- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ ചുവപ്പിക്കാന്‍ പിണറായിപ്പട; ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കെ സുധാകരനും സംഘവും! ഇരിക്കൂറും പേരാവൂരിനുമൊപ്പം കണ്ണൂരും അഴീക്കോടും പിടിക്കാന്‍ യുഡിഎഫ് നീക്കം; കടന്നപ്പള്ളിക്ക് വീണ്ടും നറുക്ക് വീഴുമ്പോള്‍ തളിപ്പറമ്പില്‍ നികേഷ് കുമാര്‍ വരുമോ? മട്ടന്നൂര്‍ വിട്ട് ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് നീങ്ങുമോ? കണ്ണൂരിലെ പോരാട്ടചിത്രം ഇങ്ങനെ!
കണ്ണൂര്‍ ചുവപ്പിക്കാന്‍ പിണറായിപ്പട

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ തലസ്ഥാനമെന്ന വിശേഷണത്തിനര്‍ഹമായ കണ്ണുര്‍ ജില്ലയില്‍ മുന്നണികള്‍ എല്ലാം തന്നെ വളരെ പ്രതിക്ഷയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. ഉറച്ച കോട്ടയെന്ന വിശ്വാസം ഇടതിന് കരുത്താകുമ്പോള്‍ മറ്റ് ജില്ലകളിലേത് പോലെ തദ്ദേശത്തിലെ കുതിപ്പാണ് യുഡിഎഫിന് ഇന്ധനമാകുന്നത്.മാറുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകളാണ് ബി ജെ പി യുടെ കൈമുതല്‍.നിലവില്‍ 11 നിയമസഭ മണ്ഡലങ്ങളില്‍ 9 ഉം ഇടതിനൊപ്പമാണ്. പേരാവൂരും ഇരിക്കൂറുമാണ് യുഡിഎഫിന്റെ കയ്യിലുള്ളത്.
സംസ്ഥാനരാഷ്ട്രീയത്തിലെ അധികാരതലസ്ഥാനവും സംഘടനാകാര്യങ്ങളും നിയന്ത്രിക്കുന്ന കരുത്തരായ നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും കണ്ണൂരില്‍ കളത്തിലിറങ്ങും.അതിനാല്‍ തന്നെ വരുന്ന വേനലില്‍ കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ചൂട് അതിന്റെ പാരമ്യത്തിലെത്തുമെന്ന് തീര്‍ച്ച.
കോട്ട കാക്കാന്‍ എല്‍ ഡി എഫ്
എല്‍ ഡി എഫിന്റെ കരുത്തുറ്റ കോട്ട അതേപടി കാക്കാന്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാകും കണ്ണൂര്‍ ജില്ലയില്‍.മിക്കവാറും മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. മൂന്നാംവട്ടവും ഭരണത്തിലെത്താന്‍ ലക്ഷ്യമിടുന്ന എല്‍ഡിഎഫിന്റെ നായകനായ പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍തന്നെയാവും മത്സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാവും ഇത്തവണ മാറിനില്‍ക്കുന്ന പ്രധാന നേതാവ്. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിനെയാണ് പരിഗണിക്കാന്‍ സാധ്യത. ജയസാധ്യതയെച്ചൊല്ലി ചില നേതാക്കള്‍ക്കുള്ള അഭിപ്രായവ്യത്യാസം കൂടി പരിഗണിച്ചാവും തീരുമാനത്തിലേക്കെത്തുക. എം.വി. ഗോവിന്ദന്റെ അഭിപ്രായവും നിര്‍ണായകമാകും.അദ്ദേഹം നികേഷിന് അനൂകൂലമാണെന്നാണ് സൂചനകള്‍.
സണ്ണി ജോസഫ് മത്സരരംഗത്തുണ്ടാകില്ലെങ്കില്‍ പേരാവൂരില്‍ നല്ല മത്സരം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പ്രമുഖ നേതാക്കളില്‍ ആരെങ്കിലും മത്സരിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുകയാണെങ്കില്‍ കെ.കെ. ശൈലജയെ മട്ടന്നൂരില്‍നിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും രാജ്യസഭയിലെ കാലാവധി കഴിയാറായ ജോണ്‍ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചേക്കും. തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പകരം പി. ശശി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പ്രചരിക്കുന്നുണ്ട്. എം.വി. ജയരാജനും പി. ജയരാജനും മത്സരിക്കുന്നതിനെക്കുറിച്ചും അണികള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്. ഇവരിലാരെങ്കിലും മത്സരിക്കുകയാണെങ്കില്‍ ഉറച്ച സീറ്റ് മാറ്റിവെക്കും.
കൂടാതെ കണ്ണൂര്‍ നിയമസഭാമണ്ഡലം നിലനിര്‍ത്താന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മൂന്നാമങ്കത്തിനിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി.മണ്ഡലം ഏറ്റെടുക്കണമെന്ന് സിപിഎം ആലോചിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ ഒടുവില്‍ കടന്നപ്പള്ളിയില്‍തന്നെ ചെന്നുനിന്നു. യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനായതില്‍ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമാണെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തിയതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിച്ചു.
ഭരണവിരുദ്ധവികാരമുള്‍പ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ കടന്നപ്പള്ളിയുടെ സ്വീകാര്യതകൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ 26-ാം വയസ്സില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇ.കെ. നായനാരെ വീഴ്ത്തിത്തുടങ്ങിയ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പങ്കം 82-ാം വയസ്സിലും തുടരാന്‍ വഴിയൊരുങ്ങുകയാണ്.ആര്‍ ജെ ഡിയുടെ ഏക സീറ്റായ കൂത്തുപറമ്പില്‍ ഇത്തവണ കെ.പി. മോഹനന്‍ മത്സരിക്കുമോ എന്ന ചോദ്യമുയരുന്നുണ്ട്. മോഹനന്റെ സഹോദരന്റെ മകനും ആര്‍ജെഡി സംസ്ഥാന സെക്രട്ടറിയുമായ പി.കെ. പ്രവീണ്‍, സംസ്ഥാന സെക്രട്ടറിയായ കെ.പി. പ്രശാന്ത് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. കെ.പി. മോഹനന്റെ നിലപാട് അനുസരിച്ചായിരിക്കും കൂത്തുപറമ്പിലെ കാര്യങ്ങള്‍. സീറ്റ് നിലനിര്‍ത്താന്‍ മോഹനന്‍ വേണമെന്ന ചര്‍ച്ചയുമുണ്ട്.
അഴിക്കോട് കെ വി സുമേഷും കല്യാശ്ശേരിയില്‍ എം വിജിനും തന്നെ വീണ്ടും മത്സരിച്ചേക്കും.എന്നാല്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയം ചര്‍ച്ചയായ പയ്യന്നുരില്‍ നിലവിലെ എം എല്‍ എ ടി ഐ മധുസൂദനന്‍ തന്നെ വീണ്ടും വരുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പറയുമ്പോഴും രക്തസാക്ഷി ഫണ്ട് തട്ടിപ് പാര്‍ട്ടിക്ക് തലവേദന തന്നെയാണ്.
സ്ഥാനാര്‍ത്ഥികളില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നീ പേരുകളും പരിഗണനയിലുണ്ട്.മുതിര്‍ന്ന നേതാക്കളായ പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെയ പരിഗണിക്കുമെന്നാണ് സൂചന. .ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക സംസ്ഥാന ഭരണമുള്ള കേരളത്തില്‍ മൂന്നാമതും അധികാരത്തിലേറാന്‍ സിപിഎം യുദ്ധസമാനമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
ചെങ്കോട്ട ഇളക്കാന്‍ യു ഡി എഫ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ച കണ്ണൂരും അഴീക്കോടും കൂടി ചേര്‍ത്ത് 2 ല്‍ നിന്ന് 4 ലേക്ക് കുതിക്കാനാണ് യു ഡി എഫ് കണക്ക് കൂട്ടല്‍.എല്ലാ തിരഞ്ഞെടുപ്പിലും ഇരിക്കൂറില്‍ കോണ്‍ഗ്രസിലെ വിഐപിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയരുന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. മുന്‍ വര്‍ഷങ്ങളില്‍ കെ.സി.ജോസഫ് മത്സരിക്കുമോ എന്നായിരുന്നു ചര്‍ച്ച. 2021 ല്‍ കെസി ജോസഫ് മാറിയതോടെ പകരക്കാരനായി ചര്‍ച്ചയില്‍. ഇക്കുറി വീണ്ടും കെസി ചര്‍ച്ചയിലെത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരിക്കൂറില്‍ കെ.സി.വേണുഗോപാലിന്റെ പേരും ഇടയ്ക്ക് ചര്‍ച്ചയില്‍ എത്തിയിരുന്നു. കെ.സി.വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഇരിക്കൂര്‍ ആയിരിക്കും മത്സരിക്കുക എന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെ ആ ചര്‍ച്ച മങ്ങി.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മുഖ്യമന്ത്രി മോഹമില്ലെന്നും കെ.സി. വേണുഗോപാലും വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയായി.
നിയമസഭ തെരഞ്ഞെടുപ്പില്‍ എന്നും ചര്‍ച്ചയിലുണ്ടാകും ഇരിക്കൂര്‍. 1977 മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ഇരിക്കൂര്‍. 1982 മുതല്‍ 2016 വരെ തുടര്‍ച്ചയായി 8 വര്‍ഷം കെ.സി.ജോസഫ് മത്സരിച്ച് ജയിച്ച മണ്ഡലമാണ് ഇരിക്കൂര്‍. ഇടയ്ക്ക് പ്രാദേശിക സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കെ.സി. ജോസഫ് എത്തിയതോടെ തര്‍ക്കം മാറി നിന്നു. കെ.സി. ജോസഫിന്റെ മാറ്റത്തോടെ സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ ആവശ്യം ഉന്നയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും നാലു സെക്രട്ടറിമാരും ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ എ ഗ്രൂപ്പ് നേതാക്കളും പാര്‍ട്ടി പദവികള്‍ രാജിവച്ചിരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ എഐസിസി വിദേശകാര്യവിഭാഗം സെക്രട്ടറിയായിരുന്ന സജീവ് ജോസഫ് സ്ഥാനാര്‍ഥിയായി.പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് സജീവ് ജോസഫ് ജയിച്ചു. ഇക്കുറി ഇരിക്കൂര്‍ സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട് സജീവ് ജോസഫ്. കഴിഞ്ഞ തവണ വലിയ വിവാദങ്ങളും ചര്‍ച്ചകളും നടന്ന മണ്ഡലത്തില്‍ ഇത്തവണ ആര് മത്സരിക്കുമെന്നു ചോദിച്ചാല്‍ സജീവ് ജോസഫിന്റെ പേര് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലങ്ങളായ ഇരിക്കൂറും പേരാവൂരും നിലവിലെ എംഎല്‍എമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. കണ്ണൂരില്‍ മത്സരിക്കാന്‍കെ.സുധാകരന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. എംപി മാര്‍ക്ക് നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതൃത്വം അനുമതി നല്‍കില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികള്‍. മുന്‍ മേയര്‍ ടി.ഒ. മോഹനന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് പേരുകള്‍.
കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാന്‍ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവില്‍ മുസ്ലിം ലീഗിന്റെ സീറ്റാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്ലിം ലീഗിലെ െപാട്ടന്‍കണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്.9541 വോട്ടിന് കെ.പി.മോഹനന്‍ വിജയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പില്‍ സജീവമായി പരിഗണിക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പില്‍ സജീവമായി പരിഗണിക്കുന്നത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. കല്യാശ്ശേരിയില്‍ രജിത്ത് നാറാത്ത്, ജോഷി കണ്ടത്തില്‍ എന്നിവരുടെയും പയ്യന്നൂരില്‍ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ബ്രിജേഷ് കുമാര്‍ എന്നിവരുടെയും പേരുകള്‍ക്കാണ് മുന്‍ഗണന.
മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന് ആര്‍.എസ്.പി. കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പകരം മലബാറില്‍ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോണ്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരി, സജ്ജീവ് മാറോളി, ഫര്‍സീന്‍ മജീദ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. കോണ്‍ഗ്രസാണ് മത്സരിക്കുന്നതെങ്കില്‍ തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.കെ.ഷിബിന, കെ.പി.സാജു എന്നിവരെയാണ് പരിഗണിക്കുന്നത്. തളിപ്പറമ്പില്‍ വി.പി.അബ്ദുള്‍ റഷീദ്, മുഹമ്മദ് ബ്ലാത്തൂര്‍, രജനി രമാനന്ദ് എന്നിവര്‍ക്കാണ് മുന്‍തൂക്കം. യു.ഡി. എഫ്. വിജയിച്ച പേരാവൂരില്‍ കെ.പി. സി.സി. പ്രസിഡന്റ് സണ്ണി ജോസഫും ഇരിക്കൂറില്‍ സജീവ് ജോസഫും ഇത്തവണയും മത്സരിക്കും.നായര്‍ വിഭാഗത്തിന് ജില്ലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയില്‍ ആ വിഭാഗത്തില്‍പ്പെട്ടയാളെ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും ആലോചനയുണ്ട്.
വോട്ട് വിഹിതത്തില്‍ കണ്ണുംനട്ട് ബി ജെ പി
വിജയ പ്രതീക്ഷയ്ക്കപ്പുറം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രകടമായ മാറ്റത്തില്‍ കണ്ണൂരിനെ കൂടി ഉള്‍പ്പെടുത്താനാണ് ബി ജെ പി നീക്കം. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പരമാവധി നേട്ടം തന്നെയാണ് ബി ജെ പി യുടെ ലക്ഷ്യം. ഓരോ മണ്ഡലത്തിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
2021 ലെ കണക്കുകള്‍
എല്‍ ഡി എഫ്
1. ടി ഐ മധുസൂദനന്‍ - പയ്യന്നൂര്‍ -49,780
2. എം വിജിന്‍ - കല്യാശേരി -44, 393
3. എം വി ഗോവിന്ദന്‍ - തളിപ്പമ്പ് -22,689
4. കെ വി സുമേഷ് - അഴിക്കോട് - 6,141
5. രാമചന്ദ്രന്‍ കടന്നപ്പള്ളി - കണ്ണൂര്‍ -1,745
6. പിണറായി വിജയന്‍ - ധര്‍മ്മടം -50,123
7. എ എന്‍ സംസീര്‍-തലശ്ശേരി -36,801
8.കെ പി മോഹനന്‍ - കൂത്ത് പറമ്പ് -9,541
9. കെ കെ ശൈലജ -മട്ടന്നൂര്‍ - 60,963
യുഡിഎഫ്
1. സണ്ണി ജോസഫ് -പേരാവൂര്‍ - 3,172
2. സജീവ് ജോസഫ് - ഇരിക്കൂര്‍ -10,010
നാളെ-കാസര്‍കോഡ്


