വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചതായും ട്രംപ് പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരുന്ന ഉയര്‍ന്ന 'റെസിപ്രോക്കല്‍' ടാക്‌സ് (പരസ്പര നികുതി) 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദമാണ് കരാര്‍ വേഗത്തിലാക്കാന്‍ സഹായിച്ചതെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം വ്യാപാരാ കരാറായെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ തീരുവ കുറച്ചതില്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള എണ്ണയിടപാടിന്റെയും പ്രതിരോധ ഇടപാടുകളുടെയും പേരില്‍ മുന്‍പ് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം പിഴ നികുതി ഇതോടെ ഇല്ലാതാകും. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന കടുത്ത വ്യാപാര നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ അയവു വരുന്നത്.

'നരേന്ദ്ര മോദി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, ഇന്ത്യയുമായി മികച്ചൊരു കരാറില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു,' വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി കുറയ്ക്കുന്നതിന് ആനുപാതികമായി യുഎസും വിട്ടുവീഴ്ച ചെയ്യുമെന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയിരുന്നു. സംഭാഷണം നടത്തിയെന്ന് എക്‌സിലൂടെയാണ് അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി തുടരുക എന്ന സന്ദേശവും യുഎസ് അംബാസഡര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അനന്തമായി നീളുന്നതിനിടെയാണ് ട്രംപ്‌മോദി സംഭാഷണത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നതില്‍ പ്രകോപിതനായ ട്രംപ് 50% തീരുവ ചുമത്തിയിരുന്നു.

കൃഷി, വസ്ത്രവ്യാപാരം, ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍ എന്നീ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. ശീതീകരിച്ച ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയില്‍ 90 ശതമാനത്തോളം ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ നീങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ മോദിക്കൊപ്പമുള്ള 'ഇന്ത്യ ടുഡേ' വാരികയുടെ കവര്‍ ചിത്രം പങ്കുവെച്ചിരുന്നു. 'ദി മൂവര്‍ ആന്‍ഡ് ഷേക്കര്‍' എന്ന പേരിലുള്ള കവര്‍ ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരകരാറിന് പിന്നാലെ യുഎസുമായുള്ള വ്യാപാര കരാറിന് വേഗത കൈവന്നിരുന്നു. അതേസമയം, വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

പുതിയ കരാര്‍ പ്രകാരം അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഇന്ധനവും സാങ്കേതികവിദ്യയും ഇന്ത്യ വാങ്ങും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന 25 ശതമാനം നികുതി 18 ശതമാനമായി കുറക്കുന്നതോട് നികുതി കുറയ്ക്കുന്ന നടപടികളുമായി ഇന്ത്യയും സഹകരിക്കും. റഷ്യന്‍ എണ്ണയ്ക്ക് പകരമായി വെനിസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്ക അനുമതി നല്‍കിയേക്കും.

വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. വെനസ്വേലന്‍ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വെനസ്വേലയുമായുള്ള വ്യോമാതിര്‍ത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികള്‍ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എണ്ണ വ്യവസായമേഖലയില്‍ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബില്‍ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ വലിയ വ്യാപാര കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് അമേരിക്കയുമായും നിര്‍ണ്ണായക ധാരണയിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക വീണ്ടും മാറുമെന്നതാണ് ശ്രദ്ധേയം.