- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ആഴ്ചകളില്‍ നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു; യുഎസിന്റെ 50 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരാനിരിക്കെ റിപ്പോര്‍ട്ടുമായി ജര്‍മ്മന്‍ പത്രം; മോദി കാട്ടിയത് രോഷത്തിനൊപ്പം ജാഗ്രതയും; വിയറ്റ്‌നാമിന് ട്രംപ് കൊടുത്ത പണി പാഠമായി; റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ലോകം
നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു
ന്യൂഡല്‍ഹി: അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. രാജ്യത്തെ കര്‍ഷകരെയും, ചെറുകിട സംരംഭകരെയും, കന്നുകാലി വളര്‍ത്തുകാരെയും ഹനിക്കുന്ന ഒരു കരാറിനും ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഹമ്മദാബാദില്‍ വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം അധിക തീരുവ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ, മോദി ട്രംപിന്റെ സമീപ കാല ഫോണ്‍കോളുകള്‍ നിരസിച്ചതായി ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചകളില്‍ മോദിയെ നാലുതവണയെങ്കിലും ഫോണില്‍ വിളിക്കാന്‍ ട്രംപ് ശ്രമിച്ചു. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹവുമായി സംസാരിക്കാന്‍ വിസമ്മതിച്ചു എന്നാണ് മെയിന്‍സ് കേന്ദ്രമായുള്ള ജര്‍മ്മന്‍ പത്രം ഫ്രാങ്കഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ റിപ്പോര്‍ട്ട് ചെയ്തത്.
'ട്രംപ് സമീപ ആഴ്ചകളില്‍ നാല് തവണ മോദിയെ വിളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ മോദി പ്രതികരിച്ചില്ലെന്നും FAZ റിപ്പോര്‍ട്ട് ചെയ്യുന്നു,' ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ തോര്‍സ്റ്റന്‍ ബെന്നര്‍ എക്‌സില്‍ കുറിച്ചു.
'ഇന്ത്യ റഷ്യയുമായി എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു താല്പര്യവുമില്ല. അവരുടെ ചത്ത സാമ്പത്തിക വ്യവസ്ഥകളെ ഒരുമിച്ച് താഴേക്ക് വലിക്കട്ടെ,' എന്ന് ട്രംപ് ജൂലൈ 31 ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഓഗസ്റ്റ് 10 ന് മോദി പരോക്ഷമായി പ്രതികരിക്കുകയും ഇന്ത്യ ലോകത്തിലെ ആദ്യത്തെ മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മോദിക്ക് അനിഷ്ടം തോന്നിയതിന്റെ സൂചനകളുണ്ട്,' എന്ന് FAZ നിരീക്ഷിച്ചു.
യുഎസ് വിപണിയുടെ മേലുളള മറ്റുരാജ്യങ്ങളുടെ ആശ്രയത്വത്തെ ചൂഷണം ചെയ്യുന്ന ട്രംപിന്റെ പതിവ് സമീപനത്തെയാണ് മോദി ചെറുത്തതെന്ന് പത്രം അഭിപ്രായപ്പെട്ടു ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ അടിയറ വയ്ക്കാതെയാണ് ട്രംപിന്റെ ആദ്യകാലയളവില്‍ മോദി സഹകരണാടിസ്ഥാനത്തിലുള്ള ബന്ധം നിലനിര്‍ത്തിയത്. തങ്ങള്‍ക്ക് വഴങ്ങാനായി പലവട്ടം ട്രംപ് പ്രേരിപ്പിച്ചതാണ് ഈ സാഹചര്യത്തിലെ അദ്ഭുതകരമായ കാര്യമെന്നും ഫ്രാങ്കഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനോട് സംസാരിക്കാന്‍ വിസമ്മതിച്ചത് തന്നെ അദ്ദേഹത്തിന്റെ രോഷം മാത്രമല്ല, ജാഗ്രതയും തെളിയിക്കുന്നു.
വിയറ്റ്‌നാമിന് കൊടുത്ത പണി പാഠമായി
നേരത്തെ യുഎസും വിയറ്റ്‌നാമും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ പ്രതിനിധിതലത്തില്‍ നടക്കവേ കരാര്‍ എത്തുന്നതിന് മുമ്പേ, കരാറില്‍ എത്തിയെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അത്തരം കെണിയില്‍ വീഴാതിരിക്കാനാണ് മോദി കരുതലെടുക്കുന്നതെന്ന് ജര്‍മ്മന്‍ പത്രം വിലയിരുത്തുന്നു. അമേരിക്കയുടെ തന്ത്രം ഫലിക്കുന്നില്ല. ചൈനയെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമത്തില്‍ ഇന്ത്യ മുഖ്യ പങ്കുവഹിക്കുന്ന ഇന്തോ-പസഫിക് ചേരി എന്ന യുഎസ് ആശയം തകരുകയാണെന്നും എഫ്എസെഡ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ ഇന്ത്യയിലെ നിര്‍മ്മാണ പദ്ധതികളും വിവാദത്തില്‍ പെട്ടെന്ന് ജര്‍മ്മന്‍ പത്രം വിശകലനം ചെയ്യുന്നു. ഡല്‍ഹിക്ക് അടുത്ത് ട്രംപിന്റെ കുടുംബ കമ്പനി അദ്ദേഹത്തിന്റെ പേരില്‍ ആഡംബര പാര്‍പ്പിട സമുച്ചയം പണിതു. 12 ദശലക്ഷം യൂറോ വിലയിട്ട 300 അപ്പാര്‍ട്ട്‌മെന്റുകള്‍ മെയില്‍ ഒറ്റ ദിവസം കൊണ്ടാണ് വിറ്റുപോയത്. എന്നാല്‍, സമീപകാല ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താനിടപെട്ടാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക്കിസ്ഥാനിലെ എണ്ണ ശേഖരം വികസിപ്പിക്കുമെന്നും ഇന്ത്യ പിന്നീട് ബദ്ധശത്രുവില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ഉള്ള ട്രംപിന്റെ പ്രസ്താവനയും മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് ഓവല്‍ ഓഫീസില്‍ ട്രംപ് വിരുന്ന് നല്‍കിയതും ഇന്ത്യയ്ക്ക് അനിഷ്ടമായെന്ന് എഫ് എ സെഡ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ചൈനയുമായി പഴയ വൈരം മറന്ന് ഇന്ത്യ അടുക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഈയാഴ്ച അവസാനം മോദി ടിയാന്‍ജിനില്‍ ഷാങ്ഹായി സഹകരണ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കും. ട്രംപ് ഇന്ത്യയെ ചൈനയോട് കൂടുതല്‍ അടുപ്പിക്കുകയാണെന്ന് പറഞ്ഞാലും തെറ്റില്ല. ജൂണ്‍ 17 നാണ് ജി 17 ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഏറ്റവും ഒടുവില്‍, മോദി ട്രംപുമായി 35 മിനിറ്റ് സംസാരിച്ചത്.
റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ?
അതേസമയം, ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ, അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ റഷ്യ-ഇന്ത്യ-ചൈന (RIC) കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നു. ഈ വര്‍ഷാവസാനം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ഇന്ത്യാ സന്ദര്‍ശനവും ഓഗസ്റ്റ് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷാങ്ഹായ് ഉച്ചകോടിയിലെ പങ്കാളിത്തവും ഈ ചര്‍ച്ചകള്‍ക്ക് ചൂടുപകരുന്നു.
നേട്ടങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്ന ട്രംപിന്റെ നയങ്ങള്‍ക്ക് വഴങ്ങാതെ, കടുത്ത നിലപാടുകള്‍ ഉപേക്ഷിച്ച് പരസ്പരം സഹകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായേക്കുമെന്ന് ചില അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ആഗോള വിപണിയില്‍ ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ മൂന്നു രാജ്യങ്ങളും തമ്മില്‍ ഒരു ധാരണയോ കൂട്ടായ്മയോ രൂപീകരിക്കുകയാണെങ്കില്‍, അത് അമേരിക്കക്ക് കാര്യമായ വെല്ലുവിളിയാകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ, ചൈന, റഷ്യ എന്നിവയുടെ സംയുക്ത മൊത്തം ആഭ്യന്തരോത്പാദനം (GDP) 53.9 ട്രില്യണ്‍ ഡോളറാണ്. ഇത് ആഗോള സാമ്പത്തിക ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരും. ഈ രാജ്യങ്ങള്‍ സംയുക്തമായി 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നു, ഇത് ലോകത്തെ ആകെ കയറ്റുമതിയുടെ അഞ്ചിലൊന്നാണ്. കൂടാതെ, 4.7 ട്രില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരവും (ലോകത്തെ വിദേശ നാണ്യ ശേഖരത്തിന്റെ 38%) ഈ രാജ്യങ്ങള്‍ കൈവശം വെക്കുന്നു. ലോക ജനസംഖ്യയുടെ 37.8 ശതമാനവും (310 കോടി) ഈ രാജ്യങ്ങളിലാണ് വസിക്കുന്നത്. ഇത് വിപണി സാധ്യതകളില്‍ സംശയം വേണ്ടതില്ലെന്ന് അടിവരയിടുന്നു.
പ്രതിരോധ രംഗത്തും RIC രാജ്യങ്ങള്‍ ശ്രദ്ധേയമായ ശക്തിയാണ്. ലോകരാജ്യങ്ങളുടെ പ്രതിരോധ ബജറ്റിന്റെ 20.2 ശതമാനം അഥവാ 549 ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി ഈ രാജ്യങ്ങള്‍ ചെലവഴിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് ശേഷം, ഇന്ത്യയും ചൈനയും പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ചാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്.
ഇത് പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡോളര്‍ ശേഖരം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.ഈ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം നിര്‍ണ്ണായകമാകും.