വാഷിങ്ടണ്‍: യുക്രെയിന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ സുസ്ഥിര സമാധാന കരാറിന് തിങ്കളാഴ്ച കളമൊരുങ്ങുമോ? റഷ്യക്കാര്‍ക്കും, യുക്രെയിന്‍കാര്‍ക്കും യുദ്ധം മടുത്തിരിക്കുന്നു. എന്നാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിന് പുട്ടിന്‍ മുന്നോട്ടുവച്ച ഉപാധികള്‍ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്ക് സ്വീകാര്യമാകുമോ? റഷ്യയെ സമാധാനത്തിലേക്ക് നയിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കരുത്തുണ്ടെന്ന സെലന്‍സ്‌കിയുടെ ഒടുവിലത്തെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. വാഷിങ്ടണില്‍ യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ യുക്രെയിന്‍ തയ്യാറാണ്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയെ പ്രേരിപ്പിക്കാന്‍ കരുത്തിലൂടെ മാത്രമേ കഴിയു എന്നും ട്രംപിന് ആ കരുത്തുണ്ടെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ഇന്ത്യന്‍ സമയം, രാത്രി 10.45 നാണ് സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ച. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കിക്ക് പിന്തുണയുമായി യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ തലവന്മാരും, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ മേധാവികളും വൈറ്റ് ഹൗസില്‍ ഒത്തുചേരും. സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും മുമ്പ് ട്രംപ് യൂറോപ്യന്‍ നേതാക്കളെ കാണും. യുക്രെയിനില്‍ സമാധാനം കൈവരികയെന്നാല്‍ യൂറോപ്പിലാകെ സമാധാനം എന്നതാണെന്നും സെലന്‍സ്‌കി പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരേ റഷ്യന്‍ സേന തുടരുന്ന ആക്രമണങ്ങളെ യുക്രെയിന്‍ പ്രസിഡന്റ് അപലപിച്ചു.

നിലവിലെ സാഹചര്യമനുസരിച്ച് റഷ്യയ്ക്ക് അനുകൂലമായ കരാറില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ് സെലന്‍സ്‌കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കും. എന്നാല്‍, ക്രിമിയ അടക്കം റഷ്യ പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കാന്‍ കഴിയില്ല എന്നതാണ് സെലന്‍സ്‌കിയുടെ പരസ്യ നിലപാട്.

കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് അഭിപ്രായവ്യത്യാസം

യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമാധാന വ്യവസ്ഥകളോട് വിയോജിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാര്‍മര്‍. നാറ്റോ അംഗത്വത്തില്‍ യുക്രെയ്‌ന് അനുകൂല നിലപാടെടുക്കുന്ന സ്റ്റാര്‍മര്‍, റഷ്യന്‍ അധിനിവേശത്തിലുള്ള ക്രിമിയ തിരിച്ചുകിട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവനയെയും ചോദ്യം ചെയ്യുന്നു. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സ്റ്റാര്‍മര്‍ ഇന്നലെ വൈകീട്ട് വാഷിംഗ്ടണിലെത്തി.

യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളും ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സ്റ്റാര്‍മറുടെ ഈ നിലപാട് പ്രഖ്യാപനം.

ട്രംപിന്റെയും സെലെന്‍സ്‌കിയുടെയും ഇടയില്‍ വീണ്ടും അസ്വാരസ്യങ്ങളുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, അതൊഴിവാക്കാനാണ് യൂറോപ്യന്‍ നേതാക്കളുടെ ശ്രമം. ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സെലന്‍സ്‌കിക്ക് യൂറോപ്യന്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, നാറ്റോയില്‍ യുക്രെയ്ന്‍ അംഗമാകില്ലെന്നും ക്രിമിയ തിരികെ ലഭിക്കില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കിയത് പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചു. റഷ്യയുടെ മൂന്നുവര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിക്ക് ഈ നിബന്ധനകള്‍ നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുക്രെയ്ന്‍ പ്രസിഡന്റിന് നിര്‍ണ്ണായക പരീക്ഷ

ആറ് മാസങ്ങള്‍ക്ക് മുന്‍പ് വൈറ്റ് ഹൗസില്‍ നിന്ന് അപമാനിതനായി മടങ്ങിയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി, യൂറോപ്യന്‍ നേതാക്കളോടൊപ്പം വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനെത്തുന്നത് നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍. ഇത്തവണത്തെ കൂടിക്കാഴ്ച സെലെന്‍സ്‌കിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഡോണള്‍ഡ് ട്രംപിന്റെ 'സമാധാന' വ്യവസ്ഥകള്‍ യുക്രെയ്നിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

മുന്‍ സന്ദര്‍ശനത്തില്‍, യുക്രെയ്നിനെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, 'സമാധാനത്തിന് തയ്യാറാകുമ്പോള്‍ വീണ്ടും വരാം' എന്ന് സെലെന്‍സ്‌കിയോട് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു.

അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ ഉച്ചകോടിക്ക് ശേഷമാണ് സെലെന്‍സ്‌കിയുടെ ഈ സന്ദര്‍ശനം. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്നിന്റെ കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള ധാരണകളുണ്ടായതായി സൂചനയുണ്ട്.