തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരടായി കടകംപള്ളി സുരേന്ദ്രന്‍ മാറിയോ? തിരുവനന്തപുരത്തെ സിപിഎം വിഎസ് അച്യുതാനന്ദന്റെ പിടിയിലായിരുന്ന കാലം. അവിടെ നിന്ന് തിരുവനന്തപുരത്തെ പിണറായിയ്ക്ക് അനുകൂലമാക്കിയ നേതാവാണ് കടകംപള്ളി സുരേന്ദ്രന്‍. വിഎസ് പക്ഷത്തെ കരുത്തനായ പിരപ്പിന്‍കോട് മുരളിയെ സിപിഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച കടകംപള്ളിയാണ് പിണറായിയെ സിപിഎമ്മിലെ പ്രധാനമുഖമാക്കിയത്. തിരുവനന്തപുരത്തെ പാര്‍ട്ടി തോല്‍വിയോടെയാണ് വിഎസ് പരസ്യമായ തിരുത്തല്‍ പോരാട്ടം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ കടകംപള്ളിയെ പിണറായി ശാസിച്ചത് സിപിഎമ്മിന് പുതിയൊരു അനുഭവമാകുകയാണ്.

നിയമസഭയില്‍ ടൂറിസം, വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂര്‍ സോമനെയും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതിനായി മാത്രം യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിയുടെ നടപടി അസാധാരണമായി. സിപിഐ എംഎല്‍എയെ ശാസിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഐ അതൃപ്തിയിലുമാണ്. ഇക്കാര്യം സിപിഐ സെക്രട്ടറി ബിനോയ് വിശ്വം സിപിഎം നേതൃത്വത്തെ അറിയിക്കും. എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയവും സിപിഐ അലോസരപ്പെടുത്തുന്നുണ്ട്. അതിനിടെയാണ് എസ് എഫ് ഐക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി തെറ്റ് ചൂണ്ടിക്കാട്ടിയ വാഴൂര്‍ സോമനെ വിമര്‍ശിച്ചത്.

ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതില്‍ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി ആരോപിച്ചതും വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിര്‍ത്തിയില്‍ ഉള്ളവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂര്‍ സോമന്‍ തുറന്നടിച്ചതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോള്‍ വാഴൂര്‍ സോമന്റെ ലക്ഷ്യം എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു. കടകംപള്ളിയെ മാത്രം വിമര്‍ശിച്ചാല്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കും. അതുകൊണ്ടാണ് വാഴൂര്‍ സോമനെ കൂടി വിമര്‍ശിച്ചതെന്ന വിലയിരുത്തല്‍ ശക്തമാണ്.

ഈ രണ്ടു പ്രസംഗങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടി മുഖ്യമന്ത്രി വിളിച്ച യോഗമാണ് ഇതെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തുടര്‍ന്നു മുഖ്യമന്ത്രി രണ്ടു പേരുടെയും പ്രസംഗങ്ങള്‍ വായിച്ചു. പരിണതപ്രജ്ഞരായ രണ്ട് അംഗങ്ങളില്‍ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധാരണ സംഭവമായിരുന്നു. ബിനോയ് വിശ്വത്തെ വാഴൂര്‍ സോമന്‍ തന്റെ പരാതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടകംപള്ളിക്ക് പരാതി പറയാന്‍ ഇടവുമില്ല. സിപിഎമ്മില്‍ പിണറായി വിരുദ്ധചേരിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ 'വെട്ടി നിരത്തുമെന്ന' സന്ദേശമാണ് കടകംപള്ളിയ്ക്കുള്ള വിമര്‍ശനത്തിലുള്ളത്. പാര്‍ട്ടിയില്‍ അസാധാരണ വഴിയിലൂടെ നീങ്ങി ആധിപത്യം നിലനിര്‍ത്താനാണ് പിണറായിയുടെ നീക്കം.

വിമര്‍ശനങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അതു മന്ത്രിമാരോട് നേരിട്ടു പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ നിയമസഭയില്‍ പൊതുചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭയിലെ പ്രസംഗങ്ങളില്‍ ആ ജാഗ്രത പാലിച്ചേ തീരൂ. ഈ രണ്ടുപേര്‍ പ്രസംഗിച്ചതു കാണുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ എന്നു മറ്റുള്ളവര്‍ക്കും തോന്നാം. അതുകൊണ്ടു കൂടിയാണ് ഈ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. മന്ത്രിയാകും മുമ്പ് കെബി ഗണേഷ് കുമാറിനെ പോലെയുള്ളവര്‍ ആരോഗ്യ വകുപ്പിനേയും മറ്റും കടന്നാക്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും മുഖ്യമന്ത്രി ഇടപെട്ടില്ല. റിയാസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗമെന്നതും ശ്രദ്ധേയം.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതിപക്ഷം കൂടുതല്‍ ആവേശത്തിലായ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഓരോ എംഎല്‍എയും പുലര്‍ത്തണമെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു. കടകംപള്ളി യോഗത്തിന് ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. മറ്റാരും പ്രസംഗിച്ചില്ല. വിമര്‍ശിക്കാനാണ് യോഗമെന്ന തിരിച്ചറിവില്‍ കടകംപള്ളി മാറിയെന്നാണ് സൂചന. തിരുവനന്തപുരത്തെ ജില്ലാ നേതൃയോഗത്തിലും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നിലുള്ളവരെ നിരീക്ഷിക്കാനും സിപിഎം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കടകംപള്ളിയെ യോഗം വിളിച്ച് മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്.