ഹനിയ്യയെ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈല്‍ ഉപയോഗിച്ചെന്ന് ഇറാന്; ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 12 പേര് അറസ്റ്റില്‍; യു.എസ് പിന്തുണയും ലഭിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
ടെഹ്റാന്: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഇസ്രായേല്‍ വധിച്ചതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല ലോകത്തിന്. ഇറാനാണ് ഈ വിഷയത്തില്‍ ലോകത്തിന് മുന്നില്‍ ഏറ്റവും നാണം കെട്ടത്. സംഭവത്തില്‍ ഇസ്രായേലിനെ വെല്ലുവിളിച്ചു ഇറാന് രംഗത്തുണ്ടെങ്കിലും കാര്യമായ ഒന്നും ആരൂം പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഹനിയ്യയെ കൊലപ്പെടുത്തിയതില്‍ യുഎസ് പിന്തുണയും ഉണ്ടെന്നാണ് ഇറാന്റെ ആരോപണം.
ഹനിയയെ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈല്‍ ഉപയോഗിച്ചെന്നും ഇറാന് പറയുന്നു. ടെഹ്റാനില്‍ അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിനു പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്ഫോടകവസ്തുക്കളടങ്ങിയ ഷോര്‍ട്ട് റേഞ്ച് പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഐ.ആര്.ജി.സി ആരോപിച്ചു. 'ഹനിയ്യക്കെതിരായ ആക്രമണം അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിന്റെ പുറത്തുനിന്ന് ഏകദേശം 15.4 പൗണ്ട് (ഏഴ് കിലോ) തൂക്കം വരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ ഒരു ഹ്രസ്വദൂര പ്രൊജക്ടൈല്‍ വിക്ഷേപിച്ചാണെന്ന് ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി'- ഐ.ആര്.ജി.സി പറഞ്ഞു.
ഹനിയ്യയുടെ കൊലപാതകത്തിന് ഇസ്രായേലിന് യഥാസമയത്തും കൃത്യസ്ഥലത്തുവച്ചും കഠിനമായ ശിക്ഷ ലഭിക്കുമെന്നും റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഹനിയ്യ കൊല്ലപ്പെട്ടത് മുന്‍പ് സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദൃക്സാക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഹനിയ്യ താമസിച്ച മുറി ലക്ഷ്യമാക്കി പുറത്തുനിന്ന് എത്തിയ മിസൈല്‍ പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് അവര്‍ പറഞ്ഞത്. ടെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ ഹനിയ്യയുടെ അടുത്ത മുറികളില്‍ താമസിച്ചവരാണ് ഇക്കാര്യം പറഞ്ഞത്.
വന്‍ സ്ഫോടനത്തില്‍ കെട്ടിടം കിടുങ്ങുകയായിരുന്നുവെന്ന് ഹനിയ്യയുടെ മുറിക്കു തൊട്ടരികില്‍ താമസിച്ച ഒരാള്‍ പറഞ്ഞു. ഇതിനുമുന്‍പ് തന്നെ ഉഗ്രശബ്ദം കേട്ടതായി അദ്ദേഹം വെളിപ്പെടുത്തി. മിസൈല്‍ ശബ്ദം പോലെയായിരുന്നു അത്. ബോംബ് പൊട്ടിത്തെറിച്ചതല്ല, മിസൈല്‍ തന്നെയാണെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ ഹനിയ്യയുടെ മുറിയുടെ മേല്‍ക്കൂരയും പുറത്തുനിന്നുള്ള ചുമരും തകര്‍ന്നിരുന്നതായി ഇതേ കെട്ടിടത്തില്‍ മറ്റു നിലകളില്‍ താമസിക്കുന്ന രണ്ടുപേര്‍ ചൂണ്ടിക്കാട്ടി.
ഹനിയ്യയെ നേരിട്ടു ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സംഭവത്തിനു പിന്നാലെ മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ടെഹ്റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദൃക്സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മേഖലയെ ഒരു യുദ്ധത്തിലേക്കു കൊണ്ടുപോകാന്‍ ഹമാസും ഇറാനും ലക്ഷ്യമിടുന്നില്ലെങ്കിലും ഹനിയ്യയുടെ കൊലയ്ക്കു പകരംവീട്ടുമെന്നും ഹയ്യ മുന്നറിയിപ്പ് നല്കി.
ബോംബ് സ്ഫോടനത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്നാണ് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അത്യന്താധുനികമായ ബോംബ് ആണ് പൊട്ടിത്തെറിച്ചത്. രണ്ടു മാസം മുന്‍പ് തന്നെ തെഹ്റാനിലേക്ക് അതീവരഹസ്യമായി കടത്തിയ ബോംബ് ഹനിയ്യ താമസിച്ച മുറിക്കു താഴെ സ്ഥാപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇറാന്- യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതെല്ലാം തള്ളുന്നതാണ് ഐ.ആര്.ജി.സിയുടെ കണ്ടെത്തല്‍.
അതേസമയം, കൊലപാതകത്തിന് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇറാനിയന്‍ ഏജന്റുമാരുടെ സേവനം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹനിയ്യയെ കൊലപ്പെടുത്താന്‍ ഇറാന് റവല്യൂഷണറി ഗാര്‍ഡുകളെ മൊസാദ് വിലയ്ക്കെടുത്തെന്നാണ് കഴിഞ്ഞദിവസം ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ഹനിയ്യയെ വധിക്കാന്‍ ഇറാനിയന്‍ സൈന്യത്തിലെ എലൈറ്റ് അന്‍സാര്‍ അല്‍-മഹ്ദി യൂണിറ്റിലെ അംഗങ്ങളെയും ഐ.ആര്.ജി.സി അം?ഗങ്ങളെയും മൊസാദ് നിയമിച്ചു എന്നാണ് ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ, ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ ഇറാന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെഹ്റാനില്‍ ഹനിയ്യ താമസിച്ച സൈനിക നിയന്ത്രണത്തിലുള്ള ഗസ്റ്റ്ഹൗസിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്റ്റാഫും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വീഴ്ച്ചയാണ് സംഭവത്തില്‍ ഉണ്ടായതെന്നാണ് വിമര്‍ശനം.
ജൂലൈ 31 ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇറാന് തലസ്ഥാനമായ തെഹ്റാനിലെ ഗസ്റ്റ് ഹൗസിനുനേരെ നടന്ന ആക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെടുന്നത്. പുതിയ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ടെഹ്റാനിലെത്തിയതായിരുന്നു അദ്ദേഹം.
അതിനിടെ അതിനിടെ ഇസ്രയേലിന് നേരേ യുദ്ധം നടത്തുമെന്ന് ഇറാന് പരമോന്നത നേതാവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചു. എന്നാല്‍ ഗള്‍ഫിലെ ഏത് മേഖല കേന്ദ്രീകരിച്ചാണ് ഇവ വിന്യസിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മുന്‍പും ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു ഹനിയ. അങ്ങനെയാണ് ഹനിയയുടെ മൂന്ന് മക്കളേയും ചെറുമക്കളെയുമൊക്കെ വിവിധ സമയങ്ങളിലായി ഇസ്രയേല്‍ കൊലപ്പെടുത്തിയത്.