- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നയതന്ത്ര തകര്‍ച്ചയും; ഖമേനി കൊല്ലപ്പെട്ടിട്ടും തളരാതെ ഇറാന്‍; ഭരണമാറ്റം എന്ന ട്രംപിന്റെ ലക്ഷ്യം പാളിയെന്നും ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട്; എണ്ണവില വര്‍ദ്ധനവും നാറ്റോയിലെ വിള്ളലും ട്രംപിന് തിരിച്ചടിയാവുന്നു

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനിലെ സൈനിക നടപടി 'സമ്പൂര്‍ണ്ണ വിജയം' ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും, ലോകത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നയതന്ത്ര തകര്‍ച്ചയുമാണെന്ന് റിപ്പോര്‍ട്ടുകള്‍. ആറാഴ്ച നീണ്ടുനിന്ന യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെങ്കിലും, ഇറാന്‍ ഭരണകൂടം തകര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ തീവ്രമായ നിലപാടുകളിലേക്ക് നീങ്ങുകയാണെന്നും പ്രമുഖ നിരീക്ഷകന്‍ ആഡം പോഗ്രണ്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖമേനിയെ റെവല്യൂഷണറി ഗാര്‍ഡ് പുതിയ പരമോന്നത നേതാവായി അവരോധിച്ചു. എന്നാല്‍ മുജ്തബയുടെ കാര്യത്തില്‍ വലിയ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം പരിക്കേറ്റ് കോമ സ്റ്റേജിലാണെന്നും ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പേരില്‍ പുറത്തുവരുന്ന പ്രസ്താവനകള്‍ അമേരിക്കയ്‌ക്കെതിരെ കടുത്ത യുദ്ധകാഹളമാണ് മുഴക്കുന്നത്. ഭരണമാറ്റം എന്ന ട്രംപിന്റെ ലക്ഷ്യം പാളിയെന്നും ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത് ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലുച്ചു. ഇതോടെ ഇന്ധനവില കുതിച്ചുയരുകയും അമേരിക്കയിലും ബ്രിട്ടനിലും പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തുകയും ചെയ്തു. ഇത് ട്രംപിന്റെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായേക്കും.
യുദ്ധത്തിന് പിന്തുണ നല്‍കാത്ത യൂറോപ്യന്‍ രാജ്യങ്ങളെ 'കടലാസ് പുലികള്‍' എന്ന് വിളിച്ച് ട്രംപ് പരിഹസിച്ചത് നാറ്റോ സഖ്യത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ പരിഹസിച്ച ട്രംപിന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തെ വഷളാക്കി. നാറ്റോയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റ ഭീഷണി റഷ്യയ്ക്കും ചൈനയ്ക്കും രാഷ്ട്രീയമായി വലിയ നേട്ടമുണ്ടാക്കുന്ന നീക്കമായി മാറിയിരിക്കുകയാണ്.
ഇറാന്റെ നാവികസേനയെ തകര്‍ത്തു എന്ന് അവകാശപ്പെടുമ്പോഴും അമേരിക്കയുടെ അത്യാധുനിക എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടത് പെന്റഗണിനെ ഞെട്ടിച്ചു. പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടയില്‍ അമേരിക്കയ്ക്ക് സ്വന്തം വിമാനങ്ങള്‍ തന്നെ നശിപ്പിക്കേണ്ടി വന്നത് വലിയ നാണക്കേടായി. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാന്റെ ആണവ പദ്ധതിയോ ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കമോ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു.
ചുരുക്കത്തില്‍, ഖമേനിയെ വധിക്കാന്‍ സാധിച്ചു എന്നതൊഴിച്ചാല്‍, ലോകത്തെ കൂടുതല്‍ അസ്ഥിരമാക്കിയും അമേരിക്കയുടെ സഖ്യകക്ഷികളെ അകറ്റിയുമാണ് ട്രംപിന്റെ ഇറാന്‍ യുദ്ധം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.


