- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു': ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്‍ഗ്രസ്
ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്.
മയാമി: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ എത്തിക്കാന്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ 21 ദശലക്ഷം ഡോളര്‍ നല്‍കിയതിനെ വീണ്ടും ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ' ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഞാന്‍ ഊഹിക്കുന്നു. നമ്മള്‍ ഇന്ത്യാ സര്‍ക്കാരിനെ ഇതറിയിക്കണം. ഇതൊരു വലിയ സംഭവമാണ്', വ്യാഴാഴ്ച മയാമിയിലെ ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു.
ചുരുക്കത്തില്‍, ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ആളുകളെ എത്തിക്കാനായി നല്‍കി വന്നിരുന്ന ധനസഹായം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് ( ഡോജ്) നിര്‍ത്തി വച്ചതിന് പിന്നാലെയാണ് രണ്ടാം വട്ടം ഇക്കാര്യം ട്രംപ് ആവര്‍ത്തിച്ചത്. ഇന്ത്യ ഉയര്‍ന്ന തോതില്‍ താരിഫ് ഈടാക്കുന്നതിനാല്‍ കൈനിറയെ പണമുണ്ടാകുമെന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കുള്ള ധനസഹായം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്.
''നമ്മള്‍ എന്തിനാണ് ഇന്ത്യക്ക് 21 ദശലക്ഷം ഡോളര്‍ നല്‍കുന്നത്? അവരുടെ കൈയില്‍ ഒരുപാട് പണമുണ്ട്. ഏറ്റവുമുയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണത്. ഉയര്‍ന്ന താരിഫ് ആയതിനാല്‍ നമുക്ക് അവിടെ ബിസിനസ് ആരംഭിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകാന്‍ 21 ദശലക്ഷം ഡോളര്‍ നല്‍കേണ്ടതുണ്ടോ?'' -എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പിടുന്നതിനിടെ ട്രംപ് ചോദിച്ചിരുന്നു.
ഇന്ത്യയിലും കോലാഹലം
ട്രംപിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
21 ദശലക്ഷം യുഎസ് എയ്ഡ് ഗ്രാന്റ് തീര്‍ച്ചയായും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണെനാണ് ബിജെപി ആരോപിച്ചത്. ആരാണ് ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്നത്? തീര്‍ച്ചയായും ഭരണകക്ഷിയല്ല( ബിജെപി), അമിത് മാളവ്യ പറഞ്ഞു
ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ വിദേശ ശക്തികള്‍ നുഴഞ്ഞുകയറുന്നുവെന്ന ആരോപണവുമായി മാളവ്യ അതിനെ ബന്ധപ്പെടുത്തി. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ വഴി രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ഹംഗേറിയന്‍ വംശജനായ യുഎസ് ഫിനാന്‍ഷ്യര്‍ ജോര്‍ജ് സോറോസ് ശ്രമിച്ചെന്നും സോറോസിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഉളള ആരോപണവും മാളവ്യ ആവര്‍ത്തിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് കമീഷന് യുഎസ് എയിഡുമായി ബന്ധമുണ്ടെങ്കിലും അതില്‍ സാമ്പത്തിക സഹായം ഉള്‍പ്പെട്ടിട്ടില്ലെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി പറഞ്ഞു. താന്‍ സി ഇ സി ആയിരിക്കെ, 2012 ല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ട്രല്‍ സിസ്റ്റംസുമായി ധാരണാപത്രം ഉണ്ടായിരുന്നു. എന്നാല്‍, ധാരണാപത്രത്തില്‍ യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ലെന്നും ഖുറൈഷി വ്യക്തമാക്കി.