- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിലെ രാഹുലിന്റെ അറസ്റ്റ് പ്രതിച്ഛായാ നിര്‍മ്മിതിയുടെ വഴിയാക്കാന്‍ പിണറായിയുടെ പീആര്‍ ടീം! യുഡിഎഫിനെ ബാധിക്കില്ലെന്ന നിലപാടില്‍ തെല്ലും കുലുങ്ങാതെ വി ഡി സതീശന്‍; 'പിണറായിസത്തിന്' തിരിച്ചടി കൊടുത്തത് ജോസ് കെ മാണിയുടെ മുന്നണി മാറ്റം ചര്‍ച്ചയാക്കിയും ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചും; ഇരട്ടിമധുരമായി വിഴിഞ്ഞത്തെ വിജയവും; തന്ത്രങ്ങളുടെ ക്യാപ്ടനായി വി ഡി സതീശന്‍ യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമ്പോള്‍..
ബലാത്സംഗ കേസിലെ രാഹുലിന്റെ അറസ്റ്റ് പ്രതിച്ഛായാ നിര്‍മ്മിതിയുടെ വഴിയാക്കാന്‍ പിണറായിയുടെ പീആര്‍ ടീം!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ ഞെട്ടിക്കുന്ന തോല്‍വി ആ മുന്നണിയുടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തീര്‍ത്തും ചോര്‍ത്തിക്കളയുന്നതായിരുന്നു. മറുവശത്ത് കോണ്‍ഗ്രസും യുഡിഎഫുമാകട്ടെ വയനാട്ടിലേ നേതൃക്യാമ്പില്‍ 100 സീറ്റ് ലക്ഷ്യം പ്രഖ്യാപിച്ചു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനോടെ അപകടം മണത്ത പിണറായി 110 സീറ്റു നേടുമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം പകരാനാണ് ശ്രമിച്ചത്. ഇതിന് പിന്നാലെ സ്വയം പ്രതിച്ഛായാ നിര്‍മിതിക്കുള്ള പി ആര്‍ പ്രവര്‍ത്തനങ്ങളും തുടങ്ങി.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്തതും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിര്‍മ്മിതിയുടെ ഭാഗമായിരുന്നു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കാം എന്ന ഉദ്ദേശ്യം ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെങ്കിലും അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാര്യമായ ബാധിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം ചൂണ്ടിക്കാട്ടി വിഷയത്തെ ശരിക്കും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. വിഷയം മുന്നണിയെ ബാധിക്കില്ലെന്ന് തുറന്നു പറഞ്ഞ വി ഡി സതീശന്‍ ഉറച്ച നിലപാട് സ്വീകരിച്ചത് യുഡിഎഫ് നേതാക്കളുടെ ആത്മവിശ്വം ഉയര്‍ത്തുന്നതാണ്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തുടര്‍ച്ചയായി ലൈംഗിക പീഡനപരാതികള്‍ ഉയര്‍ന്നതും രാഹുല്‍ അറസ്റ്റു ചെയ്യപ്പെട്ടതും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കുമ്പോവും കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇവിടെ വിഡി സതീശന്റെ നിലപാടുകളാണ് ശ്രദ്ദേയമായി. ഇപ്പോഴത്തെ രാഹുലിന്റെ അറസ്റ്റില്‍ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ച കപ്പുമായി പിണറായി സമര പന്തലിലിരുന്ന ചിത്രം സൈബറിടത്തില്‍ സഖാക്കള്‍ പ്രചരണ വിഷയമാക്കിയിരുന്നു.
മുന്‍പ് വിഎസ് സ്ത്രീപീഠകരെ കയ്യാമം വെച്ചു നടത്തിക്കുമെന്ന പറഞ്ഞ് ആ ശൈലി പിണറായിയും പ്രതിച്ഛായാ നിര്‍മിതിക്കായി ഉപയോഗിക്കുകാണ്. ഈ നീക്കം തിരിച്ചറിഞ്ഞ് അതിന് തടയിടാനുള്ള മറുതന്ത്രം കോണ്‍ഗ്രസും തയ്യാറാക്കി. അതാണ് ഇന്ന് ഐഷ പോറ്റിയെ കോണ്‍്ഗ്രസില്‍ എത്തിച്ചതു വഴിയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ വിഷയം മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞതിലൂടെയും സംഭവിച്ചത്. കേരളാ കോണ്‍ഗ്രസ് യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നതും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വഴിയാണ്. ഈതോടെ രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ചയും ഇതേചുറ്റിപ്പറ്റി ആയിക്കഴിഞ്ഞു.
വിസ്മയങ്ങള്‍ ഒളിപ്പിച്ചു സതീശന്‍
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ ആവര്‍ത്തിച്ചിരുന്നു. എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും കക്ഷികളും അല്ലാത്തവരും യുഡിഎഫിലേക്ക് വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്, സമയമാകുമ്പോള്‍ അറിയിക്കും. വിരലില്‍ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ വിസ്മയം കാണാമെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അയിഷാ പോറ്റി കോണ്‍ഗ്രസിലെത്തിയത്.
വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് വിവരം. കൊട്ടാരക്കയില്‍ അയിഷാ പോറ്റി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തിലാണ് അയിഷാ പോറ്റിയെ കോണ്‍ഗ്രസിലെത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് അന്തിമ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.
എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജോസ് കെ. മാണി പഴയ കൂടാരത്തിലേക്ക് മടങ്ങുമോ എന്ന ചര്‍ച്ച സജീവമായിരിക്കെ, വിസമയങ്ങള്‍ ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു സതീശന്‍. വിരലില്‍ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ എന്നാണ് അദ്ദേഹംം പറഞ്ഞത്. യു.ഡി.എഫിലേക്ക് എല്‍.ഡി.എഫിലുള്ള കക്ഷികളും എന്‍.ഡി.എയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ ചോദിക്കരുത്. അത് സമയമാകുമ്പോള്‍ അറിയിക്കും. വിരലില്‍ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ, വിസ്മയം എന്താണെന്ന് കാണാം -സതീശന്‍ പറഞ്ഞു.
ഈവിധത്തില്‍ ഇടതു മുന്നണി പുറത്തെടുക്കുന്ന തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ ഒരുങ്ങി തന്നെയാണ് വി ഡി സതീശന്റെ നീക്കങ്ങള്‍. ഇത് യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്തെ വിജയവും കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സ്വര്‍ണ്ണ കൊള്ള കേസില്‍ തന്ത്രിയുടെ അറസ്റ്റും പീഡന കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലന്റെ അറസ്റ്റും വലിയ തോതില്‍ ചര്‍ച്ചയായി. ഇതിനൊപ്പമാണ് അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് സിപിഎം പ്രഖ്യാപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ എത്തിയത്. ഇതൊന്നും ഫലത്തെ സ്വാധീനിച്ചില്ല. ഇതെല്ല്ാം നിയമസഭയിലേക്കുള്ള ചൂണ്ടിപലകയായി വിലയിരുത്തുന്നു.
തനിക്ക് ഒരു പിആര്‍ വര്‍ക്കും ഉണ്ടായിട്ടില്ലെന്ന് ഐഷ പോറ്റി
പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പി ആര്‍ വഴിതേടുന്ന സിപിഎം നേതാക്കളെ ട്രോളിക്കൊണ്ടാണ് ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനവും. സിപിഎമ്മിന്റെ ആക്രമണ ശൈലിയെയും ഐഷ പോറ്റി കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം വിമര്‍ശിച്ചു. 25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും നിന്നിട്ട് വര്‍ഗ വഞ്ചകയായി മാറിപ്പോയെന്ന് വിമര്‍ശനം ഉയരുമായിരിക്കാം, എത്ര വിമര്‍ശിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കുകയേ ഉള്ളൂ എന്ന് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി. കുറെ നാള്‍ എംഎല്‍എയായിട്ടുള്ള ആളാണ് താന്‍. എന്നാല്‍ തനിക്ക് ഒരു പിആര്‍ വര്‍ക്കും ഉണ്ടായിട്ടില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒന്നും കിട്ടാനല്ല കോണ്‍ഗ്രസിലേക്ക് വരുന്നത്. താന്‍ അധികാര മോഹിയല്ലെന്നും ഐഷാ പോറ്റി പറഞ്ഞു.
'ഓര്‍ക്കണം എനിക്ക് നിങ്ങളോടൊക്കേ അങ്ങേയറ്റം സ്നേഹമാണ് . എത്ര വിമര്‍ശിച്ചാലും എന്നെ കൂടുതല്‍ ശക്തയാക്കുകയേ ഉള്ളൂ. വളരെ മ്ലേച്ഛമായ ഭാഷയില്‍ വരും ദിവസങ്ങളില്‍ എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂടി ധാരാളം കാര്യങ്ങള്‍ വരുമെന്ന് അറിയാം. പക്ഷേ ഞാന്‍ അതിനെ ഒട്ടും ഭയക്കുന്നില്ല. വിമര്‍ശനത്തെ സന്തോഷത്തോടെ കേള്‍ക്കുകയാണ്. വിമര്‍ശനമാണ് മനുഷ്യനെ ഇത്രത്തോളം എത്തിക്കുക. വക്കീലായി വരുന്ന സമയത്ത് പ്രസംഗിക്കാന്‍ പോലും അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ആദ്യം പ്രവര്‍ത്തിച്ച പ്രസ്ഥാനം എന്നെ ഒത്തിരി സഹായിച്ചു. എന്നാല്‍ നല്ല വിഷമവും തന്നു. എന്താണ് എന്ന് പറയാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആരെയും കുറ്റം പറയാന്‍ ഇഷ്ടമല്ല. ഇങ്ങനെയാണോ ഐഷാ പോറ്റി എന്ന് ചോദിച്ചേക്കാം. എന്നെ ഇത്രയുമാക്കിയത് നാടാണ്. നാട്ടിലെ പ്രവര്‍ത്തനമാണ് എന്നെ ഇത്രയുമാക്കിയത്.'- ഐഷാ പോറ്റി പറഞ്ഞു.
'ജൂലൈ മാസം 18ന് എന്റെ വീട്ടിലേക്ക് എല്ലാവരും വന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ വിളിച്ചു. ഉമ്മന്‍ ചാണ്ടി വലിയ മനുഷ്യനാണ്. മുഖ്യമന്ത്രിയായിരുന്ന ആളാണ്. നായനാരും മുഖ്യമന്ത്രിയായിരുന്ന ആളണല്ലോ. അദ്ദേഹത്തിന്റെ അനുസ്മരണത്തിന് വിളിച്ചാലും എല്ലാം പാര്‍ട്ടികളും പോവില്ലേ. അതുപോലെ എന്നെയും വിളിച്ചു. എത്ര വലിയ നേതാവായാലും മന്ത്രിയായാലും മനുഷ്യനോട് സ്നേഹത്തോടെ പെരുമാറുന്നതില്‍ നഷ്ടമുണ്ടോ. സത്യസന്ധമായി ഇടപെടുന്നതില്‍ നഷ്ടമുണ്ടോ. ഒന്നും കിട്ടാനല്ല ഇതില്‍ വരുന്നത്. ഞാന്‍ അധികാര മോഹിയല്ല. പഴയകാലം മുതലുള്ള തറവാടാണ് കോണ്‍ഗ്രസ് പ്രസ്ഥാനം. എല്ലാ പാര്‍ട്ടികളോടും ഇഷ്ടമാണ്. എല്ലാ മനുഷ്യരോടും ഇഷ്ടമാണ്. സഖാക്കളോടും പ്രവര്‍ത്തകരോടും അങ്ങേയറ്റം ഇഷ്ടമാണ്. അവര്‍ക്ക് നല്ല വിഷമം വരും.സാരമില്ല. ഐഷാ പോറ്റി എന്നും ഐഷാ പോറ്റിയായിരിക്കും. രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും നോക്കാതെ മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു എളിയ പ്രവര്‍ത്തകയായിട്ട് ഞാന്‍ ഉണ്ടാവും.'- ഐഷാ പോറ്റി കൂട്ടിച്ചേര്‍ത്തു.


