- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാര്‍ഗ് ദ്വീപിനെ ചുട്ടെരിച്ച് അമേരിക്ക! ഇറാന്റെ എണ്ണക്കോട്ടയില്‍ മിന്നല്‍ ആക്രമണം; സമയപരിധി തീരും മുമ്പേ കളി കടുപ്പിച്ച് ട്രംപ്; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമോ യുഎസ് സൈന്യം? 3 കോടി ബാരല്‍ എണ്ണയും 90% കയറ്റുമതിയും അപകടത്തില്‍; തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി; പശ്ചിമേഷ്യയില്‍ യുദ്ധം ആറാം ആഴ്ചയിലേക്ക്
ഖാര്‍ഗ് ദ്വീപിനെ ചുട്ടെരിച്ച് അമേരിക്ക!

ടെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്കയുടെ മിന്നലാക്രമണം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യുഎസ് സൈന്യം ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 5:30) ഈ സമയപരിധി അവസാനിക്കാനിരിക്കുകയായിരുന്നു.
ഇതോടെ 'ക്ഷമയുടെ കാലം കഴിഞ്ഞു' എന്ന പ്രഖ്യാപനവുമായി ഇറാന്റെ കരുത്തരായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) രംഗത്തെത്തിക്കഴിഞ്ഞു. ആറാം ആഴ്ചയിലേക്ക് കടന്ന യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുകയാണോ എന്ന ആശങ്കയിലാണ്. ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ഏജന്‍സിയാണ് ആക്രമണ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖാര്‍ഗിലെ ആക്രമണത്തോടെ മേഖലയിലെ അസംസ്‌കൃത എണ്ണ വിതരണത്തില്‍ കടുത്ത തടസ്സമുണ്ടാക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചതായി മെട്രോ യുകെ (metro.uk) റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാനായി വാഷിംഗ്ടണ്‍ മുന്നോട്ടുവെച്ച മറ്റൊരു വെടിനിര്‍ത്തല്‍ പദ്ധതി കൂടി ഇറാന്‍ നിരസിച്ചതിന് പിന്നാലെയാണ് യുഎസ് ഈ ആക്രമണം നടത്തിയത്.
എണ്ണ-വാതക നീക്കം വര്‍ഷങ്ങളോളം' തടസ്സപ്പെടുത്തുമെന്ന് ഐആര്‍ജിസി
യുഎസുമായും അതിന്റെ സഖ്യകക്ഷികളുമായും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുമെന്നും, മേഖലയിലെ എണ്ണ-വാതക നീക്കം 'വര്‍ഷങ്ങളോളം' തടസ്സപ്പെടുത്തുമെന്നും ഐആര്‍ജിസി (IRGC) ഭീഷണിപ്പെടുത്തി. യുഎസ് സൈന്യം ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നത്.
കഴിഞ്ഞ മാസം, ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ നാവിക മൈന്‍ ശേഖരണശാലകളും മിസൈല്‍ ബങ്കറുകളും തകര്‍ത്തെങ്കിലും, എണ്ണ പശ്ചാത്തല സൗകര്യങ്ങളെ ആദ്യഘട്ടത്തില്‍ കാര്യമായി ബാധിച്ചിരുന്നില്ല. ഇറാന്റെ മൊത്തം അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന പ്രധാന ടെര്‍മിനലാണ് ഖാര്‍ഗ് ദ്വീപ്. ഏകദേശം 3 കോടി ബാരല്‍ എണ്ണ സംഭരിക്കാനുള്ള ശേഷി ഈ ദ്വീപിനുണ്ട്.
ഇറാന്‍ തീരത്തുനിന്ന് 16 മൈല്‍ അകലെയും, ഹോര്‍മുസ് കടലിടുക്കിന് ഏകദേശം 300 മൈല്‍ വടക്കുപടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്, കടുത്ത സുരക്ഷാ വലയത്തിലും ഒറ്റപ്പെട്ട നിലയിലുമായതിനാല്‍ 'നിരോധിത ദ്വീപ്' (Forbidden Island) എന്നാണ് അറിയപ്പെടുന്നത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഖാര്‍ഗ് ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇറാനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച ട്രംപ്, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും അതിനായി 48 മണിക്കൂര്‍ സമയപരിധി നിശ്ചയിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. റാനിയന്‍ സ്വത്തുക്കള്‍ ലക്ഷ്യം വെച്ചാല്‍ പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികളുടെ ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ 'ചാരമാക്കി മാറ്റുമെന്ന്' ഐആര്‍ജിസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


