വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും ലക്ഷ്യമിട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധം പടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ 15 രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര നിര്‍ദ്ദേശം നല്‍കി.

അമേരിക്കന്‍ നീക്കത്തിന് പിന്നാലെ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതായാണ് വിവരം. ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ അനുകൂല ഇന്ധന ടാങ്കര്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ പ്രധാന ചരക്ക് നീക്ക പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ഈ വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കന്‍ എംബസിക്ക് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി സൂചനയുണ്ട്. എംബസി പരിസരത്ത് നിന്ന് വലിയ തോതില്‍ പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടി. ഖത്തറിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇറാനിയന്‍ എസ്യു-24 ബോംബര്‍ വിമാനങ്ങളെ ഖത്തര്‍ വെടിവെച്ചിട്ടു. മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് ദുബായിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും അരികില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാനാണ് നിര്‍ദ്ദേശം.

'നമ്മള്‍ ഇതുവരെ അവരെ (ഇറാന്‍) കഠിനമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല, വലിയ തരംഗം വരാനിരിക്കുന്നതേയുള്ളൂ' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിഎന്‍എന്നിനോട് പ്രതികരിച്ചു. ഇറാന്റെ മിസൈല്‍ ഉല്‍പ്പാദനം, ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്കയുടെ ലക്ഷ്യം ഇപ്പോഴും അവ്യക്തമാണെന്ന് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ വിമര്‍ശിച്ചു. ഭരണകൂടം ഓരോ ദിവസവും ഓരോ ലക്ഷ്യങ്ങളാണ് പറയുന്നതെന്നും ഇത് മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനെതിരേ ഇസ്രയേലുമായി ചേര്‍ന്ന് നടത്തുന്ന സൈനിക നീക്കത്തെ ന്യായീകരിച്ച ട്രംപ് ഏതറ്റം വരേയും പോകുമെന്ന് വിശദീകരിച്ചിട്ടുണ്ട്. ഇറാന്റെ ആണവായുധ നിര്‍മാണ ഭീഷണി ഇല്ലാതാക്കാനുള്ള അവസാന അവസരമാണിതെന്നും യുദ്ധം അടുത്തൊന്നും അവസാനിപ്പിക്കില്ലെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സൈനിക നീക്കം നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ മാധ്യമങ്ങളെ കണ്ട ട്രംപ് അമേരിക്കയുടെ ലക്ഷ്യങ്ങള്‍ അക്കമിട്ടു നിരത്തി. 'ഇറാന്‍ ആണവസമ്പുഷ്ടീകരണത്തിന്റെ വക്കിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോണ്‍സര്‍ക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം,' ട്രംപ് പറഞ്ഞു.

ഇറാന്റെ നാവികപ്പടയെ തകര്‍ക്കുന്ന നടപടികള്‍ ആരംഭിച്ചതായും ഇതിനോടകം തന്നെ പത്ത് ഇറാനിയന്‍ കപ്പലുകള്‍ അമേരിക്കന്‍ സേന മുക്കിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. 'ആ കപ്പലുകള്‍ ഇപ്പോള്‍ കടലിന്റെ അടിത്തട്ടിലാണ്. അമേരിക്കയ്ക്ക് എത്രകാലം വേണമെങ്കിലും യുദ്ധം തുടരാന്‍ സാധിക്കും,' ട്രംപ് കൂട്ടിച്ചേര്‍ത്തു. ആണവായുധ നിര്‍മാണത്തില്‍നിന്ന് പിന്മാറണമെന്ന് ഇറാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് അവര്‍ മുന്നോട്ടുപോയതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകളും ആണവ ശേഖരവും അമേരിക്കയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും അതുകൊണ്ടാണ് ആക്രമിക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തിന്റെ മുഴുവന്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും ഇറാന്റെ ആണവഭീഷണി ഇല്ലാതാക്കാന്‍ ലഭിച്ച അവസാന അവസരമാണിതെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നത്.