കാരക്കാസ് : വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം തട്ടിക്കൊണ്ടു പോയി ജയിലിലടച്ചതിന് പിന്നാലെ ലാറ്റിന്‍ അമേരിക്കയില്‍ യുദ്ധസമാനമായ സാഹചര്യം. മഡുറോയുടെ പിന്‍ഗാമിയായി അധികാരമേറ്റ ഹാര്‍ഡ്ലൈന്‍ സോഷ്യലിസ്റ്റ് നേതാവ് ഡെല്‍സി റോഡ്രിഗസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു.

മഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ലെന്നും റോഡ്രിഗസ് പ്രഖ്യാപിച്ചു. എന്നാല്‍, റോഡ്രിഗസ് മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മഡുറോയേക്കാള്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഒടുവിലത്തെ മുന്നറിയിപ്പ്. വെനസ്വേലന്‍ സൈന്യം റോഡ്രിഗസിന് പിന്തുണ പ്രഖ്യാപിച്ചതോടെ മേഖലയില്‍ സംഘര്‍ഷം പാരമ്യത്തിലെത്തിയിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ എണ്ണ വ്യവസായം ഇനി അമേരിക്കയുടെ ശത്രുക്കളായ റഷ്യയോ ചൈനയോ ഇറാനോ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. വെനസ്വേലയുടെ തീരത്ത് അമേരിക്കന്‍ പടക്കപ്പലുകളുടെ ഒരു വ്യൂഹം തന്നെ നിലയുറപ്പിച്ചു കഴിഞ്ഞു.

എണ്ണയുമായി പോകുന്ന കപ്പലുകളെ തടയാനും പിടിച്ചെടുക്കാനുമുള്ള അധികാരമുണ്ടെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്നു. ഇറാനുമായും ഹിസ്ബുള്ളയുമായുള്ള ബന്ധം വെനസ്വേല ഉടന്‍ അവസാനിപ്പിക്കണമെന്നും എണ്ണസമ്പത്ത് ഇനി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും റൂബിയോ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മഡുറോയുടെ വിശ്വസ്തയായിരുന്ന റോഡ്രിഗസ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതാണെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. മഡുറോയും ഭാര്യയും ഇപ്പോള്‍ ന്യൂയോര്‍ക്കിലെ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയിലിലാണുള്ളത്. വെനസ്വേലയിലെ എണ്ണക്കണ്ണും രാഷ്ട്രീയ മാറ്റവും ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന സൂചനകള്‍ അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാക്കുന്നുണ്ട്.

ഒരു വശത്ത് അമേരിക്കന്‍ ഉപരോധവും പടക്കപ്പലുകളും, മറുവശത്ത് വിട്ടുകൊടുക്കാത്ത റോഡ്രിഗസിന്റെ സോഷ്യലിസ്റ്റ് ഭരണകൂടവും. വെനസ്വേലയുടെ ഭാവി പ്രതിസന്ധികളിലൂടെയാണ് പോകുന്നത്.