- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ്; കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കി കോണ്‍ഗ്രസ്; ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി

തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ക്കെതിരെ കൈരളി ന്യൂസ് ചാനല്‍ വ്യാജവും അപകീര്‍ത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ എ ഐ സി സി നിയമ വിഭാഗം ചെയര്‍മാന്‍ ഡോ. അഭിഷേക് സിംഗ്വി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളില്‍ പച്ച നിറത്തിലുള്ള വട്ടം ബോധപൂര്‍വം ചേര്‍ത്തുവെന്നും പരാതികളില്‍ പറയുന്നു. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് പരാതി.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂര്‍വം വ്യാപകമായി പ്രചരിപ്പിക്കുന്നു ണ്ടെന്നുമാണ് പരാതി. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ സിംഗ്വി, കമ്മീഷന്റെ അടിയന്തര ഇടപെടല്‍ തേടി. വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ചാനലില്‍ നിന്നും ഈ വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും സിംഗ്വി പരാതിയില്‍ ആവശ്യപ്പെട്ടു.
കൂടാതെ, കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂര്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ വകുപ്പുകളായ 336(4) (വ്യാജരേഖ ചമയ്ക്കല്‍), 353(2) (പൊതുജനമധ്യത്തില്‍ വിദ്വേഷം പടര്‍ത്തല്‍), 61 (ക്രിമിനല്‍ ഗൂഢാലോചന), ഐടി ആക്ട് സെക്ഷന്‍ 66 എന്നിവ പ്രകാരം കൈരളി ന്യൂസിനും അതിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എ എ ഷുക്കൂര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.


