- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല'; ഇറാന്‍ ആക്രമണത്തിനു മുന്‍പ് ട്രംപിന് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍; 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യില്‍ നിന്നും തലയൂരാന്‍ പാടുപെട്ട് ഒടുവില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍; ചര്‍ച്ചകളൊന്നും സ്ഥിരീകരിക്കാതെ ഇറാന്‍
'പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല

വാഷിങ്ടന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ട്രംപ് ഇറങ്ങിത്തിരിച്ചതോടെ ആഗോള സാമ്പത്തിക രംഗം തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്. ഒടുവില്‍ എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് ട്രംപ്. ഇറാനെ കുറിച്ചുള്ള കണക്കൂകൂട്ടലെല്ലാം തെറ്റുകയാണ് ഉണ്ടായത്.
ഇറാനെതിരായ ആക്രമണം തുടങ്ങുന്നതിനു 48 മണിക്കൂര്‍ മുമ്പ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒരു യുദ്ധം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടന്‍ ടെഹ്റാനിലെ വസതിയില്‍ യോഗം ചേരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലൂടെ ട്രംപിനും നെതന്യാഹുവിനും നേരത്തെ അറിയാമായിരുന്നു.
ഇരുവരുടെയും ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. ആയത്തുല്ല അലി ഖമനയിയെ വധിക്കാനും, 2024ല്‍ ട്രംപ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ വധിക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യാനും ഇതിലും നല്ലൊരു അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ഫോണിലൂടെ പറഞ്ഞു.
ഫോണ്‍ കോള്‍ നടക്കുമ്പോഴേക്കും ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ എപ്പോള്‍, ഏത് സാഹചര്യത്തില്‍ വേണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. മേഖലയില്‍ യുഎസ് സൈന്യം ആഴ്ചകളായി തമ്പടിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചിരുന്ന ആക്രമണം മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു.
നെതന്യാഹുവിന്റെ വാദങ്ങള്‍ ട്രംപിനെ എത്രത്തോളം സ്വാധീനിച്ചു എന്ന് വ്യക്തമല്ലെങ്കിലും, ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള അവസാന അവസരമാണിതെന്ന ഇന്റലിജന്‍സ് വിവരവും നെതന്യാഹുവിന്റെ സമ്മര്‍ദ്ദവുമാണ് ഫെബ്രുവരി 27ന് 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന സൈനിക നടപടിക്ക് ഉത്തരവിടാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാണ് ആദ്യ ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. അന്ന് വൈകിട്ട് ഖമനയി കൊല്ലപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
തലയൂരാന്‍ പാടുപെടല്‍
ആക്രമണം തുടങ്ങി രണ്ട് ദിവസം കൊണ്ട് എല്ലാം അവസാനിപ്പിക്കുമെന്ന് ട്രംപ് കരുതിയെങ്കിലും അതുണ്ടായില്ല. ഇറാന്‍ തിരിച്ചടി കനപ്പിച്ചതോടെ ട്രംപിന മുകളില്‍ കടുത്ത സമ്മര്‍ദ്ദമായി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെയുള്ള നീക്കമാണ് ഇറാന്‍ നടത്തിയത്. ഒരുവില്‍ രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇറാനുമായി ചര്‍ച്ചനടത്തി എന്ന് അവകാശപ്പെട്ട് ട്രംപ് ഇന്നലെ രംഗത്തുവന്നത്.
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ രാജ്യത്തെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിന് തൊട്ടുപിന്നാലെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു ഇതിനിടെ . ഇസ്രായേല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സൈനിക നീക്കങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.
ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കകമാണ് തെഹ്റാനിലുടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്.
തെഹ്റാനിലുണ്ടായ പുതിയ സ്‌ഫോടനങ്ങള്‍ മുന്‍പൊരിക്കലുമില്ലാത്ത വിധം ശക്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (കഞഏഇ), ഖുദ്സ് ഫോഴ്‌സ് ബേസ്, ഇന്റലിജന്‍സ് സൈറ്റുകള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക താവളങ്ങളിലാണ് ഇസ്രായേല്‍ പ്രധാനമായും വ്യോമാക്രമണം നടത്തിയത്. അതേസമയം, തിങ്കളാഴ്ച ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ പുതിയ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സും അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനും യുഎസുമായി ചര്‍ച്ചകള്‍ നടക്കുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചര്‍ച്ചകളുമുണ്ടായിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. ഊര്‍ജ വില കുറയ്ക്കുന്നതിനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികള്‍ നടപ്പിലാക്കാന്‍ സമയം ലഭിക്കാനും വേണ്ടിയാണ് ട്രംപ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്നും ഇതുവരെ ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാനില്‍ സൈനികരും സാധാരണക്കാരുമുള്‍പ്പെടെ 1,500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചില മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 3,000 കടന്നിരിക്കാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 15 പ്രവിശ്യകളിലായി 206 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.
ഇറാനിലെ ആക്രമണങ്ങള്‍ക്ക് പുറമെ ലെബനനിലും ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ചില പ്രദേശങ്ങളുടെ പരമാധികാരം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നും രാജ്യത്തിന്റെ പുതിയ അതിര്‍ത്തി ലിതാനി നദിയായിരിക്കണമെന്നും ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടത് മേഖലയില്‍ കൂടുതല്‍ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.


