ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. എന്നാല്‍ താന്‍ മതവിദ്വേഷം പരത്തുന്ന ആളായി. പിന്നാക്ക സമുദായ മുന്നണി എന്നുപറഞ്ഞ് ലീഗിനൊപ്പം നിന്നു. ലീഗിന് സമരം നടത്താന്‍ പണം നല്‍കിയത് എസ്എന്‍ഡിപിയാണ്. എല്‍ഡിഎഫിനെ താഴെയിറക്കി യുഡിഎഫിനെ ഭരണത്തില്‍ കയറ്റാന്‍ എസ്എന്‍ഡിപി അല്ലേ നിന്നത്. ലീഗ് ചെയ്തത് ചതിയല്ലേ. ഈഴവര്‍ക്ക് കേരളം മൊത്തത്തില്‍ 18 കോളേജ് മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48 ആണ്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്നെ കൊല്ലാന്‍ പലരും നോക്കിയിട്ടുണ്ട്. ഇനിയും എന്റെ ചോരക്ക് കൊതിക്കുന്നവരുണ്ടെങ്കില്‍ വരാം. തന്നെ പച്ചയായി പിച്ചി തിന്നാന്‍ ഒരു മാധ്യമം ശ്രമിക്കുന്നു. പക്ഷേ ഒരു ചാനല്‍ കൊണ്ട് എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. നീതി പറയുമ്പോള്‍ ജാതി പറയുന്നുവെന്ന് പറയുന്നു. ലീഗിനൊപ്പം നിന്നതുകൊണ്ടാണ് ലീഗിനെതിരെ പറയുന്നത്. ഒരു മുസ്ലീം സമുദായത്തിനും താന്‍ എതിരല്ല, പക്ഷേ ലീഗിനെതിരെയാണ്. ആര്‍. ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടില്ല. ഇത് ജനാധിപത്യമല്ലെ, ഇത് മതാധിപത്യമല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സോദര ചിന്ത ഇല്ലാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. നമ്മള്‍ സോദരാ എന്ന് നമ്മള്‍ വിളിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മളെ അങ്ങനെ കാണുന്നുണ്ടോ എന്ന് ചിന്തിക്കണം. താന്‍ എസ്എന്‍ഡിപി യോഗത്തില്‍ വഴി തെറ്റി വന്നവനാണ്. തനിക്ക് രാഷ്ട്രീയം ഇല്ല. പ്രശ്‌നാധിഷ്ഠിതമായി അഭിപ്രായം പറയും. അല്ലാതെ ഞാന്‍ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയില്‍ ഇരുത്തി യൂത്ത് കോണ്‍ഗ്രസിനെതിരെ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. കരിയോയില്‍ ഒഴിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ലിജുവിന് ഈ വേദിയില്‍ വെച്ച് അത് പറയാന്‍ കഴിയുമോ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയതിന് പിന്നാലെയായിരുന്നു അധിക്ഷേപം.

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.