ബെയ്‌റൂത്ത്: ലെബനാനില്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണവുമായി ഇസ്രയേല്‍. ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെയ്‌റൂട്ട്, തെക്കന്‍ ലബനന്‍, കിഴക്കന്‍ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ബുധനാഴ്ച ഉച്ചയോടെ വെറും 10 മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തിയത്. ജനസാന്ദ്രതയേറിയ ബെയ്‌റൂത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായാണ് ലബനാന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

കേവലം 10 മിനിറ്റില്‍ നൂറോളം ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അവിചായ് അദ്രായീ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ല തലവന്‍ നഈം ഖാസിമിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് ഇസ്രയേല്‍ മാധ്യമമായ 'ചാനല്‍ 12' റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെയും വെസ്റ്റ് ബെയ്‌റൂത്തിലെയും വാണിജ്യ കേന്ദ്രങ്ങളിലും ഫ്‌ലാറ്റുകളിലുമാണ് ബോംബുകള്‍ പതിച്ചത്. നഗരത്തിന് മുകളില്‍ കറുത്ത പുകപടലങ്ങള്‍ ഉയരുകയാണ്. തെക്കന്‍ ലബനാന്‍, ബെക്കാ താഴ്വര, അലെ ജില്ലയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം വളരെ വലുതാണെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലബനീസ് റെഡ് ക്രോസ് അറിയിച്ചു.

തെക്കന്‍ ലബനാനില്‍ നിന്ന് പലായനം ചെയ്‌തെത്തിയ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ തങ്ങുന്ന നഗരങ്ങളിലാണ് ഇസ്രയേല്‍ മുന്നറിയിപ്പില്ലാതെ ബോംബ് വര്‍ഷിച്ചത്. ഇത് വലിയ പരിഭ്രാന്തിക്ക് കാരണമായി. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും പ്രൊഫസറുമായ സാദിഖ് അല്‍ നബൂള്‍സി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.

തീപിടിച്ച കെട്ടിടങ്ങള്‍ക്കിടയിലൂടെ ആംബുലന്‍സുകള്‍ ചീറിപ്പായുന്നതും അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതുമായ കാഴ്ചകളാണ് ലബനാനിലുടനീളം കാണാനാവുന്നത്. പരിക്കേറ്റവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ വെടിനിര്‍ത്തല്‍ ലബനാന് ബാധകമല്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ വാര്‍ത്ത വന്നതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തിരുന്ന പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇസ്രയേലിന്റെ പുതിയ ബോംബാക്രമണത്തോടെ വീണ്ടും പെരുവഴിയിലായി.

ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലാണ് ബോംബുകള്‍ വീഴുന്നത്. മാര്‍ച്ച് 2-ന് യുദ്ധം പുനരാരംഭിച്ച ശേഷം ലബനാനില്‍ ഇതുവരെ 1,500-ലധികം പേര്‍ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായാണ് കണക്ക്. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ലബനലനിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. രാജ്യാന്തര തലത്തില്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യുറേനിയം സമ്പൂഷ്ടീകരണം നടത്തിയാല്‍ ഇറാന് ഉപരോധത്തില്‍ ഇളവെന്ന് ട്രംപ്

ഇറാനില്‍ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ യു.എസ്. സമ്മര്‍ദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തിന് ശേഷമുള്ള വെടിനിര്‍ത്തല്‍ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് അറിയിച്ചു.

സംഘര്‍ഷാനന്തര സാഹചര്യത്തില്‍ യു.എസ്. ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനപ്പെട്ട പലകാര്യങ്ങളിലും ഇതിനകം ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല. അവരുമായി സഹകരിച്ച് ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തീയതി മുതല്‍ അവയില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായുള്ള അടുത്ത ഘട്ട ഇടപെടലുകളില്‍ സാമ്പത്തിക നടപടികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനുമേല്‍ ചുമത്തിയ താരിഫുകളിലും ഉപരോധങ്ങളിലും ഇളവ് വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിര്‍ദേശിക്കപ്പെട്ട 15 പോയിന്റ് ചട്ടക്കൂടില്‍ പലകാര്യങ്ങളിലും ഇരുപക്ഷവും ഇതിനോടകം ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ ഈ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

'അടിയന്തരമായി ഇന്ത്യക്കാര്‍ ഇറാന്‍ വിടുക'; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹിന്മ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംബസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ എംബസി നിര്‍ദേശിച്ച വഴികളിലൂടെയോ ഇറാന്‍ വിടാനാണ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംബസിയുമായി മുന്‍കൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിര്‍ത്തികളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള എംബസിയുടെ നമ്പറുകള്‍ : +989128109115; +989128109109; +989128109102; +989932179359.

ഇമെയില്‍ ഐഡി: cons.tehran@mea.gov.in.

ഇറാനില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുഎസും ഇറാനുമായുള്ള ചര്‍ച്ചകള്‍ പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനു മേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചാണ് വെടിനിര്‍ത്തലെന്നും ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് ആവശ്യപ്പെട്ടു. അതിനിടെ ഇറാനുമായി ധാരണയിലെത്താന്‍ ശ്രമിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാന്‍ ഇറാന്‍ സമ്മതിക്കുന്നതിനെ ആശ്രയിച്ചാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായും നിലവില്‍ വരികയെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.