വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലാണെന്നും, ചര്‍ച്ചകള്‍ ഇപ്പോള്‍ 'സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക്' കടന്നിരിക്കുകയാണെന്നും ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡര്‍ സര്‍ജിയോ ഗോര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിവിശ്വസ്തനാണ് ഗോര്‍. ഇന്ത്യ അമേരിക്കയുടെ ഒരു 'തന്ത്രപ്രധാന പങ്കാളി'യാണെന്ന് ഗോര്‍ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ, വ്യാപാരം, പൊതുവായ മൂല്യങ്ങള്‍ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ വിശദീകരിച്ചു. ഇതോടെ ഇന്ത്യാ-അമേരിക്കാ പ്രശ്‌നങ്ങള്‍ക്ക് അയവുണ്ടാകുമെന്ന് വ്യക്തമാകുകയാണ്.

'ഇന്ത്യ കേവലം ഒരു പ്രാദേശിക സഖ്യകക്ഷി എന്നതിലുപരി ഒരു തന്ത്രപ്രധാന പങ്കാളിയാണ്,' എന്ന് ഗോര്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വീണ്ടെടുക്കുക, നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുക, കാലാവസ്ഥ, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സഹകരണം വികസിപ്പിക്കുക എന്നിവയാണ് തന്റെ പ്രധാന മുന്‍ഗണനകളായി അദ്ദേഹം അവതരിപ്പിച്ചത്. പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി മോദിക്കും തമ്മില്‍ ആഴത്തിലുള്ള വ്യക്തിപരമായ സൗഹൃദമുണ്ടെന്നും, മറ്റ് രാജ്യങ്ങളെയും അവിടുത്തെ നേതാക്കളെയും വിമര്‍ശിക്കുമ്പോള്‍ ട്രംപ് സാധാരണയായി നേരിട്ട് ആക്രമിക്കാറുണ്ടെങ്കിലും, ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ മോദിയെ പ്രശംസിക്കാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കാറുണ്ടെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചും പ്രതികരിച്ചു. 'ഞങ്ങള്‍ സുഹൃത്തുക്കളെ വ്യത്യസ്ത മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് കാണുന്നത്. മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു,' എന്നായിരുന്നു എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് കടുത്ത താരിഫുകള്‍ നേരിടേണ്ടി വരുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പരസ്പര തീരുവയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അധികമായി 25 ശതമാനം ലെവിയും ചേര്‍ത്ത് മൊത്തം 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയിരുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. വിലകുറഞ്ഞ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലൂടെ ഇന്ത്യ 'റഷ്യയുടെ മാരകമായ ആക്രമണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു' എന്ന് ട്രംപ് ആരോപിച്ചിരുന്നു.

യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം 2025 നവംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ പ്രസിഡന്റ് ട്രംപും ചേര്‍ന്ന് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒരു നല്ല കരാര്‍ എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലുള്ള വെല്ലുവിളികള്‍ക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ച് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളാണ് ഈ സംഭവവികാസങ്ങള്‍ എടുത്തു കാണിക്കുന്നത്.

ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഡയറക്ടറുമായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ അംബാസഡറായി നിമയിച്ചതിന് പിന്നില്‍ പല ചര്‍ച്ചകളും നടന്നിരുന്നു. ദക്ഷിണ-മധ്യേഷ്യന്‍ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെര്‍ജിയോ ഗോര്‍ പ്രവര്‍ത്തിക്കും. ഗോര്‍ തന്റെ 'പ്രിയ സുഹൃത്തും' ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗോറിന്റെ നിയമനം നിര്‍ണായകമാണെന്നും വിലയിരുത്തലുകള്‍ എത്തിയിരുന്നു. നിലവില്‍ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോര്‍, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയില്‍ തുടരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് വരും മുമ്പ് അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ മുന്നില്‍ ഗോര്‍ ഹാജരായിരുന്നു. അവര്‍ക്ക് മുമ്പിലാണ് ഗോര്‍ ഇന്ത്യയിലേക്കുള്ള തന്റെ വരവിന്റെ ലക്ഷ്യം പ്രഖ്യാപിച്ചത്.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ 1986 നവംബര്‍ 30-നാണ് സെര്‍ജിയോ ഗൊറോഖോവ്സ്‌കി എന്ന സെര്‍ജിയോ ഗോര്‍ ജനിച്ചത്. പഠനം യുഎസിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ആയിരുന്നു. അക്കാലംതൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായി. മിഷേല്‍ ബാച്ച്മാന്‍, സ്റ്റീവ് കിങ്, റാന്‍ഡി ഫോര്‍ബ്സ് തുടങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വക്താവായി പ്രവര്‍ത്തിച്ചാണ് ഗോര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2013-ല്‍, സെനറ്റര്‍ റാന്‍ഡ് പോളിന്റെ രാഷ്ട്രീയകാര്യ സമിതിയായ റാന്‍ഡ്പാകിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി. വിന്നിങ് ടീം പബ്ലിഷിങ് എന്ന പ്രസാധക സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്. 'ലെറ്റേഴ്സ് ടു ട്രംപ്', 'ഔര്‍ ജേര്‍ണി ടുഗെദര്‍', 'സേവ് അമേരിക്ക' തുടങ്ങിയ ട്രംപുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ ഈ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. 2024 നവംബറില്‍, ട്രംപ് ഗോറിനെ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു.