- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കും നോക്കുകൂലി ; ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ? കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍; പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍
കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്ന് തുറന്നടിച്ച് നിര്‍മ്മല സീതാരാമന്‍.
ന്യൂഡല്‍ഹി: കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്ന് തുറന്നടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ നോക്കുകൂലി വിഷയം ഉന്നയിച്ചാണ് ധനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നില്‍. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്ന് മന്ത്രി ആരോപിച്ചു. കേരളത്തില്‍ ഇപ്പോള്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് നിര്‍മ്മല സീതാരാമന്റെ പരാമര്‍ശം. ചര്‍ച്ചയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അതിന് ശേഷം, സിപിഎമ്മിന്റെ മുതിര്‍ന്ന അംഗം ബികാസ് രഞ്ജന്‍ ഭട്ടാചാര്യ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണിസത്തെയും വിമര്‍ശിക്കുകയായിരുന്നു.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.
കേരളത്തിലേക്ക് ബസില്‍ ഒരാള്‍ പോയി ഇറങ്ങിക്കഴിഞ്ഞാല്‍ ബാഗ് പുറത്തേക്കെടുക്കണമെങ്കില്‍ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാര്‍ഡുള്ള ആള്‍ക്ക് അതേ പോലെ പണം നല്‍കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ പ്രസംഗത്തിനിടെ, പി. സന്തോഷ് കുമാര്‍ എം.പി. നിര്‍മ്മല പയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു.
അതോടെ, സന്തോഷ് കുമാറിനെയും മന്ത്രി വെറുതെ വിട്ടില്ല. കമ്യൂണിസത്തേയും കമ്യൂണിസത്തിന്റെ ഭാഗമായി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എന്റെ വായിലേക്ക് തിരുകാന്‍ ശ്രമിക്കേണ്ട എന്ന് ധനമന്ത്രി മറുപടി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രണ്ടുദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവര്‍ പറഞ്ഞു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ചെയറിന്റെ അനുമതി ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രി പറഞ്ഞതെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.