ടെഹ്‌റാന്‍: ഇറാനില്‍ കരയുദ്ധത്തിന് ഒരുങ്ങുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. അമേരിക്കന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇറാന്‍ രംഗത്തെത്തിയത്. അമേരിക്കന്‍ കരസേനയുടെ വരവിനായി തങ്ങളുടെ സൈന്യം കാത്തിരിക്കുകയാണെന്നും അവരെ അഗ്‌നിക്കിരയാക്കാന്‍ ഇറാന്‍ മടിക്കില്ലെന്നും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'അമേരിക്ക, പരസ്യമായി ചര്‍ച്ചയുടെ സന്ദേശങ്ങള്‍ അയക്കുന്നു, എന്നാല്‍ രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നു'- ഗാലിബാഫ് കുറ്റപ്പെടുത്തി. യുഎസ് സൈനികര്‍ ഇറാന്‍ മണ്ണില്‍ കാലുകുത്താനായി തങ്ങള്‍ കാത്തിരിക്കുകയാണ്. അവരെ നേരിടാന്‍ സൈന്യം സജ്ജമാണ്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറയുന്ന ഡൊണാള്‍ഡ് ട്രംപ് അണിയറയില്‍ ആക്രമണത്തിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇറാനില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കാവുന്ന കരയുദ്ധത്തിനുള്ള പദ്ധതികള്‍ പെന്റഗണ്‍ തയ്യാറാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ 3,500 സൈനികരടങ്ങുന്ന 31-ാമത് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റ് മിഡില്‍ ഈസ്റ്റില്‍ എത്തിയതായി അമേരിക്കന്‍ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. കപ്പല്‍ മാര്‍ഗ്ഗമാണ് ഇവര്‍ മേഖലയില്‍ എത്തിയിരിക്കുന്നത്.

ഇറാന്‍-അമേരിക്ക സംഘര്‍ഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്, ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരസേനാ നീക്കത്തിന് പെന്റഗണ്‍ പദ്ധതിയിടുന്നതായി 'ദ വാഷിംഗ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി 3,500 യുഎസ് സൈനികര്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക ആംഫിബിയസ് അസ്സോള്‍ട്ട് കപ്പലിലാണ് സൈനികര്‍ എത്തിയിരിക്കുന്നത്. ഇതില്‍ മറീനുകളും കപ്പല്‍ പടയാളികളും ഉള്‍പ്പെടുന്നു. കടല്‍ വഴിയുള്ള ആക്രമണങ്ങള്‍ക്കും കരയിലേക്ക് നേരിട്ട് സൈന്യത്തെ ഇറക്കി പോരാടാനും ശേഷിയുള്ള സന്നാഹമാണിത്. ഹോട്മുസ് കടലിടുക്കിനും ഖാര്‍ഗ് ദ്വീപിനും സമീപം തന്ത്രപ്രധാനമായ സൈനിക വിന്യാസമാണ് അമേരിക്ക നടത്തുന്നത്.

ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് പകരം, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നല്‍ ആക്രമണങ്ങള്‍ക്കാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം പെന്റഗണ്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ അയ്യായിരത്തോളം മറീനുകളും 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് പാരാട്രൂപ്പര്‍മാരും മേഖലയില്‍ സജ്ജമാണ്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ സൈനിക നീക്കമില്ലാതെ തന്നെ ലക്ഷ്യങ്ങള്‍ നേടാമെന്ന് പ്രസ്താവിക്കുമ്പോഴും, പെന്റഗണിന്റെ യുദ്ധപദ്ധതികള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, ഇറാന്റെ ഡ്രോണുകളും മിസൈലുകളും അമേരിക്കന്‍ സൈനികര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഖാര്‍ഗ് ദ്വീപ് പോലുള്ള ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും അമേരിക്കയുടെ പ്രാഥമിക നീക്കങ്ങള്‍ എന്നാണ് സൂചന.

അമേരിക്ക പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇറാന്റെ സാമ്പത്തിക-സൈനിക നട്ടെല്ലുകളെ.ാണ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപില്‍ നിന്നാണ്. ഈ ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കും ്അമേരിക്ക നോട്ടമിടുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്ന ഈ പാതയില്‍ ഇറാന്‍ നാവികസേന വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിയന്ത്രിക്കുക എന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്.