- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി; ഇനിയും പലരെയും ലക്ഷ്യമിടാനുണ്ട്; താനും ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ട്; വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ട്'; തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹു
'ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി;

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറിച്ചായി. ഇതിന് മറുപടിയെന്നോണം നെതന്യാഹു കോഫി ഷോപ്പില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയും ഫേക്കാണ് എന്ന് അവകാശപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍, ഇപ്പോഴിതാ തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മറുപടിയുമായി നെതന്യാഹു രംഗത്തുവന്നു.
താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് പുതിയ വീഡിയോ പുറത്തുവിട്ടാണ് നെതന്യാഹുവിന്റെ രംഗപ്രവേശം. ഇറാന്‍ നേതൃത്വത്തെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച നടത്തുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നെതന്യാഹു താന്‍ സുഖമായിരിക്കുന്നു എന്ന് അറിയിച്ചത്. 'അതെ മൈക്ക്, ഞാന്‍ ജീവനോടെയുണ്ട്' എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
അലി ലാരിജാനി, ഗുലാംറേസ സുലൈമാനി എന്നീ രണ്ട് പ്രധാന ഇറാന്‍ നേതാക്കളെ ഇസ്രായേല്‍ വധിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. തന്റെ പക്കല്‍ ഒരു 'പഞ്ച് കാര്‍ഡ്' ഉണ്ടെന്നും അതില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റിയെന്നും ഇനിയും പലരെയും ലക്ഷ്യമിടാനുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവായുധ മോഹങ്ങള്‍ തകര്‍ക്കുക എന്നതും ഇറാന്‍ ജനതക്ക് നിലവിലെ ഭരണകൂടത്തെ മാറ്റാന്‍ അവസരം നല്‍കുക എന്നതുമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ഇസ്രായേല്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എക്‌സിലും ടെലിഗ്രാമിലും വ്യാപകമായി നിറയുന്നുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന വിഡിയോകള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് പ്രചാരണം. ഇതിനിടെയാണ് നെതന്യാഹുവിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പക്ഷേ, ആ വിഡിയോയില്‍ നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറുവിരലുകളുണ്ടായിരുന്നു.
ഇതോടെ വിഡിയോ എ.ഐ നിര്‍മിതമാണെന്ന ആരോപണവുമായി സമൂഹകമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തുവന്നു. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം വീണ്ടും സജീവമായി. ഇതിനു പിന്നാലെയാണ് ജറുസലേമിലെ ഒരു കോഫി ഷോപ്പില്‍നിന്ന് കാപ്പി കുടിക്കുന്ന വിഡിയോ നെതന്യാഹു എക്‌സ് അക്കൗണ്ടില്‍ പങ്കുവെക്കുന്നത്.
'താന്‍ മരിച്ചെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ' എന്ന കാമറാമാന്റെ ചോദ്യത്തിന്, 'എനിക്ക് കോഫി കുടിക്കാന്‍ തോന്നുന്നു' എന്ന് പരിഹസിച്ചുകൊണ്ടാണ് നെതന്യാഹു മറുപടി നല്‍കുന്നത്. തന്റെ കൈകളിലെ വിരലുകള്‍ കാണിച്ചുകൊണ്ട് താന്‍ ആരോഗ്യവാനാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈ വിഡിയോയാണ് എ.ഐ നിര്‍മിതമാണെന്നാണ് ആരോപണം.
അതിനിടെ ലാരിജാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇസ്രായേലിലെ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നൂറുകണക്കിന് ഡ്രോണുകളും മള്‍ട്ടിപ്പിള്‍ വാര്‍ഹെഡ് മിസൈലുകളുമാണ് ഇറാന്‍ വിക്ഷേപിച്ചത്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം. മധ്യ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലുകളും ഉപയോഗിച്ചു.
മധ്യ ഇസ്രായേലിലെ ഗുഷ് ഡാന്‍ മേഖലയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഹോളോണ്‍ നഗരത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു, അവയില്‍ ചിലതിന് തീപിടിക്കുകയും ചെയ്തു.
തലസ്ഥാനമായ തെല്‍ അവീവ് നഗരത്തിലെ നൂറിലധികം ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) അവകാശപ്പെടുന്നത്. തെല്‍ അവീവ് നഗരത്തിലെ റെയില്‍വെ സ്റ്റേഷനുകളടക്കം ആക്രമണത്തിനിരയായി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.


