ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂര്‍ എം പി കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതിന് പിന്നാലെ അനുനയിപ്പിച്ച് കൂടി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്. അതിന്റെ ഭാഗമായി, തരൂരിനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ച് സംസാരിച്ചു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍, കെസി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തിലാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

ശശി തരൂരിന്റെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പത്ത് ജന്‍പഥിലെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇന്ന് വൈകുന്നേരം 5:20 ഓടെ തുടങ്ങിയ കൂടിക്കാഴ്ച്ച 6:20 ഓടെ കൂടിക്കാഴ്ച്ച അവസാനിക്കുകയും അതിനുശേഷം ഇരുവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസിതിയിലെത്തുകയും ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നുമാണ് വിവരം. തരൂരിനെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുപോകാന്‍ തന്നെയാവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

തരൂരുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരും ചര്‍ച്ച നടത്തി. ലേഖന വിവാദത്തില്‍ കേരളത്തിലെ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു.

പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകാതെയുള്ള അനുനയ ചര്‍ച്ചയാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. തന്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂര്‍ രാഹുല്‍ ഗാന്ധിയോടും ഖാര്‍ഗെയോടും വിശദീകരിച്ചത്. കൂടിക്കാഴ്ചകള്‍ക്ക് ശേഷം പത്ത് ജന്‍പഥിന്റെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് ശശി തരൂര്‍ മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കാനായിരുന്നു ഇത്.

എല്ലാം കൂളാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാണ് ശശി തരൂര്‍ വന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ശശി തരൂര്‍ ഉള്ളതെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. അതിനുപുറമേ പ്രതിപക്ഷ നേതാവ് അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിന്റെ നിലപാടിനെ ഖണ്ഡിച്ച് രംഗത്തെത്തി. തരൂരിന് താന്‍ നല്ല ഉപദേശം നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാമായിട്ടും തരൂര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് രാഹുല്‍ ഗാന്ധി തരൂരിനെ വിളിപ്പിച്ചത്.

അതിനിടെ, ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുളള യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നീക്കത്തിന് കെപിസിസി വിലക്കേര്‍പ്പെടുത്തി. രാവിലെ തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഹെഡ് പോസ്റ്റോഫീസ് പരിസരത്തെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.