വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നില്‍ സമ്മര്‍ദ്ദം. താന്‍ മധ്യസ്ഥത വഹിച്ചിട്ടും യുക്രെയ്‌നുമേലുള്ള ആക്രമണം നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ തയാറാകാത്തതിന്റെ അമര്‍ഷത്തിലാണ് ട്രംപ്. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഉറപ്പാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയുടെ നിലപാട് ട്രംപിന് ഭീഷണിയായി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ തീരുവ കൂട്ടാന്‍ ഇനിയും സാധ്യതയുണ്ട്. ഐടി മേഖലയിലെ ഔട്ട് സോഴ്‌സിംഗിലും ഇന്ത്യയെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടും. ഇത്തരം ഭീഷണികള്‍ക്കിടയിലും ഇന്ത്യ വഴങ്ങാത്തത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, സമ്മര്‍ദങ്ങള്‍ക്കിടയിലും യുക്രെയ്‌നുമേലുള്ള ആക്രമണം കടുപ്പിക്കുകയാണ് പുട്ടിന്‍. യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്ന ആയുധ കേന്ദ്രങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് തകര്‍ത്തെന്ന് റഷ്യ വ്യക്തമാക്കി. ഇതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്.

അതിനിടെ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ക്കാന്‍ ഇന്ത്യ ബദല്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ വെച്ച് നടക്കും. ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമ രൂപം നല്‍കാനാണ് നീക്കം. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ കാര്‍ഷികം, വ്യാപാരം എന്നീ ചുമതലകള്‍ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തന്നെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ വ്യാപാര കമ്മിഷണര്‍ മാരോസ് സെഫ്‌കോവിച്ചും കാര്‍ഷിക കമ്മിഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെനും ആണ് ഇന്ത്യ സന്ദര്‍ശിക്കുക. കാബിനറ്റ് മന്ത്രിമാര്‍ക്ക് തുല്യ പദവികളാണ് ഇവര്‍ രണ്ടുപേര്‍ക്കും. ബ്രസല്‍സില്‍ നിന്ന് 30 അംഗ സംഘവും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കാര്‍ഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്നുകിട്ടും. അങ്ങനെ വന്നാല്‍ ട്രംപിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

ഇന്ത്യയുള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കുമേല്‍ ഇനിയും അധിക തീരുവ ചുമത്താനാണു യുഎസിന്റെ നീക്കം. ഇത് മനസ്സിലാക്കിയാണ് ഇന്ത്യയുടെ പുതിയ നീക്കം. റഷ്യയ്‌ക്കെതിരായ കൂടുതല്‍ ഉപരോധങ്ങള്‍ വഴി യുക്രെയ്ന്‍ വിഷയത്തില്‍ പുട്ടിനെ ചര്‍ച്ചകളിലേക്കു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഇന്ത്യയും യുഎസും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഉടന്‍ മഞ്ഞുരുകലാകില്ല. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ഉള്‍പ്പെടെ നടപടികളെടുക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ അമേരിക്ക കടത്തു നടപടികളിലേക്ക് പോകും. ട്രംപ് എടുത്ത നടപടികള്‍ ഇന്ത്യയെ അമേരിക്കയില്‍നിന്ന് അകറ്റിയിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേല്‍ മാത്രമായേക്കും അടുത്ത നടപടിയെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എണ്ണ വില്‍പന വഴി റഷ്യ നേടുന്ന വരുമാനം തകര്‍ത്ത് സമ്മര്‍ദത്തിലാക്കാനാണ് ട്രംപിന്റെ ശ്രമം. ഉപരോധങ്ങള്‍ റഷ്യയുടെ കയറ്റുമതി വരുമാനത്തെയും പുട്ടിന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തികസ്ഥിതിയെയും സാരമായി ഉലച്ചിട്ടുണ്ട്.

ട്രംപ് ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച തീരുവകള്‍ നിയമവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് ഇതിനകം രണ്ട് കോടതികള്‍ വിധിച്ചുകഴിഞ്ഞു. എങ്കിലും, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനായി ഒക്ടോബര്‍ 14വരെ വിധി മരവിപ്പിച്ചിട്ടുണ്ട്. കോടതിയില്‍ തോറ്റാല്‍ 'പ്ലാന്‍ ബി' പ്രയോഗിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. നിലവില്‍ 50% വരെ തീരുവയാണ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേലായി ചുമത്തിയിട്ടുള്ളത്. സുപ്രീം കോടതിയിലും പ്രതികൂല വിധിയുണ്ടായാല്‍ ഇതു വെറും 15 ശതമാനത്തിലേക്ക് താഴും. ഈ സാഹചര്യമുണ്ടായാല്‍ 1930ലെ സ്മൂട്ട്-ഹോലി താരിഫ് ആക്ടിലെ സെക്ഷന്‍ 338 പ്രയോഗിക്കാനാണ് നീക്കം. മറ്റു രാജ്യങ്ങള്‍ക്കുമേല്‍ 5 മാസത്തേക്ക് മാത്രം 50% തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ചട്ടമാണിത്. ഇതെല്ലാം ഗൗരവത്തില്‍ തന്നെ ഇന്ത്യയും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ സഹകരണം.

നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂര്‍ണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യ-യൂറോപ്യന്‍ യുണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടന്‍ യാഥാര്‍ഥ്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.