കാഠ്മണ്ഡു: നേപ്പാളില്‍ അതിശക്തമായ മഴ തുടരുന്നു. കിഴക്കന്‍ നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടവും നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മാത്രം 52 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ഇലാം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇലാം ജില്ലയില്‍ മാത്രം 37 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡ്യൂമൈ, മൈജോഗ്മൈ, ഉദയപുര്‍ എന്നിവിടങ്ങളിലും ആളപായം സംഭവിച്ചിട്ടുണ്ട്.

നിരവധി പേരെ കാണാതായതിനാല്‍ സായുധ പൊലീസ് സേനയും (എപിഎഫ്) ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിച്ചത്. ദുരന്തത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. റസുവ ജില്ലയിലെ ലാങ്ടാങ് കണ്‍സര്‍വേഷന്‍ ഏരിയയില്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നാല് പേരെ കാണാതായി.

ഇലാം, ബാര, കഠ്മണ്ഡു ജില്ലകളിലാണ് കൂടുതല്‍ ആളുകളെ കാണാതായത്. ലാങ്ടാങ്ങില്‍ 16 പേരടങ്ങുന്ന ഒരു ട്രെക്കിങ് സംഘത്തിലെ നാല് പേരെ കനത്ത മഴയ്ക്കിടെ കാണാതായി. കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നീ അഞ്ച് പ്രവിശ്യകളിലും കനത്ത മഴയാണ് പെയ്യുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് കഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്.