- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിര്‍ണ്ണായക തീരുമാനം; ഗൗരിയമ്മയ്ക്ക് ശേഷം സിപിഎമ്മില്‍ മറ്റൊരു കൊട്ടാര വിപ്ലവം; വിഎസിന്റെ പഴയ ശിഷ്യന് വെല്ലുവിളിക്കുന്നത് പിണറായിസത്തെ; സിപിഎം വിട്ട് ജി. സുധാകരന്; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ വേണ്ടെന്ന് പ്രഖ്യാപനം; ആലപ്പുഴയില്‍ സിപിഎം തളരുമോ?

ആലപ്പുഴ: കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴയുടെ മണ്ണില്‍ ഗൗരിയമ്മയ്ക്ക് ശേഷം മറ്റൊരു 'കൊട്ടാര വിപ്ലവം'. ദശാബ്ദങ്ങളോളം പാര്‍ട്ടിയുടെ ഉരുക്കു കോട്ട കാത്ത ജി. സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പടിയിറങ്ങുന്നു. പുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് പോരാടുമെന്ന സുധാകരന്റെ വാക്കുകള്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ഈ നിര്‍ണ്ണായക തീരുമാനം സുധാകരന്‍ അറിയിച്ചത്. താന്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും ആരും പിന്തുണയുമായി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോ അടിസ്ഥാന ആശയങ്ങളോ താന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. 'പാര്‍ട്ടിയെ ആക്ഷേപിക്കാനോ ഭരണഘടനയെ തള്ളിപ്പറയാനോ ഉദ്ദേശമില്ല. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു, ഇനി അനുഭാവികളിലൊരാളായി തുടരും,' അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുവാക്കളില്‍ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം നിലവില്‍ ഒരു പാര്‍ട്ടിക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വികസന പദ്ധതികളുടെ വാര്‍ത്തകളില്‍ നിന്ന് തന്റെ പേര് മനഃപൂര്‍വ്വം വെട്ടിമാറ്റുന്നുവെന്ന് സുധാകരന്‍ ആരോപിച്ചു. പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തകളില്‍ തന്റെ പേര് പരാമര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ പത്രാധിപന്മാരല്ല, മറിച്ച് പാര്‍ട്ടിയിലെ തന്നെ ചില സ്ഥാപിത താല്‍പ്പര്യക്കാരാണെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള ഉന്നത നേതാക്കളുടെ സംഘം കഴിഞ്ഞ രാത്രി സുധാകരന്റെ വീട്ടിലെത്തി അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്നും സ്വതന്ത്രനായി മത്സരിക്കരുതെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം അവരെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചെന്ന വാര്‍ത്തകളും സുധാകരന്‍ നിഷേധിച്ചു. തന്നെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ടാകാം, എന്നാല്‍ സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമ്പലപ്പുഴയില്‍ പഴയ പടക്കുതിര സ്വതന്ത്രനായി കളം നിറയുന്നതോടെ സിപിഎം ഔദ്യോഗിക പക്ഷത്തിന് ഇത് ജീവന്‍മരണ പോരാട്ടമായി മാറും. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ത ശിഷ്യനായി അറിയപ്പെട്ടിരുന്ന സുധാകരന്‍, പാര്‍ട്ടിയില്‍ വി.എസ് പക്ഷം അസ്തമിച്ചപ്പോഴും പതറാതെ നിന്നിരുന്നു. എന്നാല്‍, തന്നെ പാര്‍ട്ടിക്കുള്ളില്‍ മനഃപൂര്‍വ്വം അവഗണിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും അദ്ദേഹം ആരോപിക്കുന്നു. വികസന നേട്ടങ്ങളില്‍ നിന്ന് പേര് വെട്ടിമാറ്റുന്നത് മുതല്‍ ഔദ്യോഗിക മാധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകളില്‍ വരെ തഴയപ്പെടുന്നു എന്ന പരാതി ഉന്നയിച്ചാണ് അദ്ദേഹം 'പിണറായിസത്തോട്' വിടപറയുന്നത്. സംഘടന വിട്ടാലും കമ്യൂണിസ്റ്റ് ആദര്‍ശം വിടില്ലെന്ന് വ്യക്തമാക്കുന്ന സുധാകരന്‍, പാര്‍ട്ടിയിലെ നിലവിലെ പ്രവണതകള്‍ക്കെതിരെയുള്ള തന്റെ പോരാട്ടമായാണ് ഈ മത്സരത്തെ കാണുന്നത്.
സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു എന്നറിഞ്ഞതോടെ അനുനയ നീക്കങ്ങളുമായി ഉന്നത നേതാക്കള്‍ പുന്നപ്രയിലെ വീട്ടിലെത്തിയിരുന്നു. എം.എ. ബേബി നടത്തിയ നയതന്ത്ര നീക്കങ്ങളും മുഖ്യമന്ത്രിയുടെ ഫോണ്‍ വിളിയും സുധാകരനെ തണുപ്പിക്കുമെന്ന് പാര്‍ട്ടി കരുതിയെങ്കിലും ഫലമുണ്ടായില്ല. 'പാര്‍ട്ടിയിലില്ല, എന്നാല്‍ ആദര്‍ശം വിടില്ല' എന്ന വിപ്ലവകരമായ നിലപാടിലൂടെ പാര്‍ട്ടിക്കുള്ളിലെ വിമത സ്വരങ്ങള്‍ക്ക് അദ്ദേഹം ആവേശമായി മാറുകയാണ്. ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ സംഭവിച്ചതുപോലെ ഒരു വിള്ളല്‍ ആലപ്പുഴയിലെ സിപിഎം വോട്ട് ബാങ്കില്‍ സുധാകരന്‍ ഉണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആരുടെയും പിന്തുണ വേണ്ടെന്ന് സുധാകരന്‍ പറയുന്നുണ്ടെങ്കിലും, യുഡിഎഫിന്റെ പരോക്ഷ പിന്തുണയോ അല്ലെങ്കില്‍ സിപിഎമ്മിലെ തന്നെ അതൃപ്തരായ സഖാക്കളുടെ വോട്ടോ സുധാകരന് ലഭിച്ചാല്‍ അത് ഔദ്യോഗിക പക്ഷത്തിന് കനത്ത പ്രഹരമാകും.
ആലപ്പുഴയില്‍ ചുവപ്പ് കോട്ടകള്‍ വിള്ളല്‍ വീഴുമോ എന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ഒരു കാലത്ത് വിഎസിന്റെ ശക്തിദുര്‍ഗ്ഗമായിരുന്നു ആലപ്പുഴ. അത് പിണറായിയ്ക്ക് അനുകൂലമാക്കിയത് സുധാകരനാണ്. ആ സുധാകരനാണ് 2026ല്‍ പിണറായിസത്തെ വെല്ലുവിളിക്കുന്നത്.


