- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വാഴ്ചയ്ക്കകം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും; സമയപരിധി പാലിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; ബന്ദി മോചനം വൈകിപ്പിക്കുന്നത് കരാറിന്റെ പൂര്ണലംഘനമെന്ന് ഇസ്രയേല്‍; ട്രംപിന്റെ ഭീഷണിയുടെ ഭാഷ വിലപ്പോവില്ലെന്ന് ഹമാസും
ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൊവ്വാഴ്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍, കാര്യങ്ങള്‍ വഷളാകുമെന്നാണ് മുന്നറിയിപ്പ്.
എന്താണ് അര്‍ഥമാക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'നിങ്ങള്‍ കാണാനിരിക്കുന്നതേയുള്ളു. അവരും കാണാനിരിക്കുന്നതേയുള്ളു. ഞാന്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഹമാസിന് വൈകാതെ മനസ്സിലാകും', എന്നായിരുന്നു ട്രംപിന്റെ മറുപടി. വെടിനിര്‍ത്തല്‍ റദ്ദാക്കണോ എന്നത് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്്. എന്നാല്‍, താന്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍, ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കുന്നതാണ് ഉചിതമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ പുതിയ എകസിക്യൂട്ടീവ് ഉത്തരവുകള്‍ ഒപ്പിടുന്നതിടയാണ് ട്രംപിന്റെ പ്രസ്താവന.
ഗസ്സയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ശനിയാഴ്ച നടക്കാനിരുന്ന ബന്ദി മോചനം മാറ്റി വച്ചതായി ഹമാസ് വക്താവ് അറിയിച്ചിരുന്നു. വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാന്‍ ഫലസ്തീനികളെ അനുവദിക്കുന്നതിലെ കാലതാമസം, അവരെ വ്യോമാക്രമണം വഴി ലക്ഷ്യമിടുന്നത്. മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന വെടിവെപ്പ്, മാനുഷിക സഹായം എത്തിക്കുന്നത് വൈകിപ്പിക്കുന്നത്, തുടങ്ങിയ കാര്യങ്ങളാണ് ഇസ്രയേലിന് എതിരെ ഹമാസിന്റെ സായുധവിഭാഗമായ അല്‍ഖാസം ബ്രിഗേഡ്‌സ് വക്താവ് അബു ഒബേയ്ദ നിരത്തിയത്.
ബന്ദി മോചനം വൈകിപ്പിക്കാനുള്ള ഹമാസ് തീരുമാനം വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണലംഘനമാണെന്നും ഇസ്രയേല്‍ സൈന്യത്തോട് അതീവജാഗ്രതയോടെ ഇരിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാത്സ് പ്രതികരിച്ചു. ഘട്ടം ഘട്ടമായാണ് ഹമാസ് ബന്ദികളെ വിട്ടയയ്ക്കുന്നത്. ട്രംപിന്റെ അന്ത്യശാസനപ്രകാരം എല്ലാ ബന്ദികളെയും ചൊവ്വാഴ്ചയ്ക്കകം വിട്ടയയ്ക്കണമെന്നാണ്. ഗസ്സ വെടിനിര്‍ത്തലിനെ ട്രംപിന്റെ നിലപാട് കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബു സുഹ്‌റി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭീഷണിയുടെ ഭാഷയ്ക്ക് യാതൊരു വിലയുമില്ലെന്നും, അതുകാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.