മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമ്മേളന പ്രതിനിധികള്‍. മധുരയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ അണിഞ്ഞാണ് പ്രതിനിധികളെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള നേതാക്കളെല്ലാം കഫിയ ധരിച്ച് പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കി. സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ചു.

പലസ്തീന് പിന്തുണ അറിയിച്ചു പ്രമേയവും അവതിരിപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രമേയം അവതരിപ്പിച്ചു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയാണെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയം അവതരിപ്പിച്ചതിന് ശേഷം പ്രതിനിധികള്‍ മുദ്രാവാക്യവും മുഴക്കി. അതേസമയം, വഖഫ് ബില്ലിനെതിരായ പോരാട്ടം തുടരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗ ബൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ലമെന്റെില്‍ സിപിഎം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പാര്‍ലമെന്റിന് പുറത്തും സിപിഎം ശക്തമായ പ്രതിഷേധം തുടരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെള്ളിയാഴ്ച പൊതുചര്‍ച്ചയ്ക്ക് സിപിഎം പോളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് മറുപടി നല്‍കും. വ്യാഴാഴ്ച ഫെഡറലിസം ഇന്ത്യയുടെ കരുത്ത് എന്ന് വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്ന് പ്രകാശ് കാരാട്ട് സെമിനാറില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എന്‍.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

അതേസമയം, കേരള മോഡല്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രമേയം ഇന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. കേരള സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രമേയം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യ വ്യാപകമായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടും.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുചര്‍ച്ചയില്‍ കേരളത്തിലെ ഭരണത്തിന് പ്രശംസ. തുടര്‍ച്ചയായി ഭരണം നേടിയത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയമെന്നാണ് ഝാര്‍ഖണ്ഡില്‍നിന്നുള്ള പ്രതിനിധിയുടെ പരാമര്‍ശം. പാര്‍ട്ടിയില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലങ്കാനയില്‍നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു.

ഉച്ചവരെയുള്ള ചര്‍ച്ചയില്‍ 18 പേരാണ് പങ്കെടുത്തത്. നേതാക്കളെ വിലയിരുത്തേണ്ടത് പ്രവര്‍ത്തനം നോക്കിയാണെന്നും പ്രായപരിധി നോക്കിയല്ലെന്നും ചര്‍ച്ചയില്‍ ഒരുപ്രതിനിധി അഭിപ്രായപ്പെട്ടു. പ്രായപരിധി സംബന്ധിച്ച് മറ്റ് പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തുടര്‍ച്ചയായി ഭരണത്തിലെത്താന്‍ സാധിച്ചത് എന്നാണ് ഝാര്‍ഖണ്ഡില്‍നിന്നുള്ള പ്രതിനിധിയുടെ പരാമര്‍ശം.

തെലങ്കാനയില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് സംസ്ഥാനത്തുനിന്നുള്ള പ്രതിനിധിയുടെ സ്വയംവിമര്‍ശനം. തെലങ്കാന തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെന്നും ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി. സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതികളും 84 നിര്‍ദേശങ്ങളും അവതരിപ്പിച്ചെന്ന് ബൃന്ദാ കാരാട്ട് വ്യക്തമാക്കി. 133 ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ചയും തുടരും. മേയ് 20-ലെ രാജ്യവ്യാപക തൊഴിലാളി പണിമുടക്കിന് പിന്തുണ നല്‍കുമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.