ഗസ്സ: ഗസ്സയെ പൂര്‍ണമായി ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ തുരത്താന്‍ ഗസ്സയിലെ സൈനിക നടപടികള്‍ ശക്തമാക്കുമെങ്കിലും ഗസ്സ പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയ്ക്കുള്ളില്‍ പുതിയ സുരക്ഷാ വലയം സ്ഥാപിക്കാനാണ് തയ്യാറെടുക്കുന്നത്. എന്‍ഡി ടിവിയോടാണ് ബെഞ്ചമിന്‍ നെതന്യാഹു തന്റെ ഭാവി പദ്ധതി വെളിപ്പെടുത്തിയത്.

ഹമാസിന്റെ ഉന്മൂലനത്തിനും ബന്ദികളുടെ തിരിച്ചുവരവിനുമാണ് ഗസ്സയിലെ സൈനിക ഓപ്പറേഷന്‍ വിപുലീകരിക്കുന്നത്. സൈനിക നീക്കം ഉണ്ടാകുമെങ്കിലും സമ്പൂര്‍ണമായ പിടിച്ചെടുക്കല്‍ ഉണ്ടാവില്ല. ഗസ്സയെ ഒരു താല്‍ക്കാലിക ഭരണ അതോറിറ്റിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഹമാസിന്റെ കടന്നുകയറ്റം ഉണ്ടാകാതിരിക്കാന്‍ ഗസ്സയില്‍ സുരക്ഷാ വലയം തീര്‍ക്കും.

ഹമാസ് ആയുധം വച്ച് കീഴടങ്ങിയാല്‍ യുദ്ധം ഉടനടി അവസാനിക്കുമെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നത്. ഭാവിയില്‍ വലിയ തോതില്‍ സാധാരണക്കാരായ ഫലസ്തീന്‍ പൗരന്മാരുടെ ജീവാപായം ഒഴിവാക്കാനും സാധിക്കും. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ കൂട്ടക്കുരുതിക്ക് പിന്നാലെയുള്ള ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ ഇതുവരെ 61,158 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

ഹമാസിനെ ദുര്‍ബലമാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നുണ്ടെങ്കിലും തീവ്രസംഘടന അടിക്കടി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഗസ്സയുടെ പൊതുസ്ഥിതി പരിതാപകരമാണ്. പട്ടിണി രൂക്ഷമാണ്. ഈജിപ്റ്റും, ഖത്തറും, യുഎസും ഉള്‍പ്പെട്ട രാജ്യാന്തരതല മധ്യസ്ഥ ചര്‍ച്ചകള്‍ ഇതുവരെ സ്ഥായിയായ സമാധാനത്തിന് വഴി തുറന്നിട്ടില്ല. ജനുവരിയില്‍, ട്രംപ് ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കിയ ആറാഴ്ചത്തെ വെടിനിര്‍ത്തലും പരിഹാരമായില്ല. വെടിനിര്‍ത്തല്‍ കാലയളവില്‍, 25 ബന്ദികളെ ജിവനോടെ വിട്ടയച്ചു. 8 മൃതദേഹങ്ങളും വിട്ടുനല്‍കി.

ഹമാസ് നിരായുധീകരിക്കുന്നില്ലെന്ന് ആരോപിച്ച് മാര്‍ച്ചില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറി. കൂടുതല്‍ ബന്ദികളെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷം പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ അല്ലാതെ കാര്യമായ നീക്കമൊന്നും ഉണ്ടായില്ല.

ഉപാധികളില്ലാതെ ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍, ഹമാസിന് നാളെ തന്നെ യുദ്ധം അവസാനിപ്പിക്കാമെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍, ഹമാസ് ഇസ്രയേലിന്റെ ആവശ്യങ്ങള്‍ വകവയ്ക്കാന്‍ തയ്യാറല്ല. ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുക, ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുക, ഇസ്രയേല്‍ വീണ്ടും ആക്രമിക്കില്ലെന്ന് രാജ്യാന്തരതലത്തില്‍ ഉറപ്പ് എന്നിവയാണ് ഹമാസിന്റെ ആവശ്യങ്ങള്‍.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നെതന്യാഹു ഇന്നു സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഇസ്രയേല്‍ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്.

ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് പറയുന്നെങ്കിലും നിരവധി സാധാരണക്കാരും മരിച്ചുവീഴുന്നു.