ലണ്ടന്‍: ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്‍ക്ക് ഉള്‍പ്പെടെ എട്ട് യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ട്രംപ് വന്‍തോതില്‍ തീരുവ പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി നിലവില്‍ വരുമെന്നും ജൂണ്‍ 1-ഓടെ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ പേരില്‍ നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യുഎസ് ഭരണകൂടവുമായി ഈ വിഷയം നേരിട്ട് സംസാരിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ട്രംപ് വാദിക്കുന്നു. വര്‍ഷങ്ങളായി അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇപ്പോള്‍ ഡെന്മാര്‍ക്ക് ഗ്രീന്‍ലന്‍ഡ് നല്‍കി തിരിച്ചുകൊടുക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ ഭീഷണിയെ 'അംഗീകരിക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പ്രതിപക്ഷ നേതാക്കളായ കെമി ബാഡെനോക്കും എഡ് ഡേവിയും ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുകയും ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം, തങ്ങള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്ന് പ്രഖ്യാപിച്ച് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. 'ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ല' എന്ന പ്ലക്കാര്‍ഡുകളുമായാണ് നൂറിലധികം ആളുകള്‍ തെരുവിലിറങ്ങിയത്. നിലവില്‍ തന്നെ പല ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കയില്‍ നികുതി നല്‍കുന്ന ബ്രിട്ടന്, പുതിയ വര്‍ധനവ് വലിയ സാമ്പത്തിക തിരിച്ചടിയാകും. പ്രത്യേകിച്ച് സ്റ്റീല്‍, അലുമിനിയം, വാഹന കയറ്റുമതി മേഖലകളെ ഇത് ദോഷകരമായി ബാധിക്കും.