വാഷിങ്ടണ്‍: ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും. ഇറാന്‍ ഭരണകൂടത്തില്‍നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നും ട്രംപ് ന്യായീകരിച്ചു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനുനേരെ യു.എസും ഇസ്രായേലും സംയുക്തമായാണ് ആക്രമണം നടത്തിയത്. ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ഇറാനിലെ സൈനിക നടപടി ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ഭരണകൂടത്തില്‍നിന്ന് അമേരിക്കന്‍ ജനതക്കുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലേത് അനിവാര്യ ആക്രമണമാണെന്ന് പറഞ്ഞ ട്രംപ്, ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.

ആണവ നിര്‍വ്യാപന കരാറിലെത്തുന്നതിന് ഇറാന്‍ സഹകരിച്ചില്ല. അമേരിക്കന്‍ ജനതയുടെ രക്ഷക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നടത്തിയത് യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണമാണെന്ന വിവരം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കുന്നതിനുമാണെന്ന് ട്രംപ് അടിവരയിട്ടു വ്യക്തമാക്കിയത്.




ഇറാന്‍ ഭരണകൂടത്തെ പിഴുതെറിയാനും ട്രംപ് ആഹ്വാനം ചെയ്തു. ഇറാനില്‍ നടന്നു വരുന്ന വ്യോമാക്രമണങ്ങളുടെ ലക്ഷ്യം അവിടുത്തെ ഭരണമാറ്റമാണെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. 'ഞങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ ഭരണം നിങ്ങള്‍ ഏറ്റെടുത്തോളൂ' എന്ന് ഇറാനിയന്‍ ജനതയോട് ട്രംപ് ആഹ്വാനം ചെയ്തു. എട്ടു മിനിറ്റ് നീണ്ട വികാരനിര്‍ഭരമായ വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

'കീഴടങ്ങുക, അല്ലെങ്കില്‍ മരണം'

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്കും സൈന്യത്തിനും പോലീസിനും ട്രംപ് അന്ത്യശാസനം നല്‍കി. 'ആയുധം താഴെ വെക്കുക, നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സുരക്ഷ ഉറപ്പുനല്‍കുന്നു. അല്ലെങ്കില്‍ നേരിടേണ്ടി വരിക ഉറപ്പായ മരണമായിരിക്കും,' ട്രംപ് മുന്നറിയിപ്പ് നല്‍കി. കീഴടങ്ങുന്നവര്‍ക്ക് മാപ്പു നല്‍കുമെന്നും എന്നാല്‍ പ്രതിരോധിക്കുന്നവര്‍ക്ക് ദയയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാന്‍ ജനതയെയും ട്രംപ് അഭിസംബോധന ചെയ്തു.

'നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പുലരി അടുത്തു കഴിഞ്ഞു. വീടിനുള്ളില്‍ തന്നെ ഇരിക്കുക, പുറത്തിറങ്ങുന്നത് അപകടമാണ്. എല്ലായിടത്തും ബോംബുകള്‍ വര്‍ഷിക്കപ്പെടും. ഞങ്ങള്‍ ഇത് അവസാനിപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം. വരും തലമുറകള്‍ക്ക് ലഭിക്കാനിടയുള്ള ഏക അവസരമാണിത്. വര്‍ഷങ്ങളായി ഇറാന്‍ ജനത ആവശ്യപ്പെട്ടുകൊണ്ടിരുന്ന സഹായം ഇപ്പോള്‍ അമേരിക്ക എത്തിച്ചിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഭീമമായ ശക്തിയോടെയും വിനാശകരമായ കരുത്തോടെയുമാണ് അമേരിക്ക ഇറാനെ നേരിടുന്നത്. സ്വന്തം വിധി നിര്‍ണ്ണയിക്കാനും ഐശ്വര്യപൂര്‍ണ്ണമായ ഭാവി കെട്ടിപ്പടുക്കാനുമുള്ള ഈ നിമിഷം പാഴാക്കരുതെന്നും അദ്ദേഹം ഇറാന്‍ ജനതയെ ഓര്‍മ്മിപ്പിച്ചു.




ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണോ അതോ രക്തച്ചൊരിച്ചിലിനാണോ വഴിവെക്കുക എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ യൂനിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേല്‍ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്രായേല്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. അടിയന്തര സേവനം ഒഴികെ സ്‌കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താല്‍ക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിലവില്‍ ഷെല്‍ട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അത്യാധുനിക യുദ്ധകപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വിന്യസിച്ച് പശ്ചിമേഷ്യയില്‍ യു.എസ് തങ്ങളുടെ സൈനികശേഷി ശക്തമാക്കിയിരുന്നു.