- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തി; 'നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി'! കുവൈറ്റില്‍ പാരച്യൂട്ടിലിറങ്ങിയ വനിതാ പൈലറ്റിന് നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം; യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് അബദ്ധത്തിലെന്ന് സൂചന

കുവൈറ്റ് സിറ്റി: മിഡില്‍ ഈസ്റ്റില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈറ്റില്‍ തകര്‍ന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ആകാശത്ത് വെച്ച് വിമാനം തകര്‍ക്കപ്പെട്ടിട്ടും പാരച്യൂട്ട് വഴി അത്ഭുതകരമായി താഴെയിറങ്ങിയ വനിതാ പൈലറ്റിനെ ചിരിച്ച മുഖത്തോടെയാണ് വീഡിയോയില്‍ കാണുന്നത്. 'നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി' എന്ന് നാട്ടുകാര്‍ അവരോട് പറയുന്ന ദൃശ്യങ്ങള്‍ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും ലോകത്തിന് ആശ്വാസമാവുകയാണ്.
തിങ്കളാഴ്ച മൂന്ന് അമേരിക്കന്‍ എഫ്-15 യുദ്ധവിമാനങ്ങളാണ് കുവൈറ്റില്‍ തകര്‍ന്നു വീണത്. അബദ്ധത്തില്‍ സ്വന്തം സേനയുടെ തന്നെ വെടിയേറ്റാണ് (ഫ്രണ്ട്ലി ഫയര്‍) വിമാനങ്ങള്‍ തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിന് തൊട്ടുമുമ്പ് സുരക്ഷിതമായി പുറത്തേക്ക് തെറിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലെ അലി അല്‍ സലേം എയര്‍ ബേസിന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. സംഭവത്തില്‍ കുവൈറ്റ് പ്രതിരോധ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലാകെ കനത്ത യുദ്ധസാഹചര്യമാണ് നിലനില്‍ക്കുന്നത്. ഖമേനിയുടെ വധം മുസ്ലീങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനോടകം ഇറാനില്‍ 555 പേരും ഇസ്രായേലില്‍ 11 പേരും ലബനനില്‍ 31 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം അടുത്ത 4-5 ആഴ്ച കൂടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചനകള്‍ മേഖലയിലെ പ്രവാസികളെയും ആശങ്കയിലാക്കുന്നു. പല ഗള്‍ഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്രക്കാരും ദുരിതത്തിലായി.


