- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നണി മര്യാദ പാലിച്ച് കുറ്റ്യാടി കഴിഞ്ഞ തവണ സ്വയം വിട്ടുനല്‍കി; ഇക്കുറി ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റെങ്കിലും തരുമോയെന്ന് കെഞ്ചി; വാഗ്ദാനങ്ങള്‍ വെറുംവാക്കായി; ജോസ് കെ. മാണിയെ 'കുഴിയില്‍ ചാടിച്ച്' സിപിഎം; 13-ാം സീറ്റ് വെറും സ്വപ്നം മാത്രം! ഇടതുമുന്നണിയില്‍ വഞ്ചിക്കപ്പെട്ടോ കേരള കോണ്‍ഗ്രസ് എം?
ഇടതുമുന്നണിയില്‍ വഞ്ചിക്കപ്പെട്ടോ കേരള കോണ്‍ഗ്രസ് എം?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത് 12 സീറ്റിലേക്ക് മാത്രം. കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ട പതിമൂന്നാമത്തെ സീറ്റ് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ട 13-ാം സീറ്റ് നല്‍കാതെ 12 സീറ്റുകളില്‍ ഒതുക്കാനാണ് സിപിഎം തീരുമാനം. സ്വന്തം സിറ്റിംഗ് സീറ്റുകളായ കുറ്റ്യാടിയും പേരാമ്പ്രയും കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടെങ്കിലും അവ വിട്ടുനല്‍കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കി. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ സജീവമായതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നും, മറ്റ് ഘടകകക്ഷികളുടെ സീറ്റുകള്‍ എടുത്തുനല്‍കാന്‍ സാധ്യമല്ലെന്നും സിപിഎം അറിയിച്ചിട്ടുണ്ട്. 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) വൈകാതെ പ്രഖ്യാപിച്ചെങ്കിലും, പതിമൂന്നാമത്തെ സീറ്റിനായുള്ള സമ്മര്‍ദ്ദം തുടരുകയാണ്.
സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണിയില്‍ കടുത്ത അമര്‍ഷത്തിലാണ് ജോസ് കെ. മാണി വിഭാഗം. കോഴിക്കോട് ജില്ലയില്‍ തങ്ങള്‍ക്ക് കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പൂര്‍ണ്ണമായും തഴഞ്ഞുകൊണ്ട് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് അമര്‍ഷത്തിന് കാരണം. സിപിഎം തങ്ങളോട് 'വിശ്വാസവഞ്ചന' കാട്ടിയെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരുന്നു. എന്നാല്‍, സിപിഎം പ്രവര്‍ത്തകരുടെ പരസ്യമായ പ്രതിഷേധത്തെ തുടര്‍ന്ന് മുന്നണി മര്യാദ പാലിച്ച് ജോസ് കെ. മാണി വിഭാഗം സീറ്റ് സ്വയം വിട്ടുനല്‍കുകയായിരുന്നു. അടുത്ത തവണ സീറ്റ് തിരികെ നല്‍കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ അന്ന് ഉറപ്പുനല്‍കിയിരുന്നതായി മാണി വിഭാഗം പറയുന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് അന്ന് ഇവിടെ വിജയിച്ചത്. എന്നാല്‍, ഇത്തവണയും കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വെറുംവാക്കായി മാറിയെന്ന് മാണി വിഭാഗം ജില്ലാ നേതൃത്വം കുറ്റപ്പെടുത്തുന്നു.
കുറ്റ്യാടി ലഭിക്കില്ലെങ്കില്‍, ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മറ്റൊരു പ്രതീക്ഷ. മുഹമ്മദ് ഇഖ്ബാലിനെ ഇവിടെ സ്ഥാനാര്‍ഥിയായി ഏകദേശം ഉറപ്പിക്കുകയും അദ്ദേഹം മണ്ഡലത്തില്‍ സജീവമാവുകയും ചെയ്തിരുന്നു. എന്നാല്‍, നിലവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയില്‍ നിലനിര്‍ത്താനാണ് സിപിഎം തീരുമാനിച്ചത്. ഇതും മാണി വിഭാഗത്തിന് കടുത്ത നിരാശയുണ്ടാക്കി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥികള്‍
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
പാര്‍ട്ടി പ്രഖ്യാപിച്ച മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: ഇടുക്കി- റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി- എന്‍ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണന്‍, തൊടുപുഴ- സിറിയക് ചാഴിക്കാടന്‍, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂര്‍ - മാത്യു കുന്നപ്പള്ളി, കടുത്തുരുത്തി - നിര്‍മ്മല ജിമ്മി, പെരുമ്പാവൂര്‍- ബേസില്‍ പോള്‍ എന്നിവരാണ് മത്സരിക്കുന്നത്.
കടുത്തുരുത്തി സീറ്റില്‍ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മല ജിമ്മിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസിനെ പരിഗണിക്കാന്‍ ആലോചന നടന്നിരുന്നു. എന്നാല്‍ ഒടുവില്‍ നിര്‍മ്മല ജിമ്മിയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ ഏപ്രില്‍ 9-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐയും സിപിഎമ്മും, ഇന്ന് ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 9-ന് പോളിംഗ് നടക്കും. തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് ഏപ്രില്‍ 23-നാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിടുമ്പോള്‍, അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.


