- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസ കച്ചവടത്തിനുള്ളതല്ല; റിയല്‍ എസ്റ്റേറ്റ് ഡീലറെ പോലെ ഇടപെടരുത്; ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്; ഗാസക്കാര്‍ പോകുന്നെങ്കില്‍ അത് ഇസ്രായേല്‍ കൈയേറിയ ഇടങ്ങളിലേക്ക് മാത്രം; എല്ലാ കുടിയിറക്കല്‍ പദ്ധതികളെയും ഫലസ്തീന്‍ ജനത പരാജയപ്പെടുത്തും; ട്രംപിനെതിരെ വിമര്‍ശനവുമായി ഹമാസ്
ഗാസ സിറ്റി: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്ത്. പ്രസ്താവനയില്‍ എതിര്‍പ്പ് ഉയരുമ്പോഴും ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ വിമര്‍ശനവുമായി ഹമാസ് രംഗത്തുവന്നത്. ട്രംപിന്റെ പ്രസ്താവന അസംബന്ധമാണെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുല്‍ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയല്ല. ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്. ഗാസക്കാര്‍ എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ അത് ഇസ്രായേല്‍ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
'ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് സ്വത്തല്ല. അത് 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീന്‍ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. റിയല്‍ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും. എല്ലാ കുടിയിറക്കല്‍, നാടുകടത്തല്‍ പദ്ധതികളെയും ഫലസ്തീന്‍ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണ്. ഗസ്സക്കാര്‍ എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ അത് നേരത്തെ ഇസ്രായേല്‍ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമാണ്' -റിഷ്ഖ് വ്യക്തമാക്കി.
കൂടുതല്‍ ബന്ദിമോചനത്തിനും ഗസ്സയില്‍ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തുവന്നത്. ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും തുടര്‍ന്ന് വമ്പന്‍ റിയല്‍ എസ്റ്റേറ്റ് സൈറ്റാക്കി കണക്കാക്കി പുനര്‍വികസനം കൈകാര്യം ചെയ്യാനുള്ള ചുമതല മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ഇന്നലെയും ആവര്‍ത്തിച്ചിരുന്നു ട്രംപ്.
ഇന്നലെ ന്യൂ ഓര്‍ലിയാന്‍സിലേക്ക് പോകുമ്പോഴാണ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിരുന്ന് ട്രംപ് ഗസ്സയെ വലിയ റിയല്‍ എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 'ഞങ്ങള്‍ അത് ഏറ്റെടുക്കും. പുനര്‍നിര്‍മ്മിക്കാന്‍ ഗസ്സയുടെ ഭാഗങ്ങള്‍ മിഡില്‍ ഈസ്റ്റിലെ മറ്റ് രാഷ്ടങ്ങള്‍ക്ക് നല്‍കാം. ഞങ്ങളുടെ ആഭിമുഖ്യത്തില്‍ മറ്റുള്ളവര്‍ക്കും അത് ചെയ്യാം. എന്നാല്‍, ഗസ്സയില്‍ ഹമാസ് തിരിച്ചെത്താതിരിക്കാനും അവരത് സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഗാസക്കാര്‍ക്ക് തിരികെ വരാന്‍ ഇപ്പോള്‍ അവിടെ ഒന്നുമില്ല. അത് തകര്‍ന്നടിഞ്ഞ സ്ഥലമാണ്' -ട്രംപ് പറഞ്ഞു.
കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ ഗസ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. 'ഗസ്സയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഫലസ്തീനികള്‍ സംസാരിക്കുന്നതിന്റെ ഒരേയൊരു കാരണം അവര്‍ക്ക് മറ്റൊരു വഴി ഇല്ല എന്നതാണ്. സുരക്ഷിതമായ ഒരു പ്രദേശത്ത് അവര്‍ക്ക് വീട് നല്‍കാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് ഒരു ബദല്‍ ഉണ്ടെങ്കില്‍ അവര്‍ ഗസ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കില്ല' -ട്രംപ് പറഞ്ഞു. നേരത്തെ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് തന്നെ ഇതിനെതിരെ ഫലസ്തീന്‍ ജനതയും ലോകരാഷ്ട്രങ്ങളും രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന വിമര്‍ശനവുമായി ട്രംപ് രംഗത്തുവന്നിരുന്നു. ഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. മോചിക്കപ്പെട്ട ബന്ദികളും അനുഭവിച്ച ക്രൂരതകള്‍ പുറത്തു പറയുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബന്ദികളെ ഹമാസ് ഉപദ്രവിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.