തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ (09.50-am) 16.23 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 16.25 ശതമാനം, കൊല്ലം 16.4 ശതമാനം, പത്തനംതിട്ട 16.54 ശതമാനം, ആലപ്പുഴ 16.85 ശതമാനം, കോട്ടയം 16.30 ശതമാനം, ഇടുക്കി 15.25 ശതമാനം, എറണാകുളം 17.80 ശതമാനം, തൃശൂര്‍ 16.82 ശതമാനം, പാലക്കാട് 16.53 ശതമാനം, മലപ്പുറം 15.39 ശതമാനം, കോഴിക്കോട് 15.84 ശതമാനം, വയനാട് 16.44 ശതമാനം, കണ്ണൂര്‍ 15.65 ശതമാനം, കാസര്‍കോട് 15.8 ശതമനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് ശതമാനം. പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. പലവിധത്തിലുള്ള അവകാശവാദങ്ങളാണ് മുന്നണികള്‍ ഉന്നയിക്കുന്നത്.

ബിജെപി നിര്‍ണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍

വികസിത കേരളമെന്ന ബിജെപിയുടെയും എന്‍ഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തില്‍ ജനങ്ങള്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി കേരളത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്നും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അവസരംകിട്ടിയതില്‍ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിത്. എല്ലാവരും തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വോട്ട് ചെയ്യണം. ബിജെപി- എന്‍ഡിഎ മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാര്‍ഥമായി എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്ന് ജനം മനസിലാക്കി അത് ഏറ്റെടുത്തിട്ടുണ്ട്. വലിയ മാറ്റം ജനങ്ങള്‍ സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.

നിയമസഭയില്‍ പോയി ബഹളംവെയ്ക്കാനും കമ്പ്യൂട്ടര്‍ തകര്‍ക്കാനും സ്പീക്കറുടെ ടേബിളില്‍ കയറി ഭരതനാട്യം ചെയ്യാനുമല്ല ഞങ്ങള്‍ അവസരം ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരു അവസരം ചോദിക്കുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് മാറ്റണം. കേരളം ഇനി വളരണമെന്നും 140 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

നേമത്ത് ആത്മവിശ്വാസമുണ്ട്. ഈ മാറ്റം ജനങ്ങള്‍ ഏറ്റെടുത്തു. ഇനി മേയ് നാലിന് ഫലം കാണാം. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയാകില്ല. ബിജെപി നിര്‍ണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലക്കാട് ശോഭാ സുരേന്ദ്രനെതിരേയുള്ള വോട്ടിന് പണം ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമായ പ്രതികരണം നടത്തിയില്ല. ഇന്ന് സന്തോഷകരമായ ദിവസമാണ്. ഇന്ന് വിവാദങ്ങള്‍ വേണ്ട. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. പോലീസുണ്ട്. നിയമപരമായ നടപടികള്‍ അവര്‍ എടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും: പി കെ കുഞ്ഞാലിക്കുട്ടി

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങള്‍ വിശകലനംചെയ്താല്‍ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി വോട്ടിന് പണം വിതരണംചെയ്തെന്ന ആരോപണത്തില്‍ ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അവിടെയൊക്കെ ചെയ്യുന്ന പണികള്‍ ഇവിടെ ചെയ്താല്‍ ക്ലച്ച് പിടിക്കില്ല. തിരഞ്ഞെടുപ്പില്‍ ഒരു അക്കൗണ്ട് തുറക്കും, പിന്നെ ക്ലോസാകും. ഈ ഗതികേടില്‍ അവര്‍ നില്‍ക്കുന്ന കാരണമിതാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനാധിപത്യം വിജയിക്കണമെന്ന് ജി സുകുമാരന്‍ നായര്‍

ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ തങ്ങള്‍ പറയുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ജനാധിപത്യം വിജയിക്കണം അതിന് നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച് ഓരോ വോട്ടറും വോട്ടുചെയ്യണം. ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. ആരാ ജയിക്കുന്നത് അവര്‍ വരട്ടെ. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങള്‍ സ്വീകരിക്കണം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരെ ശിക്ഷിക്കണം. സര്‍ക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ'', ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായ തരംഗമുണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ ഇപ്പോള്‍ അങ്ങനെയൊന്നും പറയുന്നില്ല' എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.