- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങള്‍ തമ്മില്‍ പിണക്കമല്ല, പ്രേമമാണ്!'; കണ്ണൂരിലെ കോണ്‍ഗ്രസ് പടലപിണക്കം തീര്‍ന്നു; സണ്ണി ജോസഫിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് സുധാകരന്‍; പേരാവൂരില്‍ എതിരാളികള്‍ക്ക് ഇനി ഇരട്ടപ്രഹരം; അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ യുഡിഎഫ് ക്യാമ്പില്‍ ഉണര്‍വ്!
കണ്ണൂരിലെ കോണ്‍ഗ്രസ് പടലപിണക്കം തീര്‍ന്നു

കണ്ണൂര്‍: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ മഞ്ഞുരുകി. സണ്ണി ജോസഫ് ഇന്ന് സുധാകരന്റെ നടാലിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ താന്‍ വളരെ സന്തോഷവാനാണെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. നാളെ സണ്ണി ജോസഫിന്റെ പ്രചാരണ പരിപാടിയില്‍ കെ. സുധാകരന്‍ പങ്കെടുക്കും.
സണ്ണി ജോസഫുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി ജോസഫിനെ തലയില്‍ കൈവച്ച് സുധാകരന്‍ അനുഗ്രഹിക്കുകയും ചെയ്തു. 'പേരാവൂരില്‍ പ്രചാരണത്തിന് താന്‍ പോകില്ലെന്ന് ആര് പറഞ്ഞു? പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ത്തു പോകുന്നവരാണ് ഞങ്ങള്‍. നേരത്തേതിനേക്കാള്‍ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരില്‍ ഇപ്പോഴുള്ളത്,' സുധാകരന്‍ വ്യക്തമാക്കി. തമ്മില്‍ കാണാന്‍ വൈകിയത് ഇരുവരും തിരക്കിലായിരുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങള്‍ തമ്മില്‍. പിണക്കമല്ല, ഞങ്ങള്‍ തമ്മില്‍ പ്രേമമാണ്,' എന്നും സുധാകരന്‍ തമാശരൂപേണ പറഞ്ഞു. സണ്ണി ജോസഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ഏറ്റവും അടുത്ത് ഇടപഴകിയ വ്യക്തി സണ്ണി ജോസഫാണെന്നും, സണ്ണിയോട് ചോദിക്കാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, സണ്ണിയും അങ്ങനെയാണെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.
കെ. സുധാകരന്‍ തന്റെ നേതാവാണെന്ന് സണ്ണി ജോസഫും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സുധാകരന്‍ മന്ത്രിയായപ്പോള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ ചുമതല തന്നെ ഏല്‍പ്പിച്ചതും, കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ ആ സ്ഥാനത്തേക്ക് എത്തിക്കാന്‍ വലിയ പിന്തുണ നല്‍കിയതും സണ്ണി ജോസഫ് അനുസ്മരിച്ചു. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്‌നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരന്‍ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.


