ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് ഉറ്റുനോക്കുന്നു. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള വേദിയെന്ന് നിലയില്‍ ലോകത്തിന്റെ ശ്രദ്ധ ഇസ്ലാമാബാദിലാണ്. ചര്‍ച്ചകള്‍ക്കായി ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇസ്ലാമാബാദ് ചര്‍ച്ചകള്‍' എന്ന് പേരിട്ടിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും ഉടന്‍ പാക്കിസ്ഥാനിലെത്തും. ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ സുപ്രധാന നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ചര്‍ച്ചകള്‍ക്കായി എത്തിയിരിക്കുന്നത്. പാര്‍ലമെന്റ് സ്പീക്കര്‍ നയിക്കുന്ന സംഘത്തില്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി അലി അക്ബര്‍ അഹ്‌മദിയാന്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മതി എന്നിവര്‍ക്ക് പുറമെ മറ്റ് പ്രമുഖരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരാണുള്ളത്. പശ്ചിമേഷ്യയില്‍ യുദ്ധത്തിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍. എന്നാല്‍ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും മുന്നോട്ടുവെച്ചിട്ടുള്ള കര്‍ശനമായ നിബന്ധനകളും ചര്‍ച്ചകള്‍ക്ക് തുടക്കത്തിലേ നിഴല്‍ വീഴ്ത്തുന്നുണ്ട്.

നേരത്തെ ഇറാന്‍ ഇന്ന് നിലനില്‍ക്കുന്നത് തന്നെ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായതുകൊണ്ടാണെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' ട്രംപ് കുറിച്ചിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ സജ്ജമാണെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ലബനാനിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ യു.എസുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ഇറാന്‍. രാജ്യത്തിന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നും ഇറാന്‍ ഉപാധിവെച്ചിരുന്നു. ലെബനാനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇസ്രായേല്‍ ആക്രമണങ്ങളില്‍നിന്ന് പിന്മാറണമെന്നുമാണ് ഇറാന്റെ ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം യു.എസ് ഉപരോധം കാരണം വിദേശ ബാങ്കുകളില്‍ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതേ നിലപാട് ആവര്‍ത്തിച്ചു.

ലബനാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. വെള്ളിയാഴ്ച ബൈറൂത്തിന്റെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ലയുടെ പ്രത്യാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലബനാന്‍-ഇസ്രായേല്‍ ചര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് മറ്റു ചില നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചയുടെ ഫലശ്രുതി സംബന്ധിച്ച് ആശങ്ക നിഴലിക്കുന്നുവെങ്കിലും മാധ്യസ്ഥ്യശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാക്കിസ്താന്‍, തുര്‍ക്കി, ഈജിപ്ത് പ്രതിനിധികള്‍ തികഞ്ഞ പ്രതീക്ഷയിലാണ്.

പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്നും മേഖലയില്‍നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാല്‍, ലബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ഇറാന്‍ പ്രതിനിധികള്‍ ഇസ്‌ലാമാബാദിലെത്തിയത്. ഇസ്രായേലിനും യു.എസിനും ആക്രമണം നടത്താന്‍ സഹായകമാകുന്ന വെടിനിര്‍ത്തലിനോട് സഹകരിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.