- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസിന് മുന്നറിയിപ്പു നല്‍കി ട്രംപ്; വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് പോകാനിരിക്കെ മുന്നറിയിപ്പ്; എത്ര ബന്ദികള്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ല
താന്‍ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണം
വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ധികളേയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
'സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും. അത് ഹമാസിനോ മറ്റാര്‍ക്കെങ്കിലുമോ ഗുണകരമാകില്ല. അതേപ്പറ്റി കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. വളരെ നേരത്തെതന്നെ അവര്‍ തിരിച്ചെത്തേണ്ടതാണ്. ഇനിയും അധികകാലം അവര്‍ ബന്ദികളായി തുടരില്ല. ഇസ്രയേലികളടക്കം തന്റെ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കള്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. അവരുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചര്‍ച്ചകള്‍ തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് കരാര്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും - ട്രംപ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇസ്രയേലുമായി വൈകാതെ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്ന കരാറിന്റെ ഭാഗമായി 34 ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇവരുടെ പട്ടിക ഹമാസ് കൈമാറി. എന്നാല്‍, ഇവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന വിവരം ഹമാസ് നല്‍കിയിട്ടില്ല. 2024 ജൂലായില്‍ മധ്യസ്ഥര്‍വഴി ഇസ്രയേല്‍ കൈമാറിയതാണ് 34 ബന്ദികളുടെ പട്ടികയെന്നും ഹമാസ് ഉണ്ടാക്കിയതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു.
ഇസ്രയേല്‍ നല്‍കിയ പട്ടികയിലെ 34 പേരെയും ബന്ദിമോചനക്കരാറിന്റെ ആദ്യഘട്ടമായി വിട്ടയക്കാന്‍ തീരുമാനിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോട് ഹമാസ് പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയുമാകും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുക. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് 251 പേരെയാണ് ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോയത്. ഇതില്‍ 80 പേരെ 2023 നവംബറിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ക്കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.
240 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ബാക്കി 96 പേര്‍ ഗാസയിലുണ്ട്. 34 ബന്ദികള്‍ മരിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. വെടിനിര്‍ത്തല്‍ക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്‍ണി ബ്ലിങ്കന്‍ തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍, ജനുവരി 20-ന് ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായി ചുമതലയേറ്റശേഷമേ ഇതുണ്ടാകാനിടയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 15 മാസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ 45,805 പേര്‍ മരിച്ചു.
ഇതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലുകാരുമായിപ്പോയ ബസിനുനേരേ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പലസ്തീന്‍ ഗ്രാമമായ അല്‍-ഫുണ്ടൂഖിലാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം വെസ്റ്റ് ബാങ്കില്‍ ആക്രമണങ്ങള്‍ കൂടിയിട്ടുണ്ട്.