തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 2,71,42,952 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുന്നത്. 1,39,21,868 സ്ത്രീ വോട്ടര്‍മാരും 1,32,20,811 പുരുഷന്മാരും 273 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ വോട്ടര്‍പട്ടികയാണ് ഇക്കുറി വിധിയെഴുതുന്നത്. ഇതിനു പുറമെ 53,984 സര്‍വീസ് വോട്ടര്‍മാരും ജനവിധിയുടെ ഭാഗമാകും. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറു മണി വരെ നീണ്ടുനില്‍ക്കും. മോക് പോളിംഗ് കഴിഞ്ഞു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടു ചെയ്യാന്‍ എത്തുന്നവരില്‍ 4,66,408 പേര്‍ 18-19 വയസ്സിനിടയിലുള്ള കന്നി വോട്ടര്‍മാരാണ് എന്നത് ഇക്കുറി തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റാന്‍ ശേഷിയുള്ള നിര്‍ണ്ണായക ഘടകമാണ്. യുവവോട്ടര്‍മാരുടെ ഈ വലിയ പങ്കാളിത്തം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. പ്രവാസി വോട്ടര്‍മാരായി ഇത്തവണ 2,42,093 പേരുണ്ട്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്താനായി മാത്രം വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ട് എന്നത് പോരാട്ടത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നു.

സജ്ജീകരണങ്ങളുടെ കാര്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 24 ഓക്‌സിലറി ബൂത്തുകള്‍ അടക്കം സംസ്ഥാനത്താകെ 30,495 പോളിംഗ് ബൂത്തുകളാണ് വോട്ടര്‍മാരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നടപടികള്‍ നിയന്ത്രിക്കുന്നത്. കഠിനമായ ചൂട് പരിഗണിച്ച് വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവയും പ്രത്യേക തണല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും ബൂത്തുകള്‍ അലങ്കരിച്ചിരിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 160 കമ്പനി കേന്ദ്രസേനാംഗങ്ങള്‍ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ നേരിട്ടുള്ള കാവലിന് പുറമെ വെബ്കാസ്റ്റിംഗ് വഴിയുള്ള തത്സമയ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ റൂട്ട് ഓഫീസര്‍മാരുടെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

85 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തുന്ന പ്രക്രിയ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2.07 ലക്ഷം മുതിര്‍ന്ന വോട്ടര്‍മാരില്‍ 98 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയില്‍ ആരും വിട്ടുപോകരുത് എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ നീക്കം വലിയ വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള 11 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മുന്നണികളെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അതിജീവനത്തിന്റെയും അപ്രമാദിത്വത്തിന്റെയും പോരാട്ടമാണ്. നൂറിലേറെ സീറ്റുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ആത്മവിശ്വാസം. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കുന്ന അംഗീകാരം മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് എല്‍.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു.

അതേസമയം, കേരളത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന അവകാശവാദവുമായാണ് എന്‍.ഡി.എ മത്സരരംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനാകുമെന്നും വോട്ടുവിഹിതത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ അതത് മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. പ്രമുഖരുടെ സാന്നിധ്യം വോട്ടര്‍മാരുടെ ആവേശം വര്‍ദ്ധിപ്പിക്കുമെന്നുറപ്പാണ്.

ഇന്നലെ നടന്ന നിശബ്ദ പ്രചാരണ ദിനത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടും കുടുംബയോഗങ്ങള്‍ വഴിയും വോട്ട് ഉറപ്പിക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിച്ചത്. 25 ദിവസം നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിന് ശേഷമുള്ള ഈ ശാന്തതയ്ക്ക് പിന്നില്‍ വലിയ അടിയൊഴുക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നണികള്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി സുഗമമായി പൂര്‍ത്തിയായി. വോട്ടിംഗ് യന്ത്രങ്ങളും മറ്റ് അവശ്യ രേഖകളും കൃത്യസമയത്ത് തന്നെ ബൂത്തുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാകും സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കുക. വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പോലീസും റൂട്ട് ഓഫീസര്‍മാരും പ്രത്യേക വാഹനങ്ങളില്‍ ഇവരെ അനുഗമിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇക്കുറി വോട്ടിംഗ് ശതമാനം നിര്‍ണ്ണായകമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് പോളിംഗ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുറമെ പ്രവാസികളുടെ വലിയ തോതിലുള്ള വരവും പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കാരണമാകും. ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണുള്ളത്.

രാഷ്ട്രീയ വിവാദങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഒരേപോലെ നിറഞ്ഞാടിയ പ്രചാരണകാലത്തിനൊടുവില്‍ ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നത് നിഗൂഢമായി തുടരുന്നു. മദ്യവും പണവും വിതരണം ചെയ്‌തെന്ന ആരോപണങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും ഉയര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ജാഗ്രതയോടെയുള്ള ഇടപെടല്‍ വഴി ഇത്തരം നീക്കങ്ങളെ തടയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വോട്ടര്‍മാരുടെ സ്വതന്ത്രമായ വിധിനിര്‍ണ്ണയത്തിന് കളമൊരുക്കാന്‍ എല്ലാ സംവിധാനങ്ങളും സജ്ജമാണ്.

ഇന്ന് പെട്ടിയിലാകുന്ന വിധിയെന്താണെന്ന് അറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. അതുവരെ കേരളം കണക്കെടുപ്പുകളുടെയും രാഷ്ട്രീയ വിശകലനങ്ങളുടെയും തിരക്കിലായിരിക്കും. ഭരണത്തുടര്‍ച്ചയോ അതോ ഭരണമാറ്റമോ എന്ന പ്രവചനാതീതമായ ചോദ്യത്തിന് ബാലറ്റ് പെട്ടികള്‍ മറുപടി നല്‍കുന്ന ആ ദിനത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ജനാധിപത്യത്തിന്റെ ഈ മഹാസംഗമത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്ന സന്ദേശവുമായാണ് ഇന്ന് കേരളം ഉണരുന്നത്.