ലണ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷം പിന്നീടുമ്പോള്‍ ഇപ്പോഴും ഒത്തതീര്‍പ്പ് ശ്രമങ്ങള്‍ എങ്ങും എത്താതെ നീളുകയാണ്. അമേരിക്ക മുന്‍കൈ എടുത്ത് നടത്തിയ പല ചര്‍ച്ചകളിലും യുക്രൈന്റെ സാന്നിധ്യം ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന തടസം. ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസില്‍ എത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചേര്‍ന്ന് അപമാനിച്ചതും തുടര്‍ന്ന് സെലന്‍സ്‌കി ഇറങ്ങിപ്പോയതും എല്ലാം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നിര്‍ണായക നീക്കം ഉണ്ടായിരിക്കുകയാണ്. ട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കുകയാണ് ഫ്രാന്‍സും ബ്രിട്ടനും. റഷ്യയും യുക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ ബ്രിട്ടനും ഫ്രാന്‍സും അവരുടെ സൈനികരെ യുക്രൈനിലേക്ക് അയയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ ഫ്രാന്‍സിലേയും ബ്രിട്ടനിലേയും ഉന്നതതല സംഘം യുക്രൈനിലേക്ക് എത്തും. തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്കാണ് ഇരു രാജ്യങ്ങളും സൈന്യത്തെ അയയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും ഈ നീക്കത്തോട് പൂര്‍ണമായും യോജിക്കുന്നില്ലെന്നാണ് സൂചന.

ഇക്കാര്യം മാക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും പല യൂറോപ്യന്‍ രാജ്യങ്ങളുടേയും വിയോജിപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധം അവസാനിക്കുന്നത് വരെ റഷ്യയുടെ മേല്‍ പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് ഉച്ചകോടി നടത്താനും ഫ്രാന്‍സും ബ്രിട്ടനും നീക്കം നടത്തുകയാണ്. 30 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കും. അതിനിടയില്‍ യുക്രൈനിലേക്ക് റഷ്യ കഴിഞ്ഞ ദിവസവും ശക്തമായ തോതിലുളള ആക്രമണം നടത്തി.

ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ നീ്ട്ടിക്കൊണ്ട് പോകാന്‍ റഷ്യ ശ്രമം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ആരോപിച്ചിരുന്നു. ബ്രിട്ടനും ഫ്രാന്‍സും സൈനിക സഹായം നല്‍ാകാന്‍ തീരുമാനിച്ചതില്‍ വ്ളാഡിമര്‍ സെലന്‍സ്‌കി ഇരു രാജ്യങ്ങളോടും നന്ദി അറിയിച്ചു. യു്കൈനെ സൈനികമായി സഹായിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ബ്രി്ട്ടന്റെ സൈനിക ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ യുക്രൈനെ സഹായിക്കാന്‍ സൈനികരെ അയയ്ക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് റഷ്യ.