- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കില്ല, ഇസ്രായേലില്‍ ഇടപെടുമെന്ന് ഉര്ദുഗാന്; സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേലിന്റെ മറുപടി
അങ്കാറ: പലസ്തീനെതിരായ ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങി തുര്‍ക്കിയും. പലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്കി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് രംഗത്തെത്തി. ഇസ്രായേല്‍ നിയന്ത്രിത ഗോലാന്‍ കുന്നുകളിലേക്കും മിസൈലുകള്‍ പതിച്ച പശ്ചാത്തലത്തിലാണ് തുര്‍ക്കി മുന്നറിയിപ്പുമായി രംഗത്തുവന്നത്.
മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കി ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്ദുഗാന് പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഗസ്സയില്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇസ്രായേലിനെതിരെ തുര്‍ക്കി നിലപാട് സ്വീകരിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ വരെ ഉര്ദുഗാന് ഇടപെട്ട് റദ്ദാക്കിയിരുന്നു. കൂടാതെ ഗസ്സക്ക് ടണ്‍ കണക്കിന് സഹായഹസ്തവും തുര്‍ക്കി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്കി ഉര്ദ്ദുഗാന് രംഗത്തുവന്നത്.
"പലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്ഷേപാര്‍ഹമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവിധം നമ്മള് വളരെ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്തേക്കാം' -അദ്ദേഹം ജന്മനാടായ റൈസില്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ പറഞ്ഞു. "ഇത് ചെയ്യാതിരിക്കാന്‍ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാന്‍ നാം ശക്തരായിരിക്കണം" -യോഗത്തില്‍ ഉര്ദുഗാന് കൂട്ടിച്ചേര്‍ത്തു.
2020ല്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാറിനെ പിന്തുണച്ച് തുര്‍ക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോര്‍ണോ-കറാബാക്കില്‍ അസര്ബൈജാന് സൈനിക നീക്കം നടന്നപ്പോള്‍ തുര്‍ക്കിയ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നല്‍കിയതായി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
അതേസമയം ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ കാല്‍പ്പാടുകളാണ് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓര്മ വേണമെന്നും ഇസ്രായേല്‍ കാറ്റ്സ് എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ നിയന്ത്രിത ഗൊലാന്‍ കുന്നുകളിലെ ഫുട്ബാള്‍ മൈതാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 12 ആയി. 20 പേര്‍ക്ക് പരിക്കേറ്റു. മജ്ദല്‍ ഷംസിലെ ഡ്രൂസ് ടൗണില്‍ ശനിയാഴ്ച വൈകീട്ട് കുട്ടികള്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
അറബി സംസാരിക്കുന്ന ഡ്രൂസ് മത, വംശീയ വിഭാഗത്തിലെ 25,000 അംഗങ്ങള്‍ താമസിക്കുന്ന ഗോലാന്‍ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് മജ്ദല്‍ ഷംസ്. 1967ല്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്തതാണ് ഗൊലാന്‍ കുന്നുകള്‍. ലെബനന് ആസ്ഥാനമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നും തെക്കന്‍ ലെബനനിലെ ചെബാ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നും ഇസ്രായേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
തിരിച്ചടിയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിലും തെക്കന്‍ ലെബനനിലും ആക്രമണം നടത്തിയതായി ഞായറാഴ്ച പുലര്‍ച്ച ഇസ്രായേല്‍ സൈന്യം അറിയിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് ഹിസ്ബുല്ല ശക്തമായ വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു മുന്നറിയിപ്പ് നല്കി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ മുഖ്യ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഹിസ്ബുല്ല എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചിരിക്കുകയാണെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുല്ലയുടെ മുഖ്യ വക്താവ് മുഹമ്മദ് ഹഫിഫ് വ്യക്തമായി നിഷേധിച്ചു.
യു.എസ് സന്ദര്‍ശനം വെട്ടിക്കുറച്ച് നെതന്യാഹു ഉടന്‍ ഇസ്രായേലില്‍ തിരിച്ചെത്തുമെന്നും സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മന്ത്രിസഭ യോഗം വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസ് നല്കുന്ന സൂചന. ഹിസ്ബുല്ലക്ക് കനത്ത തിരിച്ചടി നല്‍കണമെന്നാണ് നെതന്യാഹു സര്‍ക്കാറിലെ തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഒമ്പത് മാസമായി ഗസ്സയില്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തെ സംബന്ധിച്ച് ഹമാസിനെക്കാള്‍ ശക്തരായ ഹിസ്ബുല്ലയുമായുള്ള യുദ്ധം എളുപ്പമായിരിക്കില്ല.