ടെഹ്‌റാന്‍: യു.എസ് ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാന്‍. ഇസ്രായേലിനു മേല്‍ ശക്തമായ മിസൈല്‍ ആക്രമണമാണ് ഇറാനും നടത്തിയത്. 30 മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ എയര്‍ ഫോഴ്‌സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമിച്ചു.

മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകള്‍ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാന്‍ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകള്‍ പതിച്ചതായി ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പിന്നാലെ അമേരിക്കന്‍ സേനത്താവളങ്ങളെ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബഹ്‌റൈനില് സ്‌ഫോടനംണ്ടായെന്നാണ് പുറത്തുവന്നരുത്. ഇവിടെ അമേരിക്കയുടെ വ്യോമതാവളമുണ്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തി. ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്.

മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ഇക്കാര്യം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്. ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചിട്ടുണ്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാന്‍ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും അപായ സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചെന്ന് ഇസ്രയേല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ആക്രമണത്തിന്റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈന്‍ ആക്രമണമാണ് ഇറാന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇറാന്റെ തിരിച്ചടി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ഇസ്രയേല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വന്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പൗരന്‍മാര്‍ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകര്‍ക്കാനുമുള്ള അടിയന്തര നീക്കങ്ങള്‍ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങള്‍ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരന്‍മാര്‍ സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ ഇസ്രായേലില്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയത്. ഇന്ന് രാവിലെയാണ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചത്. ഇരുപക്ഷത്തുമുള്ള നാശനഷ്ടങ്ങളോ ആളപായമോ പുറത്തുവന്നിട്ടില്ല.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധ ഭീഷണിക്കിടെയാണ് ഇറാന് മേല്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിര്‍വ്യാപന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.