- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോപണങ്ങള്‍ ആളിക്കത്തിയ 24 ദിവസങ്ങള്‍; ഡീല്‍ മുതല്‍ 'ഡാഷ് മോന്‍' വരെ; വയനാട് ഫണ്ട് വിവാദവും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഇരുമുന്നണികളും പരസ്പരം ആയുധമാക്കി; തീപാറുന്ന പ്രചാരണം കഴിഞ്ഞ് കേരളം നാളെ ബൂത്തിലേക്ക്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്‍

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ചരിത്രപരമായ വിധിയെഴുത്തിന് നാളെ തുടക്കം. 2.71 കോടി വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമാകും. പത്തുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും, മൂന്നാം തവണയും അധികാരം നിലനിര്‍ത്തി ഹാട്രിക് വിജയം കുറിക്കാന്‍ എല്‍.ഡി.എഫും, നിര്‍ണ്ണായക ശക്തിയായി കരുത്തുകാട്ടാന്‍ എന്‍.ഡി.എയും സര്‍വ്വസജ്ജരാണ്. ഇത്തവണ ഒരു 'തൂക്കുസഭ'യ്ക്കുള്ള സാധ്യത തീരെ കുറവാണെന്നും തരംഗങ്ങള്‍ ആഞ്ഞുവിശിയാല്‍ അത് പ്രധാന മുന്നണികള്‍ക്ക് വലിയ നേട്ടമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തിയ സി.പി.എം-ബി.ജെ.പി 'ഡീല്‍' ആരോപണത്തോടെയാണ് പ്രചാരണത്തിന്റെ അജണ്ട സെറ്റ് ചെയ്യപ്പെട്ടത്. തുടക്കത്തില്‍ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് മുഖ്യമന്ത്രിതന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ പോരാട്ടം കടുത്തു. എസ്.ഡി.പി.ഐ-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതും, 'ചെറ്റത്തരം', 'വീട്ടില്‍ പോയി ചോദിക്ക്', ഒടുവില്‍ 'ഡാഷ് മോന്‍' പ്രയോഗം വരെ എത്തിയതും പ്രചാരണത്തിന് ചൂടേറ്റി. വയനാട് ഫണ്ട് വിവാദവും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഇരുമുന്നണികളും പരസ്പരം ആയുധമാക്കി.
ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ ഏറ്റെടുത്തെന്നുമാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. 110 സീറ്റുകള്‍ വരെ നേടി ചരിത്രപരമായ മൂന്നാം വിജയം അവര്‍ സ്വപ്നം കാണുന്നു. സര്‍ക്കാരിനെതിരെയുള്ള ശക്തമായ വികാരം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗാരന്റികളും പാര്‍ട്ടിക്കുള്ളിലെ ഐക്യവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഒരു എം.പി സ്ഥാനവും തലസ്ഥാന കോര്‍പ്പറേഷന്‍ ഭരണവും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 'വികസിത കേരളം' എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളും പത്തോളം മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക മുന്നേറ്റമുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിശബ്ദ തരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വോട്ടര്‍മാരുടെ മനസ്സില്‍ രൂപപ്പെട്ട ഭരണാനുകൂലമോ ഭരണവിരുദ്ധമോ ആയ തരംഗങ്ങള്‍ ആഞ്ഞുവിശിയാല്‍ അത് ഏതെങ്കിലും ഒരു മുന്നണിക്ക് വന്‍ ഭൂരിപക്ഷം നല്‍കാന്‍ ഇടയാക്കും. തൂക്കുസഭയ്ക്കുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നത് വോട്ടര്‍മാരുടെ വ്യക്തമായ നിലപാട് കണക്കിലെടുത്താണ്.
നിശബ്ദ പ്രചാരണത്തിന്റെ ഇന്നത്തെ പകല്‍ കഴിഞ്ഞ് നാളെ വോട്ടര്‍മാര്‍ ബൂത്തിലേക്ക് നീങ്ങുമ്പോള്‍ അത് കേരളത്തിന്റെ വരുംകാല രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിക്കും. തുടര്‍ഭരണത്തിലൂടെ ഇടതുപക്ഷം ചരിത്രം തിരുത്തുമോ അതോ പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വലതുപക്ഷം മടങ്ങിയെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.


