മലപ്പുറം: തിരൂരങ്ങാടി സീറ്റിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിന്ന മുന്‍ എംഎല്‍എ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ പരസ്യമായി പരിഹസിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

'രാത്രി വന്ന് കാലുപിടിച്ച് കരഞ്ഞു'

തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്ന രണ്ടത്താണിയെ ലക്ഷ്യമിട്ടാണ് സലാമിന്റെ കൂര്‍ത്ത പരിഹാസം. 'തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോ യുഡിഎഫ് പ്രവര്‍ത്തകനോ ഒരു പരാതിയും ഇല്ല. ഒരുപ്രശ്നവും ആര് ഉണ്ടാക്കിയിട്ടില്ല. തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്.' - പിഎംഎ സലാം പറഞ്ഞു.

ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ചിലര്‍ വികാരപ്രകടനം നടത്തുമെന്നും എന്നാല്‍ ഒടുവില്‍ ലീഗിന്റെ വിജയത്തിനായി അവര്‍ക്ക് തന്നെ പണിയെടുക്കേണ്ടി വരുമെന്നും സലാം കൂട്ടിച്ചേര്‍ത്തു. രണ്ടത്താണി ഇടഞ്ഞ് എല്‍ഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സലാമിന്റെ ഈ പ്രസ്താവന.

സിപിഎമ്മിനും 'കൊട്ട്'; താനൂരില്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല

ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ സിപിഎമ്മിനെതിരെയും സലാം രൂക്ഷമായ പരിഹാസം ഉയര്‍ത്തി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതുകൊണ്ട് സിപിഎം നേതാക്കള്‍ ലീഗ് നേതാക്കളുടെ വീടുകള്‍ കയറി നിരങ്ങുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. 'താനൂരില്‍ നിശ്ചയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല. ഇക്കാര്യത്തില്‍ അടിയന്തര സിബിഐ അന്വേഷണം വേണം. താനൂരിലെ കപ്പല്‍ മുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ തിരൂരിലേക്ക് മാറിയതെന്ന് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് തിരിച്ചടിച്ചു.

രണ്ടത്താണിയുടെ നിലപാട് മാറ്റം

നേരത്തെ പി.എം.എ. സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച രണ്ടത്താണി, ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ കെട്ടിയിറക്കിയതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ സലാമിന്റെയും മറ്റ് നേതാക്കളുടെയും സമ്മര്‍ദ്ദത്തിന് പിന്നാലെ അദ്ദേഹം പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളെ കാണുകയും ലീഗില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ ടതിരിച്ചുവരവിനെ'യാണ് ഇപ്പോള്‍ സലാം പരിഹാസരൂപേണ വിമര്‍ശിച്ചിരിക്കുന്നത്.

തിരൂരങ്ങാടിയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്ഥാനാര്‍ത്ഥി പി.എം.എ. സമീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഈ പരസ്യമായ വാക്‌പോര് അണികള്‍ക്കിടയില്‍ അസ്വാസര്യം സൃഷ്ടിച്ചിരിക്കുകയാണ്.