- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്
ന്യൂഡല്‍ഹി: ലോകം ഉറ്റുനോക്കിയ ഇന്ത്യാ സന്ദര്‍ശനമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റേത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി പുടിന്‍ കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് ലോകത്ത് പുതിയ ശാക്തിക ചേരിക്ക് തന്നെ വഴിതുറക്കുമെന്ന വിലയിരുത്തലുകളുണ്ട്. പുടിന്റെ സന്ദര്‍ശനം വിജയകരമായതിന് പിന്നാലെ ഇന്ത്യ അമേരിക്കയുമായും ചര്‍ച്ചകള്‍ തുടരുകയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വ്യാപാര കരാറുമായി മുന്നോട്ടു പോകാനാണ് ഇന്ത്യയുടെ നീക്കം. ഉഭയകക്ഷി വ്യാപാര കരാറില്‍ അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. യു.എസ് ഡപ്യൂട്ടി ട്രേഡ് റെപ്രസന്റേറ്റീവ് റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്തെത്തുക.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് കരാറില്‍ യു.എസ് നടപടികള്‍ വേഗത്തിലാക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മില്‍ ഉഭയകക്ഷി വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധവും ഊര്‍ജ്ജവുമടക്കം നിര്‍ണായകമേഖലകളിലെ സഹകരണത്തിനും പുടിന്റെ സന്ദര്‍ശനത്തില്‍ തീരുമാനമായിരുന്നു. 2030ഓടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം നിലവിലെ 64 ബില്യണില്‍ നിന്ന് 100 ബില്യണിലേക്ക് ഉയര്‍ത്താനും ആഭ്യന്തര കറന്‍സി ഉപയോഗം വര്‍ധിപ്പിക്കാനും ഇന്ത്യയും റഷ്യയും ധാരണയിലെത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഉഭയകക്ഷി വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ക്കായി യു.എസ് സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. നവംബറില്‍ ഇന്ത്യ കരാര്‍ വ്യവസ്ഥകളിലെ അന്തിമ ശിപാര്‍ശകള്‍ യു.എസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാറില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല. അതേസമയം, വാണിജ്യ മന്ത്രാലയത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാനഡയുമായി വാണിജ്യ കരാറില്‍ ചര്‍ച്ചകള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മാര്‍ച്ചില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരക്കമ്മി നാലുദശലക്ഷം ഡോളറില്‍ നിന്ന് 1.5 ദശലക്ഷം ഡോളറാക്കി കുറക്കാനായിരുന്നു. ഈ കമ്മി മുമ്പ് ഉഭയക്ഷി വ്യാപാര കരാറില്‍ യു.എസ് പ്രതിനിധികള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.
സമഗ്ര വ്യാപാര കരാറിലൂടെ 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2024-25 കാലയളവില്‍ 131.84 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരവുമായി യുഎസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയുമായി ഒരു കരാര്‍ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി അഗര്‍വാള്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കരാറില്‍ ഏതാണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അഗര്‍വാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക താരിഫ് കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നവംബര്‍ 11ന് വ്യക്തമാക്കിയിരുന്നു. 'നിലവില്‍, ഇന്ത്യക്ക് മേല്‍ വലിയ താരിഫാണ് ചുമത്തിയിട്ടുള്ളത്. പ്രധാനമായും റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട നടപടിയാണിത്. അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി. നിലവില്‍ നാമമാത്രമാണ് വാങ്ങുന്നത്. ഉടന്‍ തന്നെ കുറക്കാന്‍ നടപടി സ്വീകരിക്കും' വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഡിസംബര്‍ 10 മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കും. യുഎസിന്റെ ഉപ വ്യാപാര പ്രതിനിധി റിക്ക് സ്വിറ്റ്‌സര്‍ നയിക്കുന്ന സംഘമാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സംഘത്തെ വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദര്‍പ്പണ്‍ ജെയിന്‍ നയിക്കും. ആറ് റൗണ്ട് ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ താരിഫ് പ്രശ്‌നം പരിഹരിക്കുന്ന ഒരു ഫ്രെയിംവര്‍ക്ക് വ്യാപാര കരാര്‍ ഈ വര്‍ഷം തന്നെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രൊപ്പോസലാണ് ഇന്ത്യ യുഎസിന് കൈമാറിയത്. അതേസമയം, രാജ്യതാല്‍പര്യം ബലികഴിച്ച് വ്യാപാരക്കരാറുകളില്‍ ഒപ്പിടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കര്‍ഷകരുടെയും പാലുല്‍പന്ന മേഖലയുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന നടപടികളുണ്ടാവില്ല.
യുഎസിന്റെ കനത്ത തീരുവമൂലം പ്രതിസന്ധിയിലായ കൃഷി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കരുത്തേകാനായി റഷ്യ ഉള്‍പ്പെടെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോല്‍പന്ന വിപണി തുറന്നുകിട്ടണമെന്നും അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ പൂജ്യമാക്കണമെന്നും ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ചര്‍ച്ചാസംഘം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ വിപണികള്‍ യുഎസിന് തുറന്നുകൊടുക്കുകയും തീരുവ ഒഴിവാക്കുകയും ചെയ്യുന്നത് രാജ്യത്ത് വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് വഴിയൊരുക്കുമെന്ന ഭീതി കേന്ദ്ര സര്‍ക്കാരിനുമുണ്ട്.




