കൊച്ചി: തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയത ആരോപിച്ചവര്‍, ഇപ്പോള്‍ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എല്‍.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍, വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാല്‍, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകള്‍ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിപിഐ പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വേണ്ടെന്ന് പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രണ് '. മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ വേണ്ടയോ എന്ന് ചോദ്യത്തിന് ഞങ്ങള്‍ ഒരു സ്റ്റാന്‍ഡില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വികസന വിഷയത്തില്‍ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശന്‍ വിമര്‍ശിച്ചു. ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെളിവുകള്‍ സഹിതം പൊളിച്ചതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരേ ആരോപണം വന്നപ്പോള്‍ രാജി ചോദിച്ചുവാങ്ങിയെങ്കില്‍, ഇപ്പോള്‍ അതിനേക്കാള്‍ വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വികസനം, ശബരിമല, സ്വര്‍ണക്കടത്ത്, വര്‍ഗീയത തുടങ്ങിയ ഏത് വിഷയത്തിലും മുഖ്യമന്ത്രിയുമായി, അദ്ദേഹം പറയുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്നും സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി നിയമസഭയില്‍ ഈ സര്‍ക്കാരിനെതിരേ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ഉറച്ചുനില്‍ക്കുന്നു. ശബരിമല വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് സര്‍ക്കാരും സ്പീക്കറും ചേര്‍ന്നാണ്. കോടതിയിലുള്ള വിഷയമാണെന്ന് പറഞ്ഞ് സഭയില്‍ ചര്‍ച്ച അനുവദിക്കാത്ത നിലപാടിനെതിരെയാണ് യുഡിഎഫ് അന്ന് ശക്തമായ സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വെറും 4,000 വീടുകള്‍ മാത്രമാണ് നിര്‍മിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം തെളിവുകള്‍ നിരത്തി പൊളിച്ചതാണ്. 4,43,000 വീടുകള്‍ അക്കാലത്ത് നിര്‍മിച്ചുവെന്ന രേഖകള്‍ പുറത്തുവിട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'ശബരിമല വിഷയത്തില്‍ മൂന്ന് സിപിഎം നേതാക്കള്‍ ജയിലില്‍ കിടന്നു. എന്തുകൊണ്ട് പാര്‍ട്ടി നടപടിയെടുത്തില്ല. അവര്‍ ഇപ്പോഴും പാര്‍ട്ടി സ്ഥാനങ്ങളില്‍ ഇരിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയമാണ്. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാവും. യുഡിഎഫ് 100 സീറ്റില്‍ അധികം നേടി അധികാരത്തില്‍ വരു'മെന്നും വി.ഡി സതീശന്‍ പറഞ്ഞു.